അത് കേട്ടതും സുഷിന്‍ ബള്‍ബ് കത്തിയപോലെ കമ്പോസിങ് മുറിയിലേക്ക് ഓടി...

ചെന്നൈയിലെ ബിരുദപഠനകാലം. ഒഴിവുസമയങ്ങളില്‍ മുറിയിലിരുന്ന് സുഹൃത്ത് വിഷ്ണുവിന്റെ ഈണത്തിന് വരികളെഴുതുമ്പോള്‍ കുഞ്ഞുസ്വപ്‌നങ്ങളേ വിനായകിന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ആ ആത്മവിശ്വാസത്തില്‍ സിനിമയിലേക്ക് ചുവടുവച്ചതോടെ വിനായകിന്റെ പാട്ടുലോകം വലുതായി. സംവിധായകനായ സമീര്‍ താഹിറിന്റെ നമ്പര്‍ തപ്പിപ്പിടിച്ച് അവസരം ചോദിക്കാന്‍ വിളിക്കുമ്പോള്‍ പ്രതീക്ഷയുടെ ഒരു മെഴുകുതിരി മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. റെക്സ് വിജയനും സമീര്‍ താഹിറും വിനായകിന്റെ വരികള്‍ക്ക് പച്ചക്കൊടി കാട്ടിയതോടെ പാട്ടിന്റെ പറുദീസയില്‍ പുതിയ വരികളുടെ പവിഴമഴ പെയ്തുതുടങ്ങി. ആരാധികേയും പവിഴമഴയേയും തനിയേ മിഴികള്‍ തുളുമ്പിയേയും പോലുള്ള എവര്‍ഗ്രീന്‍ മെലഡികളും പറുദീസയും തലതെറിച്ചവര്‍ ഒട്ടാകെ വാഴുന്ന കൊട്ടാരവും പോലുള്ള ഹിറ്റ് നമ്പറുകളും യഥേഷ്ടം വിനായക് ശശികുമാറിന്റെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞു.
പത്തുവര്‍ഷം, നൂറിലേറെ സിനിമകള്‍, എ.ആര്‍. റഹ്മാനും വിദ്യാസാഗറും മുതല്‍ സുഷിന്‍ ശ്യാമും വിഷ്ണു വിജയും വരെ പലതലമുറ സംഗീതസംവിധായകര്‍ക്കൊപ്പം പാട്ടുകള്‍. ഹിറ്റുകളില്‍നിന്ന് ഹിറ്റുകളിലേക്ക് സഞ്ചാരം തുടരുകയാണ് വിനായക് ശശികുമാര്‍. ഓണവെയില്‍ തിരിനീട്ടിയ പകലില്‍ കാക്കനാട്ടെ ഫ്‌ളാറ്റിലിരുന്ന് ജീവിതപങ്കാളി അഞ്ജലിക്കൊപ്പം ആ പാട്ടുകഥകള്‍ വിനായക് പറയുന്നു.
ഗാനരചനയിലേക്ക് എത്തിയത് എങ്ങനെയാണ്?
ചെന്നൈയിലായിരുന്നു എന്റെ പഠന കാലം. ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. ഹിന്ദിയായിരുന്നു രണ്ടാംഭാഷ. അതുകൊണ്ട് മലയാളം കൂടുതല്‍ പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. അത്യാവശ്യം സാഹിത്യകൃതികള്‍ വായിക്കുമായിരുന്നു. പാട്ട് കേള്‍ക്കുകയും സിനിമ കാണുകയുമായിരുന്നു ഇഷ്ടവിനോദങ്ങള്‍. സാഹിത്യത്തേക്കാള്‍ സിനിമയോടായിരുന്നു അഭിനിവേശം. സ്‌കൂള്‍ കാലത്ത് കീ ബോര്‍ഡും ശാസ്ത്രീയസംഗീതവുമൊക്കെ അഭ്യസിച്ചിട്ടുണ്ട്. അന്ന് സംഗീതസംവിധാനം ചെയ്യണമെന്നതായിരുന്നു ആഗ്രഹം. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോള്‍ സംഗീതം ചെയ്യാനായാണ് ആദ്യമായി പാട്ടെഴുതുന്നത്. പിന്നീട് കോളേജ് കാലത്ത് സുഹൃത്തായ വിഷ്ണുവിനുവേണ്ടി വരികള്‍ എഴുതിയാണ് പാട്ടെഴുത്തില്‍ ആത്മവിശ്വാസം വന്നത്.
ദിവസവും അവന്‍ വീട്ടില്‍ വരും. പാട്ട് കമ്പോസ് ചെയ്യും. അപ്പോള്‍തന്നെ ഞാന്‍ വരി എഴുതും. ചെയ്ത പാട്ടുകള്‍ ആദ്യം കേള്‍ക്കാറുള്ളത് എന്റെ അമ്മയും അച്ഛനുമൊക്കെയാണ്. അവര്‍ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ സിനിമയില്‍ ഒരുകൈ നോക്കാം എന്ന് തോന്നി. അങ്ങനെ അവസരങ്ങള്‍ അന്വേഷിച്ച് ഇറങ്ങി. ആ ഒരു ആഗ്രഹത്തിലാണ് ഇവിടെവരെ എത്തിയതും. സുഹൃത്ത് വിഷ്ണു ശ്യാമും ഇന്ന് അറിയപ്പെടുന്ന സംഗീതസംവിധായകനാണ്. ജീത്തുജോസഫിന്റെ 'കൂമന്‍', 'റാം' എന്നീ സിനിമകള്‍ക്ക് വിഷ്ണുവാണ് സംഗീതം ചെയ്തത്.
ഏതുതരം പാട്ടുകളാണ് ചെറുപ്പത്തില്‍ കേട്ടിരുന്നത് ?
കൂടുതലും ഇന്ത്യന്‍ സിനിമാഗാനങ്ങളായിരുന്നു. അവയില്‍ വിദ്യാസാഗര്‍ സംഗീതം ചെയ്ത പാട്ടുകളോടായിരുന്നു പ്രിയം. അതുപോലെ പഴയ പാട്ടുകളില്‍ എം.എസ്. ബാബുരാജ്, ഭാസ്‌കരന്‍ മാഷ് എന്നിവരുടെ പാട്ടുകളോടായിരുന്നു ഇഷ്ടക്കൂടുതല്‍.
'നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി' എന്ന സിനിമയാണ് കരിയര്‍ ബ്രേക്കായത്. ആ ഓര്‍മകള്‍ പറയാമോ...?
'കുട്ടീം കോലും' എന്ന സിനിമയ്ക്കാണ് ഞാന്‍ ആദ്യം പാട്ടെഴുതിയത്. ആ ധൈര്യത്തിലാണ് സമീര്‍ താഹിറിനെ വിളിക്കുന്നത്. 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി 'എന്ന സിനിമ നടക്കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. സമീര്‍ക്കയെ വിളിച്ച് പരിചയപ്പെട്ടു. എവിടെയാണ് താമസം എന്നദ്ദേഹം ചോദിച്ചു. ചെന്നൈയില്‍ നുഗംബക്കത്താണെന്ന് പറഞ്ഞപ്പോള്‍ അവര്‍ സാലിഗ്രാമത്തിലുണ്ടെന്നും നേരിട്ട് വരൂ എന്നും പറഞ്ഞു. സാലിഗ്രാമത്തിലെത്തി സമീര്‍ക്കയെ കണ്ടു. സംഗീതസംവിധായകനായ റെക്സ് വിജയന്‍ അടുത്ത ദിവസം വരുമെന്നും പാട്ട് എഴുതി ഓക്കെയാവുകയാണെങ്കില്‍ മുന്നോട്ടുപോകാം എന്നും പറഞ്ഞു. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുകയാണ്. ഉച്ചയ്ക്ക് 1.30 മുതല്‍ ആറുമണിവരെയാണ് ക്ലാസ്.
പിറ്റേന്ന് രാവിലെതന്നെ ഞാന്‍ സാലിഗ്രാമിലെത്തി. നാലുപാട്ടുകളില്‍ ഒന്ന് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയിരുന്നു. എനിക്ക് ഒരു പാട്ടിന്റെ സന്ദര്‍ഭം വിവരിച്ചു തന്നു. രണ്ടുമണിക്കൂര്‍കൊണ്ട് ഞാന്‍ പാട്ടെഴുതി റെക്സേട്ടനെ ഏല്‍പ്പിച്ചു. ദൂരെ ദൂരെ... എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. ശേഷം കോളേജിലേക്ക് പോയി. ക്ലാസിലിരിക്കുമ്പോള്‍ പാട്ട് എന്താകും എന്ന ടെന്‍ഷനായിരുന്നു ഉള്ളില്‍. വൈകീട്ട് 4.30 ആയപ്പോള്‍ സമീര്‍ക്ക വിളിച്ചു. പാട്ട് ഇഷ്ടപ്പെട്ടെന്നും ബാക്കി എഴുതാന്‍ വരൂ എന്നും പറഞ്ഞു. ക്ലാസ് പൂര്‍ത്തിയാക്കാതെ ഞാന്‍ സാലിഗ്രാമത്തിലേക്ക് ചെന്നു.
അന്നെനിക്ക് അവരോടൊപ്പം കസേരയില്‍ ഇരിക്കാന്‍പോലും ധൈര്യമുണ്ടായിരുന്നില്ല. ഞാന്‍ തറയില്‍ ഇരുന്നാണ് പാട്ടെല്ലാം എഴുതിയത്. ഒരു പുതിയ ലോകത്ത് എത്തിയ അനുഭൂതിയായിരുന്നു. അന്ന് റെക്സേട്ടനെ അസിസ്റ്റ് ചെയ്യുന്നത് സുഷിന്‍ ശ്യാമാണ്. അതുപോലെ സംവിധായകരായ അന്‍വര്‍ റഷീദ്, ജോണ്‍ പോള്‍ ജോര്‍ജ്, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, തുടങ്ങിയ പലരെയും അവിടെവെച്ചാണ് കാണുന്നത്. പിന്നീട് ഇവരൊക്കെ സിനിമ ചെയ്തപ്പോഴും പാട്ടെഴുതാന്‍ എന്നെ വിളിച്ചു.
മുഴുവന്‍ സമയ പാട്ടെഴുത്തുകാരനാകുന്നത് എപ്പോഴാണ്...?
പഠനം കഴിഞ്ഞ് ചെന്നൈയില്‍ 'ഫോഡി'ല്‍ ജോലി ചെയ്യുകയായിരുന്നു. ഇവിടെയല്ല നില്‍ക്കേണ്ടതെന്ന് അന്ന് മനസ്സ് പറയുന്നുണ്ട്. ആ കാലത്താണ് ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്ക് മലയാള സിനിമ മാറുന്നത്. ആരും ചെന്നൈയില്‍ വരാത്ത സ്ഥിതിയായി. വാട്സാപ്പിലും മെയിലിലുമൊക്കെയാണ് അന്ന് ഞാന്‍ പാട്ടെഴുതി അയച്ചുകൊണ്ടിരുന്നത്. നേരിട്ട് വരണമെന്നുപറഞ്ഞാല്‍ വെള്ളിയാഴ്ച രാത്രി ചെന്നൈയില്‍നിന്ന് ട്രെയിന്‍ കയറി കൊച്ചിയിലെത്തും. എന്നിട്ട് ശനിയും ഞായറും കൊണ്ട് പാട്ടെഴുതി തിരിച്ചുപോകും. ഒരുമിച്ച് ഇരുന്ന് പാട്ടുണ്ടാക്കുന്നതാണ് നല്ലതെന്നും അതിനായി എന്നോട് കൊച്ചിയിലേക്ക് മാറാനും സംഗീതസംവിധായകനായ രാഹുല്‍ രാജ് അന്ന് പറയാറുണ്ടായിരുന്നു.
അതേസമയത്താണ് സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. 'ഗപ്പി' യില്‍ ഞാനെഴുതിയ പാട്ടിന് മികച്ച ഗായകനുള്ള അവാര്‍ഡ് സൂരജ് സന്തോഷിന് കിട്ടി. പശ്ചാത്തലസംഗീതത്തിന് വിഷ്ണു വിജയ്ക്കും അവാര്‍ഡ്. ഞാന്‍ എന്തിനാണ് യോജിക്കാത്ത കോര്‍പ്പറേറ്റ് ജോലിയില്‍ തുടരുന്നതെന്ന് അപ്പോള്‍ ചിന്തിച്ചു. അങ്ങനെയാണ് രാജിവയ്ക്കുന്നതും മുഴുവന്‍ സമയ പാട്ടെഴുത്തുകാരനാകുന്നതും കൊച്ചിയിലേക്ക് വരുന്നതും.
മെലഡിയോടാണോ ഹിറ്റ് നമ്പറുകളോടാണോ പ്രിയം കൂടുതല്‍?
അതൊരു വല്ലാത്ത ചോദ്യമാണ്. ഉദാഹരണത്തിന്, എന്റെ പേര് ആള്‍ക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് 'ഗപ്പി'ക്കുശേഷമാണ്. സിനിമ ഇറങ്ങിയപ്പോള്‍ ആദ്യം ഹിറ്റായത് 'ഗബ്രിയേലിന്റെ...' എന്നുതുടങ്ങുന്ന പാട്ടാണ്. എന്നാല്‍ അതിലെ 'തനിയേ മിഴികള്‍...' എന്ന പാട്ടാണ് ഇപ്പോഴും ഹിറ്റായി നില്‍ക്കുന്നത്. ഇന്നും അതിനെക്കുറിച്ച് ഒരുപാടുപേര്‍ പറയാറുണ്ട്. അതുപോലെ 'അമ്പിളി' ചെയ്യുമ്പോള്‍, 'ഞാന്‍ ജാക്സണ്‍ അല്ലെടാ...' എന്ന പാട്ടായിരിക്കും ആദ്യം ഹിറ്റാവുകയെന്ന് ഞങ്ങള്‍ ഉറപ്പിച്ചിരുന്നു. 'ആരാധികേ...' എന്ന പാട്ട് മെല്ലെ കയറിവരുമെന്നായിരുന്നു പ്രതീക്ഷ. അതുപോലെ സംഭവിച്ചു. 'ആരാധികേ' എന്ന പാട്ട് ഇന്നും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസുകളിലും റീലുകളിലും സജീവമാണ്.
30 വര്‍ഷം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നിലനില്‍ക്കുന്നത് ഇത്തരം മെലഡികളായിരിക്കും. എന്നാല്‍, എഴുതുന്ന കാലത്ത് മാര്‍ക്കറ്റ് കൂട്ടാനും വൈറലാവാനും സ്പീഡ് ട്രാക്കിലുള്ള പാട്ടുകള്‍ സഹായിക്കും.
എന്റെ കരിയറിന്റെ ആദ്യഘട്ടത്തില്‍ മെലഡീസ് എഴുതാന്‍ ആരും എന്നെ സമീപിക്കാറുണ്ടായിരുന്നില്ല. ഒരുസിനിമയിലെ മൂന്നുപാട്ടുകളും എന്നെക്കൊണ്ട് എഴുതിക്കും. മെലഡിക്കുമാത്രം വേറേ ആളെ വിളിക്കും. ഇത് പതിവായപ്പോള്‍ ഞാന്‍ പലരോടും മെലഡിയെഴുതാന്‍ അവസരം ചോദിച്ചു. നമുക്ക് ശരിയാക്കാമെന്നുപറഞ്ഞെങ്കിലും ആരും മെലഡി തന്നില്ല. എന്നാല്‍, 'ഗപ്പി'യിലെ 'തനിയേ മിഴിക'ളും 'അമ്പിളി'യിലെ 'ആരാധിക'യും 'അതിരനി'ലെ 'പവിഴമഴ'യുമൊക്കെ ഹിറ്റായതോടെ മെലഡികള്‍ കൂട്ടത്തോടെ എഴുതാന്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി. ഫണ്‍ ടൈപ്പിലുള്ള പാട്ടുകള്‍ കുറഞ്ഞു. 'രോമാഞ്ച'വും 'ജയ ജയ ജയ ജയഹേ'യും വന്നപ്പോള്‍ ഇപ്പോള്‍ അതും മാറി. അങ്ങനെ ഒരുതരത്തിലും സ്റ്റാമ്പ് ചെയ്യപ്പെടാതെ എല്ലാ പാട്ടുകളും എഴുതാന്‍ കഴിയുന്നുവെന്നതില്‍ സന്തോഷമുണ്ട്. എല്ലാം സാധിക്കുന്നവര്‍ക്കുമാത്രമേ നിലനില്‍ക്കാന്‍ കഴിയൂവെന്ന് മുന്‍പേ നടന്നുപോയവര്‍ തെളിയിച്ചതാണ്, ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമൊക്കെ.
''നഗരമിതൊന്നാന്തരം,
അംബാനികള്‍ നൂറായിരം,
അതിലൊരു ധാരാവിയില്‍,
നീരാവിയായ് ഈ ജീവിതം.''
'രോമാഞ്ച'ത്തിലെ വരികളാണിത്, എവിടെനിന്നാണ് ഇത്ര രസകരമായ വരികള്‍ കിട്ടുന്നത്?
ഓരോ സിനിമയിലും ഓരോ രീതിയിലാണ് വരികളെഴുതുന്നത്. ചിലതില്‍ ആദ്യം പാട്ടെഴുതും; ചിലതില്‍ ഷൂട്ടിങ് സമയത്ത്. മറ്റുചിലതില്‍ എല്ലാം കഴിഞ്ഞശേഷം. ഷൂട്ടും എഡിറ്റുമൊക്കെ കഴിഞ്ഞ് ഫൈനല്‍ സ്റ്റേജിലാണ് രോമാഞ്ചത്തിലെ പാട്ടുകള്‍ ചെയ്തത്. അങ്ങനെ എഴുതുമ്പോള്‍ സിനിമയെക്കുറിച്ച് പൂര്‍ണമായൊരു ക്ലാരിറ്റി കിട്ടും.
ഞാനും സംവിധായകന്‍ ജിത്തുവും സംഗീതം ചെയ്ത സുഷിനും ദിവസങ്ങളോളം ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്തുണ്ടാക്കിയ പാട്ടുകളാണ് ഓരോന്നും.
ഉദാഹരണത്തിന് 'ആത്മാവേ പോ...' എന്ന ഗാനം. ഓജോ ബോര്‍ഡ് കളിച്ച് പ്രേതം കാരണം ഇവര്‍ ബുദ്ധിമുട്ടുകയാണ്. അതില്‍നിന്ന് പുറത്തുകടക്കാന്‍ ഓജോ ബോര്‍ഡ് കളിനിര്‍ത്തി. എന്നിട്ടും അതിന്റെ ഓര്‍മകളില്‍നിന്ന് പുറത്തുകടക്കാനാകുന്നില്ല - ഇതാണ് സാഹചര്യം. എന്തുപാട്ട് വേണമെന്ന് ഒരു ഐഡിയയുമില്ല, ട്യൂണുമില്ല, വരികളുമില്ല. അങ്ങനെ ഇരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ''ഗുഡ് സ്പിരിറ്റ് പ്ലീസ് കം' എന്നാണല്ലോ ഓജോ ബോര്‍ഡ് ചെയ്യുമ്പോള്‍ പറയുക. നമുക്കത് പ്ലീസ് ഗോ എന്നാക്കിയാലോ; 'ആത്മാവേ പോ' എന്നാക്കിയാലോ?''
''അതുമതി, സിനിമയിലും ഇതേ ഡയലോഗുണ്ട്.'' ജിത്തു പറഞ്ഞു. ഇതുകേട്ടതും ബള്‍ബ് കത്തിയപോലെ സുഷിന്‍ കമ്പോസിങ് മുറിയിലേക്ക് പോയി. ഞാനും ജിത്തുവും മുഖത്തോടുമുഖംനോക്കിയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ വാതില്‍തുറന്നുവന്ന് സുഷിന്‍ ട്യൂണോടുകൂടി പാടി 'ആത്മാവേ പോ...'
വിദ്യാസാഗര്‍ എന്നതൊരു മതമാണെങ്കില്‍ അതിന്റെ പ്രധാന പ്രചാരകനാണ് വിനായക് എന്ന് കേട്ടിട്ടുണ്ട്...
(ചിരിക്കുന്നു) ഞാന്‍ ചെന്നൈയിലായിരുന്നപ്പോള്‍ വിദ്യാസാഗറിനെ കാണാനായി പലദിവസങ്ങളിലും പോയി വീടിനുപുറത്തു കാത്തുനിന്നിട്ടുണ്ട്. എന്നാല്‍ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ പിറന്നാള്‍ദിനത്തില്‍ കേക്കുമായി ചെന്നു. അതുകണ്ടപ്പോള്‍ അദ്ദേഹം അകത്തേക്കു വിളിപ്പിച്ചു. സ്റ്റുഡിയോയില്‍ കൊണ്ടുപോയി കേക്ക് മുറിച്ചു. അന്നുതുടങ്ങിയ ബന്ധമാണ്. പിന്നീട് എല്ലാവര്‍ഷവും ജന്മദിനത്തിന് സാറിന്റെയടുത്ത് ചെല്ലും. 'സോളമന്റെ തേനീച്ചകള്‍', 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' തുടങ്ങിയ സിനിമകളില്‍ അടുത്തിടെ സാറിനുവേണ്ടി പാട്ടെഴുതാനും സാധിച്ചു.
ഇതുവരെയുള്ള പാട്ടുജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും?
എ.ആര്‍. റഹ്മാനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചില്ല. 'യോദ്ധ'യ്ക്കുശേഷം എ.ആര്‍. റഹ്മാന്‍ ചെയ്ത 'മലയന്‍കുഞ്ഞ്' എന്ന മലയാളസിനിമയ്ക്ക് പാട്ടെഴുതാന്‍ വിളിച്ചപ്പോള്‍ അതൊരു സ്വപ്‌നനിമിഷമായിരുന്നു. ഫഹദ് ഫാസിലാണ് എന്നെ സജസ്റ്റുചെയ്തത്. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ പലതും നടക്കാത്തപ്പോള്‍ നിരാശതോന്നും. അപ്പോള്‍, പ്രതീക്ഷിക്കാതെ നടന്ന കാര്യങ്ങളെക്കുറിച്ച് ഞാന്‍ ചിന്തിക്കും. സിനിമയെഴുതണമെന്ന മോഹമുണ്ട്. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വൈകാതെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: interview with lyricist vinayak sasikumar