'അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ തളര്‍ത്തി': മീന

മീന
മീന

'നെഞ്ചങ്കള്‍' എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റംകുറിച്ച മീന മലയാളികള്‍ക്ക് സുപരിചിതയാകുന്നത് പി.ജി. വിശ്വംഭരന്‍ സംവിധാനംചെയ്ത 'ഒരു കൊച്ചുകഥ ആരോടും പറയാത്ത കഥ' എന്ന ചിത്രത്തിലൂടെയാണ്. ആ ബേബി മീന പിന്നീട് ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഇന്ന് ആ യാത്ര നാലുപതിറ്റാണ്ട് കഴിഞ്ഞ് മുന്നോട്ട് സഞ്ചരിക്കുകയാണ്.

സിനിമയിലെ മാറ്റത്തിനൊപ്പം സഞ്ചരിക്കുകയും സ്വയം നവീകരിക്കുകയും ചെയ്ത അഭിനേത്രി എന്നതുതന്നെയാണ് മീനയുടെ വിജയം. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നതിങ്ങനെ: ''സിനിമയോടുള്ള ഇഷ്ടംതന്നെയാണ് എന്നെ ഇവിടെ പിടിച്ചുനിര്‍ത്തുന്നത്. ചെറുപ്രായത്തില്‍തന്നെ സിനിമയിലെത്തി മുന്നോട്ട് സഞ്ചരിച്ചയാളാണ്. സാമ്പ്രദായികമായ ഉന്നതവിദ്യാഭ്യാസമൊന്നും ഞാന്‍ നേടിയില്ല. സിനിമയിലൂടെതന്നെയാണ് വളര്‍ന്നത്. നാല്‍പ്പതുവര്‍ഷങ്ങള്‍ എന്ന് പറയുന്നത് തീര്‍ച്ചയായും വലിയ കാലയളവുതന്നെയാണ്. പ്രശസ്തിക്കും വരുമാനത്തിനുമപ്പുറം, ഇത്രയുംകാലം ജനങ്ങളാല്‍ സ്നേഹിക്കപ്പെടുന്നതും വലിയ സൗഭാഗ്യമാണ്. മലയാളസിനിമ എല്ലായ്‌പ്പോഴും എനിക്ക് വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഈ യാത്ര ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു.''

സിനിമയില്‍ നാലുപതിറ്റാണ്ട് പിന്നിട്ടു. വലിയ കാലയളവാണ്. അഭിമാനം തോന്നുന്ന നിമിഷമല്ലേ ഇത്?
തീര്‍ച്ചയായും, വളരെ അഭിമാനവും സന്തോഷവും തോന്നുന്നു. കാരണം ഇത് എല്ലാവര്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല. വളരെ മത്സരമുള്ള മാറ്റങ്ങളുള്ള ഒരു മേഖലയിലാണ്. അതോടൊപ്പം സഞ്ചരിക്കുക എന്നതാണ് നമ്മുടെ ധര്‍മം. എത്രകാലം അഭിനയിക്കാന്‍ സാധിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കുകയില്ല. നോ പെയിന്‍ നോ ഗെയിന്‍ എന്നാണല്ലോ പൊതുവേ പറയാറുള്ളത്. നാല്‍പ്പതാംവാര്‍ഷികത്തിലേക്ക് വരുമ്പോള്‍, ഇത്രയുംകാലത്തെ അഭിനയജീവിതത്തിനും എന്റെ കഥാപാത്രങ്ങള്‍ക്കും വലിയ അംഗീകാരം ലഭിച്ചിരിക്കുന്നു. പ്രേക്ഷകരോട് എല്ലാ കാലവും കടപ്പാടുള്ള ഒരാളാണ് ഞാന്‍. ഇത്രയുംകാലം നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ട്. എന്റെ മുന്നോട്ടുള്ള യാത്രയില്‍ തുടര്‍ന്നും എനിക്കൊപ്പം നില്‍ക്കുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷയും വിശ്വാസവും.

ദൃശ്യം സിനിമയില്‍നിന്ന്

ഈയിടെയാണ് സിനിമയിലെ നാല്പതുവര്‍ഷം ആഘോഷിച്ചത്. രജനികാന്തടക്കം ഒട്ടേറെ സഹതാരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നടന്മാരുടെ സിനിമാജീവിതം ആഘോഷിക്കുന്നതിനുവേണ്ടി വലിയ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, നടിമാര്‍ക്കുവേണ്ടി അത്തരം പരിപാടികള്‍ നടത്തുന്നത് വളരെ കുറവല്ലേ?
ശരിയാണ്, അഭിനേത്രികള്‍ക്കുവേണ്ടിയുള്ള ആഘോഷങ്ങള്‍ കുറവാണ്. എനിക്ക് ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നതിനൊപ്പം, മറ്റുള്ളവര്‍ക്കുകൂടി അവസരം ലഭിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി സിനിമയുടെ ഭാഗമായി ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത ധാരാളം അഭിനേത്രികള്‍ നമുക്കിടയിലുണ്ട്. അവരും ആഘോഷിക്കപ്പെടണം.

അമ്മയ്ക്ക് ആദരമായി അന്ന് മകള്‍ നൈനിക സംസാരിച്ചത് വലിയ ശ്രദ്ധനേടിയിരുന്നു...
നൈനിക സംസാരിക്കുന്നതിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. എന്റെ സ്വഭാവവുമായി മകള്‍ക്ക് വലിയ സാമ്യമുണ്ട്. അവള്‍ വീട്ടിലാണെങ്കില്‍പോലും അധികം സംസാരിക്കുകയോ ബഹളംവയ്ക്കുകയോ ചെയ്യാറില്ല. അവള്‍ സ്വയം മുന്നോട്ടുവരുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചില്ല. വലിയ സര്‍പ്രൈസായിരുന്നു. പക്വമായ ഭാഷയിലായിരുന്നു അവള്‍ സംസാരിച്ചത്. ഒരു അമ്മ എന്ന നിലയില്‍ വലിയ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. എന്റെ ജീവിതം അടുത്തുകണ്ടയാളാണ് അവള്‍. അവള്‍ക്കറിയുന്നതുപോലെ മറ്റൊരാള്‍ക്കും അറിയുമെന്ന് കരുതുന്നില്ല. എന്റെ സുഹൃത്തുക്കളും നൈനികയും ചേര്‍ന്നാണ് അങ്ങനെയൊരു പ്ലാന്‍ ഒരുക്കിയത്.

(നൈനിക ചടങ്ങില്‍ മീനയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍: ''അമ്മയെക്കുറിച്ച് എനിക്ക് ഒരുപാട് അഭിമാനമുണ്ട്. നാല്പതുവര്‍ഷമായി സിനിമയില്‍ ഇത്രയേറെ കഠിനാധ്വാനംചെയ്യുന്നതിന്. ഇത്രയേറെ നേട്ടങ്ങള്‍ കരസ്ഥമാക്കിയതിന്. പക്ഷേ, വീട്ടിലെത്തിയാല്‍ എന്റെ അമ്മ നടിയോ നായികയോ ഒന്നുമല്ല. സാധാരണക്കാരിയായ ഒരമ്മയാണ്. നാല്പതുവര്‍ഷത്തെ ഈ ആഘോഷം അമ്മയെ വളരെ സന്തോഷവതിയാക്കുമെന്ന് എനിക്കറിയാം. അപ്പ പോയതിനുശേഷം, അമ്മ ഒരുപാട് കരയുന്നത് കണ്ടിട്ടുണ്ട്. എനിക്കും സങ്കടം തോന്നിയിട്ടുണ്ട്. അമ്മാ, കുട്ടിക്കാലംമുതല്‍ എന്നെ നിങ്ങളാണ് നോക്കുന്നത്. ഇനിയങ്ങോട്ട് ഞാന്‍ അമ്മയെ ശ്രദ്ധിക്കാം. അമ്മ എന്നെയോര്‍ത്ത് അഭിമാനിക്കും. അമ്മയ്ക്ക് ഞാനൊരു വീടുണ്ടാക്കിത്തരും. നിറയെ ന്യൂസ് ചാനലുകള്‍ അമ്മയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ എഴുതിയിരുന്നു. എന്റെ അമ്മയും മനുഷ്യജീവിയാണ്. അവര്‍ക്ക് നോവും. നിങ്ങളോട് ആരെങ്കിലും ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക്  വിഷമമാവില്ലേ, അതുകൊണ്ട് ദയവായി ഇങ്ങനെ ചെയ്യരുത് ').

ബാലതാരമായാണ് അഭിനയിച്ചുതുടങ്ങുന്നത്. എങ്ങനെയാണ് ആ കാലഘട്ടത്തെ ഓര്‍ക്കുന്നത്?
ആദ്യമായി അഭിനയിക്കുമ്പോള്‍ സിനിമയെന്താണെന്നൊന്നും മനസ്സിലാകുന്ന പ്രായമായിരുന്നില്ല. അമ്മയാണ് എന്നെ അഭിനയിക്കാന്‍ കൊണ്ടുപോയിരുന്നത്. സംവിധായകര്‍ പറയുന്നതുപോലെ, എന്തൊക്കെയോ ഞാന്‍ ചെയ്യും. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമ ആസ്വദിക്കാന്‍ തുടങ്ങി. അതൊരിക്കലും അഭിനയത്തോടുള്ള ഇഷ്ടംകൊണ്ടായിരുന്നെന്ന് പറയാന്‍പറ്റില്ല. സെറ്റിലെത്തുമ്പോള്‍ പുതിയ ഉടുപ്പുകള്‍ ലഭിക്കും, ആഭരണങ്ങള്‍ ധരിക്കാം, മേയ്ക്കപ്പിടാം. കുട്ടികളെ സംബന്ധിച്ച് ഏറ്റവും കൗതുകകരമായ കാര്യങ്ങളിലൊന്നാണ് യാത്ര. വീട്ടില്‍നിന്ന് കുടുംബത്തോടൊപ്പം അപൂര്‍വമായിമാത്രമേ, യാത്രപോകൂ. പക്ഷേ, സിനിമയിലെത്തിയപ്പോഴാണ് എനിക്കൊരുപാട് യാത്രചെയ്യാന്‍ അവസരം ലഭിച്ചത്. 

അക്കാലത്ത് ഞാനാഗ്രഹിച്ചതുപോലെ, ഊട്ടിയിലും കൊടൈക്കനാലിലും നാഗര്‍കോവിലിലുമെല്ലാം സിനിമയുടെ ഭാഗമായി യാത്രചെയ്തു. ഒരു കുട്ടിയായതിന്റെ സ്നേഹവും വാത്സല്യവും ഒരുപാടനുഭവിക്കാനുള്ള ഭാഗ്യമുണ്ടായി. അത് സിനിമയ്ക്ക് അകത്തുനിന്നാണെങ്കിലും പുറത്തുനിന്നാണെങ്കിലും. സിനിമാക്കാരെന്ന് പറയുമ്പോള്‍ കുറച്ചുകൂടി ആവേശവും ആരാധനയുമായിരുന്നു അക്കാലത്തെ പ്രേക്ഷകര്‍ക്ക്. സിനിമയിലെ കുട്ടി എന്നനിലയില്‍ എനിക്ക് വലിയ പരിഗണനയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. പിന്നെ, എന്റെ കൂട്ടുകാരുടെ മാതാപിതാക്കള്‍ എന്നോട് സംസാരിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ വളരെ കൗതുകകരമായ കാര്യങ്ങള്‍ ചോദിക്കും. ഈ നടന്‍ അല്ലെങ്കില്‍ നടി എങ്ങനെയാണ്, ദേഷ്യക്കാരാണോ അതോ പാവങ്ങളാണോ എന്നൊക്കെ. വലിയ ഗമയോടെ ഞാനെന്തൊക്കെയോ മറുപടി പറയും. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ഷൂട്ടിങ്ങിന്റെ ഗൗരവമൊക്കെ എനിക്ക് മനസ്സിലായത്.

മാജിക് ലാമ്പ് എന്ന സിനിമയില്‍നിന്നൊരു രംഗം

ബാലതാരമായിരുന്നപ്പോള്‍ രജനികാന്ത്, മമ്മൂട്ടി, ശ്രീദേവി തുടങ്ങിയവരുടെ സിനിമകളില്‍ അവരുടെയൊക്കെ കഥാപാത്രങ്ങളുടെ മകളുടെ വേഷം ചെയ്തിട്ടുണ്ട്. ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കാമോ?
ചെറുപ്പത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ, രജനീകാന്ത് സാറിനൊപ്പം അഭിനയിച്ച 'അന്‍പുള്ള രജനികാന്ത്' വളരെ സ്‌പെഷ്യലാണ്. രജനികാന്ത് സാര്‍, അംബികാ മാം എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നിരുന്നാലും എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. കെ. നടരാജ് സാറായിരുന്നു സംവിധായകന്‍. ഇപ്പോഴും ഞാനെവിടെപ്പോകുമ്പോഴും 'അന്‍പുള്ള രജനികാന്തി'നെക്കുറിച്ച് ആളുകള്‍ സംസാരിക്കും. അതിലെ ''മുത്തുമണി ചുടരേ'' എന്ന പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. ഇളയരാജസാര്‍ ചിട്ടപ്പെടുത്തി യേശുദാസ് സാര്‍ പാടിയ പാട്ടാണ്. ഇന്നാണ് ഞാനതിന്റെ വില മനസ്സിലാക്കുന്നത്.

ഒരുദിവസം മമ്മൂക്ക ഒരു ഫോട്ടോ കാണിച്ചുതന്ന് ''ഇതോര്‍മ്മയുണ്ടോ'' എന്ന് ചോദിച്ചു. മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച 'ഒരു കൊച്ചുകഥ, ആരും പറയാത്ത കഥ'യിലെ ഫോട്ടോയായിരുന്നു.അതില്‍ ഞാന്‍ ഒരുപാട് സംസാരിക്കുന്ന കുട്ടിയാണ്. ഊട്ടിയിലായിരുന്നു ചിത്രീകരണം. അവിടെ ഒരുപാട് കുട്ടികളുണ്ടായിരുന്നു. ഷൂട്ടിങ്ങില്ലാത്തപ്പോള്‍ അവര്‍ക്കൊപ്പം കളിച്ചിരിക്കുമായിരുന്നു.

'കോടെ ത്രാചു' എന്ന സിനിമയില്‍ ശ്രീദേവീമാമിന്റെ മകളുടെ വേഷമായിരുന്നു എനിക്ക്. ശോഭന്‍ ബാബുസാറായിരുന്നു അതിലെ നായകന്‍. അന്നേ ഞാന്‍ ശ്രീദേവീമാമിന്റെ വലിയ ആരാധികയായിരുന്നു. 'ആന്റീ... ആന്റീ...' എന്നുവിളിച്ച് ചുറ്റിത്തിരിഞ്ഞുനടക്കും. അവര്‍ മേയ്ക്കപ്പിടുന്നതും തിരക്കഥ വായിക്കുന്നതുമെല്ലാം ഞാനിങ്ങനെ മിഴിച്ച് നോക്കിനില്‍ക്കും. ഞാന്‍ നായികയായി അഭിനയിക്കാന്‍ തുടങ്ങിയതിനുശേഷം അവരുടെ കുടുംബവുമായി നല്ല അടുപ്പമായി. ഒരിക്കല്‍ മുംബൈയില്‍ പോയപ്പോള്‍ ശ്രീദേവീമാമാണ് എനിക്ക് ചേരുന്ന മേയ്ക്കപ്പ് സെറ്റ് തിരഞ്ഞെടുത്തുനല്‍കിയത്. ശ്രീദേവീമാമിനെ ശരിക്കും മിസ് ചെയ്യുന്നു. എനിക്കെപ്പോഴും അവരെക്കുറിച്ച് മനോഹരമായ ഓര്‍മ്മകളാണുള്ളത്.

നായികയായി അഭിനയിക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നോ?
1986-നുശേഷം സിനിമയില്‍ എനിക്കൊരു ഇടവേള വന്നു. പഠനം കുറച്ചുകൂടി ഗൗരവത്തോടെയെടുത്ത കാലമായിരുന്നു അത്. പഠിക്കണം, വലിയ ആളാകണമെന്നൊക്കെ അച്ഛനും അമ്മയും പറയുമായിരുന്നു. ഒരുവിധം എല്ലാ കുടുംബങ്ങളിലും മാതാപിതാക്കള്‍ മക്കളോട് പറയുന്നപോലെ. ഞാനും അന്ന് കരുതി, പഠിച്ച് ഐ.എ.എസ്. ഓഫീസറൊക്കെ ആയിത്തീരണമെന്ന്. സിനിമ ഒരു കരിയറാക്കണമെന്നോ പ്രത്യേകിച്ച് നായികയായി അഭിനയിക്കണമെന്നോ ഒന്നും ഞാനൊരിക്കലും വിചാരിച്ചിട്ടില്ല. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് ചിലര്‍ വന്നു. അന്നത്തെ ചെറിയ കുട്ടി വളര്‍ന്നിട്ടുണ്ടാകുമെന്ന് കരുതിയായിരിക്കും. അഭിനയിക്കാന്‍ വിടുന്നതില്‍ അമ്മയ്ക്ക് ചെറിയ സംശയമുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, പഠിച്ചുകൊണ്ടിരിക്കുകയാണ്. അതിനൊരു തടസ്സം വരും. സിനിമയില്‍ എല്ലാവര്‍ക്കും ഭാഗ്യമുണ്ടാകണമെന്നില്ല. എന്നിരുന്നാലും ഒന്ന് ശ്രമിച്ചുനോക്കാമെന്ന് കരുതി. ഭാഗ്യവശാല്‍, എല്ലാം നന്നായിവന്നു.

മീനയെ ഓര്‍ക്കുമ്പോള്‍ എപ്പോഴും 'സാന്ത്വന'ത്തിലെ ''ഉണ്ണി വാവാവോ'' എന്ന പാട്ടാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. ഒരുപാടാളുകള്‍ ഇന്നും ആഘോഷിക്കുന്ന ഗാനമാണത്.
നിര്‍മാതാവ് ഔസേപ്പച്ചനാണ് 'സാന്ത്വന'ത്തിലഭിനയിക്കാന്‍ എന്നെ സമീപിച്ചത്. അന്ന് ഞാന്‍ തിരുപ്പതിയില്‍ ഒരു തെലുഗു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ആ സമയത്ത് തെലുഗുവില്‍ ഭയങ്കര തിരക്കിലായിരുന്നു. ഒരന്‍പതുദിവസം വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കാണെങ്കില്‍, അന്ന് തീരേ ഡേറ്റില്ല. ഞാന്‍ പറഞ്ഞു: ''സാര്‍ ക്ഷമിക്കണം. ഒരഞ്ചുദിവസംകൂടി ഡേറ്റുണ്ടാകുമോ എന്നറിയില്ല.'' പക്ഷേ, ഔസേപ്പച്ചന്‍ സാര്‍ വിടുന്ന മട്ടുണ്ടായില്ല. അദ്ദേഹം ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ത്തന്നെ ഒരു മുറിയെടുത്ത് താമസിച്ചു. മീനതന്നെ ചെയ്യണമെന്ന് അമ്മയോട് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. 
ഒടുവില്‍ ഞാന്‍ പറഞ്ഞു: ''താങ്കള്‍ പറയുന്ന ഡേറ്റില്‍ പറ്റില്ല, കുറച്ചുകൂടി കഴിഞ്ഞ് നോക്കാമോ?'' അദ്ദേഹം സമ്മതിച്ചു. പക്ഷേ, ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് 'സാന്ത്വന'ത്തിന്റെ ഭാഗമായതില്‍ അഭിമാനം തോന്നുന്നു. ഔസേപ്പച്ചന്‍ സാറിനോട് തീരാത്ത നന്ദിയുണ്ട്. മലയാളത്തില്‍ ഇതിലും നല്ല തുടക്കം ലഭിക്കാനില്ല. ''ഉണ്ണീ വാവാവോ'' എന്ന പാട്ട് ഇന്നും ഒരുപാടാളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. നല്ല കഥാപാത്രമാണ് എനിക്ക് ലഭിച്ചത്. ഒരുപാട് കഴിവുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാനും സാധിച്ചു.

വിവാഹജീവിതം പല അഭിനേതാക്കളെ സംബന്ധിച്ചും സിനിമയില്‍നിന്ന് മാറിനില്‍ക്കാനുള്ള കാരണമായിട്ടുണ്ട്. എന്നാല്‍ മീന എല്ലായ്‌പ്പോഴും ഇവിടെയുണ്ടായിരുന്നു...
സിനിമയില്‍നിന്ന് എനിക്ക് ഒരു വലിയ ഇടവേളയെടുക്കേണ്ടിവന്നിട്ടില്ല. വിവാഹം ഒന്നിനും തടസ്സമായിട്ടില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ ഒരു കന്നഡ സിനിമ ചെയ്തു. ടെവിവിഷന്‍ പരിപാടികളിലും സജീവമായിരുന്നു. ഗര്‍ഭിണിയായതിനുശേഷവും മകളുടെ ജനനത്തിന് ശേഷവുമാണ് എനിക്ക് ഒരു ചെറിയ ഇടവേള വന്നത്. പക്ഷേ, സിനിമ എന്റെ ജോലിയും പാഷനുമാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനുശേഷമാണ് ദൃശ്യത്തില്‍ അഭിനയിക്കാനുള്ള അവസരം വന്നത്. പക്ഷേ, മകള്‍ നന്നേ ചെറുതായതിനാല്‍ അഭിനയിക്കണോ വേണ്ടയോ എന്ന സംശയമുണ്ടായിരുന്നു. മകളുടെ അടുത്തുനിന്ന് മാറിനില്‍ക്കുന്നത് വലിയ സങ്കടമുള്ള കാര്യമായിരുന്നു. പക്ഷേ, മോഹന്‍ലാല്‍സാറും ആന്റണിസാറും (ആന്റണി പെരുമ്പാവൂര്‍) ജീത്തുസാറുമെല്ലാം എനിക്ക് നല്ല പിന്തുണ നല്‍കി. പരിമിതികള്‍ക്കുള്ളിലും റാണി എന്ന കഥാപാത്രത്തെ ഒരുവിധം നന്നായി ചെയ്യാന്‍ സാധിച്ചുവെന്നാണ് കരുതുന്നത്. സിനിമ വലിയ ഹിറ്റാവുകയും ചെയ്തതോടെ വലിയ സന്തോഷമായി.

ജീവിതത്തില്‍ എല്ലാവര്‍ക്കും ഉയര്‍ച്ചകളും താഴ്ചകളും സുഖങ്ങളും ദുഃഖങ്ങളുമുണ്ടാകും. അതിനെയെല്ലാം മറികടക്കാന്‍ അഭിനയം എത്രത്തോളം സഹായിച്ചിട്ടുണ്ട്?
ഭര്‍ത്താവ് സാഗര്‍ നല്‍കിയ പിന്തുണ വലുതായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ തളര്‍ത്തി. പക്ഷേ, ജീവിതം ഇനിയും ബാക്കിയുണ്ട്. ജീവിതം എല്ലായ്‌പ്പോഴും ഒരുപോലെയായിരിക്കില്ല. മുന്നോട്ടുപോയേ പറ്റൂ. സന്തോഷംപോലെതന്നെ വിഷമങ്ങളും എന്നെ തേടിയെത്തിയിട്ടുണ്ട്. അതിനെ മറികടക്കാന്‍ സിനിമയും അതിലൂടെ ലഭിച്ച സൗഹൃദങ്ങളും ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് നമ്മുടെ ചിരി കാണാനാണ് ഇഷ്ടം. അതിനപ്പുറമുള്ള ദുഃഖങ്ങള്‍ നമ്മുടെ സ്വകാര്യമാണ്. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ കാണാന്‍ എന്നെ പഠിപ്പിച്ചത് സിനിമയാണ്.

സിനിമ: ഡ്രീംസ്‌

ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍, പ്രത്യേകിച്ച് സിനിമയിലെ, അഭിപ്രായങ്ങള്‍ മടികൂടാതെ പറയുന്നവരാണെന്ന് തോന്നിയിട്ടില്ലേ?
തീര്‍ച്ചയായും. ഇന്നത്തെ കാലത്തെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ പറയാനും അത് ചോദിച്ചുവാങ്ങാനും നന്നായി അറിയാം. അതൊരു നല്ല മാറ്റമാണ്. ഞാനൊക്കെ അല്പം അന്തര്‍മുഖയായിരുന്നു. എല്ലാറ്റിനും അമ്മ വേണം, അമ്മ പറയണം, അമ്മ ചോദിക്കണം അങ്ങനെയായിരുന്നു. എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എന്നാല്‍ സമയം പോകപ്പോകെ, ചിന്തിക്കാന്‍ തുടങ്ങി, ഞാന്‍ എന്താണ് ഇങ്ങനെ, മറ്റുള്ളവരെല്ലാം നല്ല ധൈര്യമുള്ളവരാണല്ലോ എന്ന തോന്നലുണ്ടായി. പിന്നീട് ഞാനും മാറാന്‍ ശ്രമിച്ചു. അതൊരുതരത്തില്‍ നന്നായി സഹായിച്ചിട്ടുണ്ട്.

മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത് ആനന്ദപുരം ഡയറീസിലാണ്. എങ്ങനെയുണ്ടായിരുന്നു അനുഭവം?
ഒരു കോളേജ് കാംപസിലായിരുന്നു ഷൂട്ടിങ്. കോളേജ് വിദ്യാര്‍ഥിയുടെ കഥാപാത്രം ചെയ്യുന്നത് എന്റെ സ്വപ്നമായിരുന്നു. ഞാനിതുവരെ ഒരു കോളേജ് കണ്ടിട്ടുമില്ല, അവിടെ പോയിട്ടുമില്ല. അതുകൊണ്ടുതന്നെ കോളേജ് കാംപസിലെ ചിത്രീകരണം എന്നെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരുന്നു. ക്ലാസ്റൂമും കോറിഡോറും കഫറ്റീരിയയുമെല്ലാം കണ്ടപ്പോള്‍ എനിക്കെന്റെ സ്‌കൂള്‍ കാലഘട്ടമാണ് ഓര്‍മ വന്നത്. പകുതി വഴിയില്‍ മുടങ്ങിപ്പോയ നിയമപഠനം പുനരാരംഭിക്കാന്‍ എത്തുന്ന വിദ്യാര്‍ഥിയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യമായി ഞാന്‍ അഭിഭാഷകയുടെ കഥാപാത്രം ചെയ്യുന്നുവെന്ന പ്രത്യേകതകൂടിയുണ്ടായിരുന്നു.
നിര്‍മാതാവ് ശശി നായരാണ് എന്നെ വിളിച്ച് ആനന്ദപുരം ഡയറീസിന്റെ വണ്‍ലൈന്‍ പറയുന്നത്. കേട്ടപ്പോള്‍തന്നെ എനിക്ക് ചെയ്യാമെന്ന് തോന്നിയിരുന്നു. തിരക്കഥ മുഴുവന്‍ കേട്ടപ്പോള്‍ കുറച്ചുകൂടി ഇഷ്ടമായി. ബോള്‍ഡായ, കരുത്തയായ, പ്രചോദനം നല്‍കുന്ന കഥാപാത്രമാണ്. ഇതുപോലൊരു കഥാപാത്രം ഞാനിതുവരെ മലയാളത്തില്‍ ചെയ്തിട്ടുണ്ടായിരുന്നില്ല.

Content Highlights: interview with actor meena