'ബോളിവുഡിലെ ഏറ്റവും മോശം ചുംബനങ്ങളിലൊന്നായിരുന്നു അത്; സെയ്ഫിനെ ഒടുവിൽ പേടിപ്പിച്ചു’

സെയ്ഫ് അലി ഖാൻ, റാണി മുഖർജി
സെയ്ഫ് അലി ഖാൻ, റാണി മുഖർജി

കുനാൽ കോഹ്‌ലി 2004-ൽ സംവിധാനം ചെയ്ത ചിത്രമാണ് 'ഹം തും'. സെയ്ഫ് അലി ഖാനും റാണി മുഖർജിയും നായികാനായകൻമാരായ ചിത്രത്തിൽ റിഷി കപൂർ, ജിമ്മി ഷെർഗിൽ, കിരൺ ഖേർ എന്നിവരും അഭിനയിച്ചിട്ടുണ്ട്. 8 കോടിക്ക് നിർമിച്ച ചിത്രം 42 കോടിയാണ് തിരിച്ചുപിടിച്ചത്. അങ്ങനെ വാണിജ്യപരമായും സിനിമ വിജയിച്ചു. നെതർലാൻഡ്‌സിലാണ് സിനിമയുടെ ഏറെ ഭാഗവും ചിത്രീകരിച്ചത്. അതിനൊപ്പം പാരീസ്, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളും സിനിമയുടെ ലൊക്കേഷനായി.

സിനിമയിൽ കാണികളെ ഏറെ ആകർഷിച്ചത് സെയ്ഫ് അലി ഖാനും റാണി മുഖർജിയും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു. എന്നാൽ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഇരുവർക്കുമിടയിൽ തീരെ സൗഹൃദമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ കുനാൽ ഇപ്പോൾ.

സെയ്ഫിനെയും റാണിയെയും സൗഹൃദത്തിലാക്കാൻ താൻ ശ്രമിച്ചതെങ്ങനെയെന്നും അദ്ദേഹം വെളിപ്പെടുത്തി. എൻ.ഡി.ടി.വിയുമായുള്ള അഭിമുഖത്തിലാണ് കുനാൽ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ''സ്‌ക്രീനിന് പുറത്ത് അവർ പരസ്പരം വലിയ സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. ഷൂട്ടിങ്ങിന്റെ ആദ്യ പകുതിയിൽ ഞാനും റാണിയും ഒരു ടീമും സെയ്ഫ് ഒറ്റയ്ക്കുമാണെന്ന് തോന്നി. സെയ്ഫിനും എനിക്കും പരസ്പരം ഇഷ്ടമായിരുന്നില്ല. അതുപോലെ റാണിക്കും സെയ്ഫിനും പരസ്പരം ഇഷ്ടമല്ലായിരുന്നു. പിന്നെ സെയ്ഫും ഞാനും ആംസ്റ്റർഡാം ഷെഡ്യൂളിലുടനീളം സംസാരിച്ചു. ഞാൻ പറഞ്ഞു, 'നോക്കൂ, ഈ സിനിമ വളരെ പ്രധാനമാണ്. അത് വിജയിച്ചില്ലെങ്കിൽ, നിങ്ങൾ ഒരു സോളോ ഹീറോ ആകില്ല. കൽ ഹോ ന ഹോയിലെ പോലെ ഷാരൂഖ് ഖാന്റെ രണ്ടാം ലീഡുകൾ മാത്രമേ നിങ്ങൾ ചെയ്യൂ. അതിനാൽ നമുക്ക് ഇത് വിജയിപ്പിക്കണം'. സെയ്ഫിന് നൽകിയ ആ മുന്നറിയിപ്പിന് ശേഷം, ഒടുവിൽ എല്ലാവരും സെറ്റിൽ കൂടുതൽ നന്നായി പ്രവർത്തിച്ചുവെന്ന് സംവിധായകൻ സമ്മതിച്ചു.

ചിത്രത്തിൽ ഗാനചിത്രീകരണത്തിനിടെയുള്ള ചുംബനരംഗം ഷൂട്ട് ചെയ്യാൻ റാണി ആദ്യം വിസമ്മതിച്ചുവെന്നും സംവിധായകൻ പറയുന്നു. ''ആ രാത്രി മുഴുവൻ ഞങ്ങൾ ഷൂട്ട് ചെയ്യുകയായിരുന്നു. ആദ്യം റാണി ചുംബനസീൻ ചെയ്യില്ലെന്ന് പറഞ്ഞു. ഒടുവിൽ പറഞ്ഞു, 'ശരി, ഞാൻ ഒരു ടേക്ക് എടുക്കാം'. ആ ടേക്ക് കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും, റാണി വെറുതെ ചിരിക്കുകയായിരുന്നു അതിൽ. എഡിറ്റ് ചെയ്യുമ്പോഴും എനിക്കങ്ങനെ തന്നെ തോന്നി. അത് ഹിന്ദി സിനിമയിലെ ഏറ്റവും മോശം ചുംബനങ്ങളിൽ ഒന്നായിരിക്കണം''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director Kunal Kohli reveals lack of chemistry between leads during filming. Saif Ali Khan was warned about his career trajectory if the film failed