വഞ്ചന നിറഞ്ഞ ഇത്തരം സംഭവങ്ങള്‍ അവസാനിക്കണം; ഹണിമൂണ്‍ കൊലപാതകം സിനിമയാകുമ്പോള്‍

രാജ രഘുവംശിയും സോനവും
രാജ രഘുവംശിയും സോനവും

ഒരു ഹണിമൂണ്‍ ആഘോഷം രാജ്യത്തെ മുഴുവന്‍ പിടിച്ചുകുലുക്കിയ ഒന്നായി മാറിയ കഥ ഓര്‍മയില്ലേ. മേഘാലയയില്‍ ഹണിമൂണിനിടെ ബിസിനസുകാരനായ രാജ രഘുവംശിയുടെ കൊലപാതകവും ഭാര്യയുടേയും കാമുകന്റേയും അറസ്റ്റും രാജ്യത്തെ ഞെട്ടിച്ചു. ഇരയും കുറ്റവാളികളും ഉള്‍പ്പെടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഈ കഥ  മാസങ്ങള്‍ക്കിപ്പുറം രാജയുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ സിനിമയാകുകയാണ്.

ഇന്ദോർ ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജ രഘുവംശിയെ 2025 മെയ് 23-ന് മേഘാലയയില്‍ ഹണിമൂണിനിടെ ഭാര്യ സോനം രഘുവംശിയും കാമുകന്‍ രാജ് കുശ്വാഹയും കൊലപ്പെടുത്തി. മൂന്ന് കുറ്റവാളികളെ വാടകയ്‌ക്കെടുത്ത് ഇരുവരും നടത്തിയ കൊലപാതകത്തിന്റെ കഥയാണ് സിനിമാരൂപത്തില്‍ പുറത്തിറങ്ങാന്‍ പോകുന്നത്.

എണ്‍പതുശതമാനവും മേഘാലയയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്'ഹണിമൂണ്‍ ഇന്‍ ഷില്ലോങ്' എന്നാണ് നിലവില്‍ പേരിട്ടിരിക്കുന്നത്. എസ്.പി നിംബാവത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍, വിവാഹം, പോലീസ് അന്വേഷണം, സോനത്തിന്റെയും രാജിന്റെയും അറസ്റ്റ് എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്രമേയമാണ്.

'കൊലപാതക കേസ് സംബന്ധിച്ച വരാനിരിക്കുന്ന ചിത്രത്തിന് ഞങ്ങള്‍ അനുമതി നല്‍കി. എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ ബിഗ് സ്‌ക്രീനില്‍ കൊണ്ടുവന്നില്ലെങ്കില്‍, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ആളുകള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'-രാജയുടെ സഹോദരന്‍ സച്ചിന്‍ ചിത്രത്തിന് അനുമതി നല്‍കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നീതിപൂര്‍വ്വമായി കാര്യങ്ങള്‍ സിനിമയില്‍ കാണിക്കണമെന്ന് രാജയുടെ മറ്റൊരു സഹോദരന്‍ വിപിനും കൂട്ടിച്ചേര്‍ത്തു.

വഞ്ചന നിറഞ്ഞ ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനാണ് സിനിമയിലൂടെ ആഗ്രഹിക്കുന്നതെന്ന് സംവിധായകന്‍ എസ്പി നിംബാവത് പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shillong honeymoon murder case retold on film