ഓണ്‍-സ്‌ക്രീന്‍ ചുംബനങ്ങള്‍ക്കു പിന്നില്‍ നടക്കുന്നതിതാണ്; അനുഭവം വെളിപ്പെടുത്തി ഗിരിജ ഓക്ക്

ഗിരിജ ഓക്ക് / instagram
ഗിരിജ ഓക്ക് / instagram

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ വൈറലായ പേരാണ് ഗിരിജ ഓക്ക് എന്ന നടിയുടേത്. ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ 'നാഷണല്‍ ക്രഷ്' ആയ ഗിരിജ ഓക്ക്, ഓണ്‍-സ്‌ക്രീന്‍ ചുംബനങ്ങളുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് അടുത്തിടെ മനസ്സ് തുറന്നു. അത് ഒട്ടും സ്വകാര്യമോ സ്വപ്നതുല്യമോ അല്ലെന്ന് അവര്‍ വെളിപ്പെടുത്തി.

ലൈറ്റിങ്, നിഴലുകള്‍, ക്യാമറ ആംഗിളുകള്‍ തുടങ്ങിയ ഘടകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍, നടീനടന്മാരെ റൊമാന്റിക് ആയി തോന്നിക്കുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്നും, ലൈറ്റുകള്‍ക്കും ചൂടിനും ഇടയില്‍, 150 ഓളം ആളുകള്‍ നോക്കിനില്‍ക്കെ റൊമാന്റിക് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ യാഥാര്‍ഥ്യവും ഗിരിജ ഓക്ക് വിശദീകരിച്ചു.

''ഞാന്‍ സ്ത്രീകളുള്ള പരിപാടികളില്‍ പോകുമ്പോഴെല്ലാം, സ്‌ക്രീനില്‍ എങ്ങനെയാണ് റൊമാന്‍സ് ചെയ്യുന്നതെന്ന് അവര്‍ ചോദിക്കാറുണ്ട്. ശബ്ദത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ഫാനുകളും എസിയും ഓഫ് ചെയ്യുന്നതിനാല്‍ സെറ്റില്‍ അസഹനീയമായ ചൂടായിരിക്കും, ഇത് അടുപ്പമുള്ള രംഗങ്ങളെ വളരെ വിചിത്രമായ അനുഭവമാക്കി മാറ്റും. നിങ്ങള്‍ ഒരുപാട് വിയര്‍ക്കുന്നുണ്ടാകും. പുറത്ത് വിയര്‍പ്പ് ഉണ്ടാകും, ശരീരത്തില്‍ ഘടിപ്പിച്ച മൈക്ക് ട്രാന്‍സ്മിറ്റര്‍ ചൂടാകും. നിങ്ങളൊരു വസ്ത്രാലങ്കാരത്തിലായിരിക്കും, ആരോ ഒരാള്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിങ്ങളുടെ വിയര്‍പ്പ് ഉണക്കുന്നുണ്ടാകും''

ലൈറ്റിങ്, നിഴലുകള്‍, ക്യാമറ ആംഗിളുകള്‍ എന്നിവയെക്കുറിച്ച് ആശങ്കപ്പെടേണ്ടിവരുന്നതിനാല്‍ ഇത് അസ്വസ്ഥതയുണ്ടാക്കുമെന്നും ഗിരിജ വിശദീകരിച്ചു. ''താഴെ നിന്ന് വെളിച്ചം കുറവാണെന്ന് ആരെങ്കിലും വന്ന് പറയും, അപ്പോള്‍ മുഖത്തേക്ക് വെളിച്ചം പ്രതിഫലിപ്പിക്കാന്‍ ഒരു തെര്‍മോക്കോള്‍ കഷണം കൊണ്ടുവയ്ക്കും. മറ്റൊരാള്‍ നിങ്ങളുടെ മുടി ശരിയാക്കുന്നുണ്ടാകും. ഇത്രയധികം ആളുകള്‍ നിങ്ങളെ വിമര്‍ശനാത്മകമായി നോക്കിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, നിങ്ങള്‍ എങ്ങനെ റൊമാന്‍സ് ചെയ്യും''

സെറ്റിലെ അടുപ്പമുള്ള രംഗങ്ങള്‍ റൊമാന്റിക് എന്നതിലുപരി തികച്ചും യാന്ത്രികമാണെന്നും ഗിരിജ വിശേഷിപ്പിച്ചു. ''സ്‌ക്രീനില്‍ ചുംബിക്കുമ്പോള്‍ എന്ത് തോന്നുമെന്ന് ആരോ എന്നോട് ചോദിച്ചു. ഒരു കാര്‍ഡ്‌ബോര്‍ഡിനെ ചുംബിക്കുന്നത് പോലെ തോന്നുമെന്ന് ഞാന്‍ പറഞ്ഞു. ഒരു വികാരവും ഉണ്ടാകില്ല. എല്ലാം യാന്ത്രികമാണ്. ക്യാമറയ്ക്ക് അടുത്ത് വന്ന് എന്തെങ്കിലും പറയേണ്ടിവരുമ്പോള്‍, അത് നിങ്ങളുടെ ക്ലോസപ്പ് ഷോട്ടാണ്. മറ്റേയാള്‍ നിങ്ങളുടെ മുന്നിലുണ്ടാവില്ല. നിങ്ങള്‍ ക്യാമറയിലേക്കോ ഒരു കട്ടര്‍ സ്റ്റാന്‍ഡിന്റെ മൂലയിലേക്കോ ആണ് നോക്കുന്നത്. ഒരു തെര്‍മോക്കോള്‍ കഷണത്തിലേക്കോ, കറുത്ത തുണിയിലേക്കോ, ലൈറ്റ് സ്റ്റാന്‍ഡിന്റെ മൂലയിലേക്കോ നോക്കിയാണ് ഞാന്‍ ഏറ്റവും സ്‌നേഹത്തോടെയുള്ള സംഭാഷണങ്ങള്‍ നടത്തിയിട്ടുള്ളത്'' അവര്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് പതിറ്റാണ്ടായി മറാത്തി, ഹിന്ദി സിനിമകളില്‍ പ്രവര്‍ത്തിച്ചുവരുന്ന താരമാണ്ഗിരിജ ഓക്ക് ഗോഡ്ബോലെ. 'ഗുല്‍മോഹര്‍', 'താരേ സമീന്‍ പര്‍', 'ഷോര്‍ ഇന്‍ ദി സിറ്റി', 'ജവാന്‍' തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മറാത്തി നടന്‍ ഗിരീഷ് ഓക്കിന്റെ മകളുമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: national crush girija oak reveals the unglamorous reality of on-screen kisses, from sweltering sets to kissing cardboard. discover the mechanical side of romance!