‘നിവിൻ എന്നും അയൽപക്കത്തെ പയ്യൻ; ആ കഥാപാത്രം ചെയ്യാൻ പുള്ളിക്ക് ഒരു മടിയുമില്ലായിരുന്നു’

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സറിഞ്ഞ സംവിധായകനാണ് ഗിരീഷ് എ.ഡി. താരപ്പകിട്ടുകളേക്കാൾ, നമുക്ക് ചുറ്റുമുള്ള സാധാരണക്കാരായ മനുഷ്യരുടെ കഥകൾ തികച്ചും സ്വാഭാവികമായി സ്ക്രീനിലെത്തിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് സംവിധാനം ചെയ്ത പുതിയ ചിത്രം 'ബെത്ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വലിയ തരംഗമായി മുന്നേറുമ്പോൾ, ചിത്രത്തിലെ നായകൻ നിവിൻ പോളിയെക്കുറിച്ചും തന്റെ സിനിമാ കാഴ്ചപ്പാടുകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സംവിധായകൻ.
ആദ്യമായാണ് മലയാളത്തിലെ ഒരു മുൻനിര സൂപ്പർതാരത്തെ വെച്ച് ഗിരീഷ് എ.ഡി ഒരു ചിത്രം ചെയ്യുന്നത്. നിവിൻ പോളിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഗിരീഷ് പറയുന്നത് ഇങ്ങനെ:
"ഞാൻ പണ്ടുമുതലേ നിവിൻ പോളിയുടെ വലിയൊരു ആരാധകനാണ്. 'പ്രേമം', '1983', 'ഓം ശാന്തി ഓശാന' തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എപ്പോഴും നമ്മുടെ അയൽപക്കത്തെ പയ്യന്റെ (Boy next door) വൈബാണ് നിവിനുള്ളത്. 'ബെത്ലഹേം കുടുംബ യൂണിറ്റി'ലെ ജസ്റ്റിൻ എന്ന കഥാപാത്രം 35 വയസ്സ് പിന്നിട്ട തികച്ചും സാധാരണക്കാരനായ ഒരു വ്യക്തിയാണ്. തന്നേക്കാൾ പ്രായക്കുറവുള്ള ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിവിന് യാതൊരുവിധ മടിയുമുണ്ടായിരുന്നില്ല. വളരെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് അദ്ദേഹം ഇതിന്റെ ഭാഗമായത്," എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഗിരീഷ് പറഞ്ഞു.
തന്റെ സിനിമകളിലെ അഭിനേതാക്കൾ അതിരുകടന്ന ഗ്ലാമറുള്ളവരോ പെർഫെക്റ്റ് ഫിസീക്കമുള്ളവരോ ആകരുത് എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്. നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന സാധാരണ മനുഷ്യരെപ്പോലെ തോന്നിപ്പിക്കുന്നവരായിരിക്കണം കഥാപാത്രങ്ങൾ. നസ്ലെൻ, മമിത ബൈജു, സംഗീത് പ്രതാപ് തുടങ്ങിയ അഭിനേതാക്കളെ തന്റെ സിനിമകളിൽ വീണ്ടും വീണ്ടും ഉൾപ്പെടുത്തുന്നതിന് പിന്നിൽ അവരുമായുള്ള കംഫർട്ട് ലെവലും പരസ്പര ധാരണയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2019 മുതൽ തന്റെ മനസ്സിലുള്ള ആശയമായിരുന്നു 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്ന് ഗിരീഷ് വെളിപ്പെടുത്തുന്നു. ബിഗ് ബജറ്റോ വലിയ താരനിരയോ നോക്കിയല്ല, മറിച്ച് ഉള്ളിൽ തട്ടുന്ന നല്ല കഥകൾ ചെയ്യാനാണ് താൻ എപ്പോഴും ആഗ്രഹിക്കുന്നത്. 'പ്രേമലു', 'ബെത്ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസുമായി ചേർന്ന് തന്നെ നിർമ്മിക്കുന്ന തന്റെ അടുത്ത സിനിമയുടെ പണിപ്പുരയിലാണ് സംവിധായകൻ ഇപ്പോൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Gireesh A.D praises Nivin Pauly's boy-next-door charm in Bethlehem Kudumba Unit., Gireesh focuses on relatable, everyday characters rather than glamorous star personas., The idea for Bethlehem Kudumba Unit was conceived back in 2019., Gireesh is currently working on his next project with Bhavana Studios.