'ഗംഗുഭായ് ആയി ആദ്യം സംവിധായകൻ മനസിൽ കണ്ടത് റാണി മുഖർജിയെ' -ആദിത്യ നാരായൺ

ആലിയ ഭട്ട്, റാണി മുഖർജി / instagram, AFP
ആലിയ ഭട്ട്, റാണി മുഖർജി / instagram, AFP

സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ ഹിറ്റ് ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ ഗംഗുഭായ് കത്തിയാവാഡി. ടൈറ്റിൽ റോളിലെ ആലിയ ഭട്ടിന്റെ പ്രകടനത്തിന് ദേശീയ അവാർഡും ലഭിച്ചു. എന്നാൽ സംവിധായകൻ തുടക്കത്തിൽ റാണി മുഖർജിയെ വെച്ചാണ് ഗംഗുഭായ് കത്തിയാവാഡി നിർമ്മിക്കാൻ ആഗ്രഹിച്ചിരുന്നത്. ബൻസാലിയുടെ സഹസംവിധായകനായി പ്രവർത്തിച്ച ഗായകൻ ആദിത്യ നാരായൺ ആണ് ഇത് വെളിപ്പെടുത്തിയത്.

ശാപിത് സിനിമയുടെ പരാജയത്തെത്തുടർന്ന് താൻ ജോലിയില്ലാത്ത അവസ്ഥയിലായെന്നും ഒടുവിലാണ് ബൻസാലിക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയെന്നും ഭാരതി സിങ്ങുമായുള്ള സംഭാഷണത്തിൽ ആദിത്യ ഓർമ്മിച്ചു. 'പാടാൻ ആഗ്രഹമുള്ളതുകൊണ്ടും വിക്രം ഭട്ട് സംവിധാനം ചെയ്യുന്നതുകൊണ്ടുമായിരുന്നു പ്രധാനമായും ശാപിത് ചെയ്യാൻ സമ്മതിച്ചത്. എന്നാൽ, ചിത്രത്തിലെ ഗാനങ്ങൾ ജനപ്രിയമായെങ്കിലും സിനിമ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.

പരാജയത്തിന് ശേഷം ജോലി കണ്ടെത്താൻ ഞാൻ പാടുപെട്ടു. ഏകദേശം ഒരു വർഷത്തോളം തൊഴിൽരഹിതനായിരുന്നു. മറ്റ് ജോലികളൊന്നുമില്ലാത്തതിനാൽ, പുതിയ എന്തെങ്കിലും പഠിക്കാൻ ഞാൻ തീരുമാനിച്ചു. കുട്ടിക്കാലം മുതൽ സംഗീതവും സംഗീത വീഡിയോകളും നിർമ്മിക്കുന്നതിൽ എനിക്ക് താൽപ്പര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ചലച്ചിത്രനിർമ്മാണത്തിലേക്ക് ആകർഷിക്കപ്പെട്ടത്.' ആദിത്യ പറഞ്ഞു.

സഞ്ജയ് ലീല ബൻസാലി വിധികർത്താക്കളിൽ ഒരാളായിരുന്ന 'എക്‌സ് ഫാക്ടർ' എന്ന ഷോ അവതരിപ്പിക്കാൻ അവസരം ലഭിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ബൻസാലിയുടെ സഹസംവിധായകനായി പ്രവർത്തിക്കാൻ സോനു നിഗം നിർദ്ദേശിച്ച കാര്യം ആദിത്യ ഓർത്തു. സിനിമ പഠിക്കാൻ താൽപ്പര്യമുണ്ടായിരുന്നതിനാൽ അതൊരു നല്ല ആശയമാണെന്ന് കരുതി സംവിധായകനോട് ചോദിച്ചു. ബൻസാലി തുടക്കത്തിൽ ഇതൊരു തമാശയായി എടുത്തുവെന്നും, താൻ പിന്മാറുമെന്ന് കരുതി ആദ്യ ആഴ്ചയിൽ ജോലി നൽകിയില്ലെന്നും ഗായകൻ ഓർക്കുന്നു.

'ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം പതുക്കെ എനിക്ക് ജോലി നൽകാൻ തുടങ്ങി. അക്കാലത്ത് അദ്ദേഹത്തിന്റെ കൈയിൽ രണ്ട് തിരക്കഥകളുണ്ടായിരുന്നു: റാം-ലീലയും ഗംഗുഭായ് കത്തിയാവാഡിയും. അദ്ദേഹം ഞങ്ങൾക്കെല്ലാവർക്കും രണ്ട് തിരക്കഥകളും നൽകി, ഏതാണ് മികച്ചതെന്ന് ചോദിച്ചു. എനിക്കു കൂടുതൽ ഇഷ്ടമായത് റാം-ലീലയായിരുന്നു. റാണി മുഖർജിയെ നായികയാക്കി ഗംഗുഭായ് കത്തിയാവാഡി നിർമ്മിക്കുന്നതിനെക്കുറിച്ചാണ് അന്ന് അദ്ദേഹം ആലോചിച്ചിരുന്നതെന്ന് ഞാൻ കരുതുന്നു.'

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഈ ബയോഗ്രാഫിക്കൽ ക്രൈം ഡ്രാമ, ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ ഒരു അധ്യായത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വേശ്യാവൃത്തിക്ക് നിർബന്ധിതയാവുകയും പിന്നീട് മുംബൈയിലെ കാമാത്തിപുര റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റിലെ ഏറ്റവും ശക്തയും ആദരണീയയും സ്വാധീനവുമുള്ള വ്യക്തികളിൽ ഒരാളായി മാറുകയും ചെയ്ത ഗംഗുഭായ് എന്ന യുവതിയെയാണ് ആലിയ ഭട്ട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: discover how sanjay leela bhansali initially planned gangubai kathiawadi with rani mukerji, revealed by aditya narayan. alia bhatt won national award for her role.