അനിരുദ്ധിന്റെ പാട്ടുകളിൽ തമിഴ് സ്വത്വമില്ല, ഓർമിക്കപ്പെടുന്ന ഗാനങ്ങളുമില്ല; വിമർശനവുമായി ഗംഗൈ അമരൻ

അനിരുദ്ധ് രവിചന്ദർ/Instagram, ഗംഗൈ അമരൻ/Mbi
അനിരുദ്ധ് രവിചന്ദർ/Instagram, ഗംഗൈ അമരൻ/Mbi

യുവതലമുറയുടെ പ്രിയപ്പെട്ട സംഗീതസംവിധായകരിലൊരാളാണ് അനിരുദ്ധ് രവിചന്ദർ. ചെയ്യുന്ന സിനിമകളിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമെല്ലാം വലിയ ജനപ്രീതി നേടുമ്പോൾ, അനിരുദ്ധിനെ തേടി നിരവധി സംവിധായകരും താരങ്ങളുമാണെത്തുന്നത്. എന്നാൽ, സമകാലിക സിനിമാസംഗീതത്തിന്റെ പ്രവണതകളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് മുതിർന്ന സംഗീതസംവിധായകനും സംവിധായകനുമായ ഗംഗൈ അമരനുള്ളത്. 

മാലൈ മലർ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തമിഴ് സിനിമാസംഗീതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗംഗൈ അമരൻ. ഇളയരാജയുടെയും എ.ആർ. റഹ്‌മാന്റെയും കാലഘട്ടവുമായി ഇന്നത്തെ സംഗീതത്തെ താരതമ്യം ചെയ്ത അദ്ദേഹം, പുതിയ തലമുറയിലെ സംഗീതസംവിധായകർ സൃഷ്ടിച്ച ഗാനങ്ങളിൽ എത്രയെണ്ണം ദീർഘകാലം ജനങ്ങൾ ഓർത്തിരിക്കുമെന്ന ചോദ്യം ഉയർത്തി.

“ഇളയരാജയെയും എ.ആർ. റഹ്‌മാനെയും മാറ്റിനിർത്തിയാൽ, ഇന്നത്തെ യുവസംഗീതസംവിധായകരിൽ ആരുടെ പാട്ടാണ് വർഷങ്ങളോളം ജനപ്രിയമായി നിലനിൽക്കുക? അനിരുദ്ധ് ഒരുക്കിയ അത്തരമൊരു പാട്ടിന്റെ പേരെങ്കിലും പറയാമോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തമിഴ് സിനിമയിലെ സംഗീതം പഴയതുപോലെയല്ലെന്നും ഈ മാറ്റം അംഗീകരിക്കാൻ പലരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഭാഷപോലും അറിയാതെയാണ് അവർ പാട്ടുകൾ ഒരുക്കുന്നത്. അതിൽ തമിഴിന്റെ സ്വത്വം എവിടെയാണ്? അനിരുദ്ധ് തീർച്ചയായും പുതിയൊരു ശൈലി കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഗീതം നല്ലതുമാണ്. പക്ഷേ, തമിഴിന് അദ്ദേഹം വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നതാണ് സത്യം”, അദ്ദേഹം പറഞ്ഞു.

തമിഴ് സിനിമാഗാനങ്ങളിൽ ഭാഷയ്ക്കും വരികൾക്കും നൽകുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഗംഗൈ അമരന്റെ വാക്കുകൾ വീണ്ടും വഴിതുറന്നിരിക്കുകയാണ്. അനിരുദ്ധിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലെ ഈണത്തെയും വരികളെയും വിമർശിക്കുന്നവരും കുറവല്ല. ഇതിനിടയിലും തമിഴ് സിനിമയിലെ തിരക്കേറിയ സംഗീതസംവിധായകരിലൊരാളായി തുടരുകയാണ് അനിരുദ്ധ്. 'ജയിലർ 2'ന് പിന്നാലെ നിരവധി വമ്പൻ പ്രോജക്ടുകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ധർമൻ', രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന 'KHxRK' എന്നിവയാണ് വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

വ്യക്തിജീവിതത്തിലും അനിരുദ്ധിനെക്കുറിച്ചുള്ള വാർത്തകൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകൾ കാവ്യ മാരനുമായി അനിരുദ്ധിന്റെ വിവാഹം നവംബർ 11-ന് ഗ്രീസിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ചെന്നൈയിൽ വിവാഹസൽക്കാരവും നടത്തുമെന്നാണ് വിവരം. അനിരുദ്ധിന്റെ ജനപ്രീതിയും തിരക്കേറിയ സംഗീതജീവിതവും തുടരുമ്പോഴും ഗംഗൈ അമരന്റെ വിമർശനം തമിഴ് സിനിമാസംഗീതത്തിന്റെ ദിശയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi