മമ്മൂട്ടിക്ക് ശബ്ദം നൽകുന്ന ഒരു ശ്രീനിവാസനുണ്ട്. വിളിച്ചാലോ?

സ്വന്തമായി സിനിമകൾ സംവിധാനം ചെയ്തുതുടങ്ങിയ കാലമാണ്. 'കുറുക്കന്റെ കല്യാണ'വും 'കിന്നാര'വും കഴിഞ്ഞു. 'മണ്ടന്മാർ ലണ്ടനിൽ' എന്ന സിനിമയുടെ ഡബ്ബിങ് സമയം. കൂടുതൽ രംഗങ്ങൾ ലണ്ടനിലാണ് ചിത്രീകരിച്ചതെങ്കിലും തുടക്കഭാഗം കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തായിരുന്നു.
'തലയില്ലാക്കുന്ന്' എന്ന ഗ്രാമത്തിലെ ചെത്തുകാരനെയും ബാർബറെയും ചോയിമൂപ്പരെയുമൊക്കെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. വളരെ വിശദമായി ആ കഥാപാത്രങ്ങളെ കാണിക്കാൻ നേരമില്ല. പ്രധാനകഥ നടക്കുന്നത് ലണ്ടനിലാണല്ലോ. അതുകൊണ്ട് അവരെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കമന്ററിയിലൂടെ പടം തുടങ്ങാമെന്ന് തീരുമാനിച്ചു.
''തലയില്ലാക്കുന്ന് എന്ന ഗ്രാമം'' എന്നുതുടങ്ങുന്ന വാചകങ്ങൾ പറയാൻ പൗരുഷമുള്ള ഒരു ശബ്ദം വേണം. നിർമാതാവ് റഷീദ് പറഞ്ഞു, ''ചില സിനിമകളിൽ മമ്മൂട്ടിക്ക് ശബ്ദം നൽകുന്ന ഒരു ശ്രീനിവാസനുണ്ട്. നടനാണ്. വിളിച്ചാലോ?''
ശ്രീനിവാസൻ വന്നു. ഞാൻ സൗണ്ട് എൻജിനീയറുടെ മുറിയിലാണ്. അകത്തെ ഹാളിൽ മൈക്കിനുമുന്നിൽ നിൽക്കുന്ന ശ്രീനിവാസനെ ചില്ലുജാലകത്തിലൂടെ എനിക്കുകാണാം. സംഭാഷണമെഴുതിയ കടലാസ് അസിസ്റ്റന്റ് ഡയറക്ടർ കൊടുത്തു. അത് രണ്ടുമൂന്നുവട്ടം വായിച്ചിട്ട് ശ്രീനിവാസൻ പറഞ്ഞു, ''ഞാനൊന്ന് പറഞ്ഞുനോക്കാം.''ആദ്യത്തെ ടേക്ക് തന്നെ ഓക്കെ ആയിരുന്നു. ഞാൻ മനസ്സിൽ കണ്ട അതേ സ്വരം. അതേ ഭാവം. ''നന്നായി'' എന്ന് നേരിട്ടുപറയാൻ ഇറങ്ങിച്ചെല്ലുമ്പോൾ കാണുന്നത് പ്രതിഫലവും വാങ്ങി ഗേറ്റുകടന്നുപോകുന്ന ശ്രീനിവാസനെയാണ്. ''എന്തുകൊണ്ടാണ് ഒന്ന് പരിചയപ്പെടാൻപോലും നിൽക്കാതെ അന്ന് പോയ്ക്കളഞ്ഞത്''എന്ന് പിന്നീട് ഞാൻ ശ്രീനിവാസനോട് ചോദിച്ചിട്ടുണ്ട്.
''എനിക്ക് ആ സമയത്ത് കുറച്ച് കാശ് വേണമായിരുന്നു. അതുകിട്ടി. പിന്നെന്തിനാണ് അവിടെക്കിടന്ന് തിരിയുന്നത്?''
എന്നെ ആദ്യം കണ്ടത് എപ്പോഴാണെന്ന് ഞാൻ ശ്രീനിയോടു ചോദിച്ചിട്ടുണ്ട്. അത് കുറെക്കൂടി മുമ്പാണ്. ഞാൻ പാട്ടെഴുത്തും സഹസംവിധാനവുമായി നടക്കുന്ന കാലം. കോടമ്പാക്കത്തെ റാം തിയേറ്ററിനുമുന്നിലുള്ള മുറുക്കാൻകടയിൽനിന്ന് സിഗരറ്റ് വാങ്ങാൻ വന്നതാണ് ശ്രീനി. എതിർവശത്തെ ബസ്സ്റ്റോപ്പിൽ എഗ്മൂറിലേക്കുള്ള ബസ്സും കാത്തുനിൽക്കുകയായിരുന്നുവത്രെ ഞാൻ.
''നിങ്ങളന്ന് തീരെ മെലിഞ്ഞിട്ടാണ്. തലനിറയെ മുടി. മുണ്ട് മടക്കിക്കുത്തി കുറെ മാസികകളും കൈയിൽപ്പിടിച്ച് നിൽക്കുന്ന നിങ്ങളെ കണ്ട് ഒരു കൂട്ടുകാരനാണ് പറഞ്ഞത്, അതാണ് സത്യൻ അന്തിക്കാട് എന്ന്.''
പിന്നീട്, ഒന്നുചേർന്നൊഴുകാൻ നിയോഗിക്കപ്പെട്ട രണ്ട് കൈവഴികളായിരുന്നു ഞങ്ങൾ. അന്നൊന്നും പരസ്പരം കാണാനോ പരിചയപ്പെടാനോ ഉള്ള സാഹചര്യങ്ങളൊന്നും ഉണ്ടായതേയില്ല. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ,' എന്ന സംഭാഷണവും അന്ന് ജനിച്ചിട്ടില്ല.
ചിലപ്പോൾ ഞാനാലോചിക്കാറുണ്ട്. ശ്രീനിവാസനില്ലെങ്കിൽ ഇന്നത്തെ ഞാനില്ല. മുത്താരംകുന്ന് പി.ഒ. എന്ന സിനിമയുടെ പ്രിവ്യൂ ഷോ കണ്ടപ്പോൾ ഞാനേറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിലെ സംഭാഷണങ്ങളായിരുന്നു. പടം കഴിഞ്ഞ ഉടനെ പുറത്ത് ആൾക്കൂട്ടത്തിൽനിന്ന് മാറിനിന്നിരുന്ന ശ്രീനിവാസനെ തേടിപ്പിടിച്ച് ഞാൻ അഭിനന്ദനങ്ങൾകൊണ്ട് മൂടി. അതിലെ ഓരോ ഡയലോഗുകളും ഓർത്തെടുത്തുപറഞ്ഞു. ശ്രീനി അതൊക്കെ കേട്ട് ചെറിയൊരു ചിരിയോടെ നിന്നതേയുള്ളൂ. ഒരുമിച്ചൊരു പടം ചെയ്യണമെന്ന് പറയണമെന്നുണ്ടായിരുന്നു. പറഞ്ഞില്ല. പിന്നീട് ടി.കെ. ബാലചന്ദ്രനുവേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ ശ്രീനിവാസനെക്കുറിച്ച് ആലോചിച്ചു. നെടുമുടി വേണുവാണ് മേൽവിലാസം തന്നത്. തലശ്ശേരിയിൽ കൂത്തുപറമ്പിനടുത്ത് തൊക്കിലങ്ങാടിയിലെ ഒരു വീടിന്റെ അഡ്രസ്. എനിക്കും ശ്രീനിക്കും അന്ന് ഫോണില്ല. രണ്ടും കല്പിച്ച് ഞാനൊരു ടെലിഗ്രാം ചെയ്തു.
കൃത്യമായി ശ്രീനിക്കത് കിട്ടി. ശ്രീനി മദ്രാസിലെ വുഡ്ലാൻഡ്സ് ഹോട്ടലിലെത്തി. സംസാരിച്ചുതുടങ്ങുന്നതിനുമുൻപേ ശ്രീനി പറഞ്ഞു, ''ഞാനൊരു എഴുത്തുകാരനൊന്നുമല്ല. നിങ്ങളാഗ്രഹിക്കുന്നതുപോലെ ഒരു തിരക്കഥ എഴുതാൻ കഴിയുമെന്നും ഉറപ്പില്ല. ഒന്ന് കണ്ടുസംസാരിച്ചിട്ട് പോകാമെന്നേ കരുതിയിട്ടുള്ളൂ.''
ആ സത്യസന്ധത എന്റെ മനസ്സിനെ തൊട്ടു. ഞാൻ പറഞ്ഞു, ''ഞാനും അത്രയേ വിചാരിച്ചിട്ടുള്ളൂ. നമുക്കൊന്നു ശ്രമിച്ചുനോക്കാം.''
എന്നിട്ട് മനസ്സിലുള്ള ഒരാശയം പറഞ്ഞു. ഇടത്തരക്കാരനായ ഒരു ചെറുപ്പക്കാരൻ. മാസശമ്പളംകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നൊരു പാവം. ഏതാണ്ട് അതേ അവസ്ഥയിലുള്ള ഒരു പെൺകുട്ടി. അവരുടെ ജീവിതം. അതിൽ കഥയൊന്നുമില്ല. പക്ഷേ, അന്നത്തെ ചെറുപ്പക്കാരുടെ ഒരു അവസ്ഥയുണ്ട്.
''ഈ വിഷയത്തിൽനിന്നൊരു കഥയുണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം.''
സംസാരിച്ച്, സംസാരിച്ച് ഞങ്ങൾ രണ്ടുപേരും പെട്ടെന്ന് അതിൽ ഒരുപോലെ മുഴുകിപ്പോയി. ഒടുവിൽ ശ്രീനി പറഞ്ഞു, ''ഇത് നമുക്കു ചെയ്യാം.''
അതാണ്, ടി.പി. ബാലഗോപാലൻ എം.എ. ബാലഗോപാലനിലൂടെയാണ് എന്റെ സംവിധാനജീവിതത്തിന്റെ രണ്ടാമധ്യായം തുടങ്ങുന്നത്. ഞാൻ എന്നെ തിരിച്ചറിയുന്നത്. ശ്രീനിയും മോഹൻലാലും ക്യാമറാമാൻ വിപിൻ മോഹനും എന്നോടൊപ്പം ചേർന്നുള്ള ഒരു ടീം രൂപപ്പെടുന്നത്. അന്നുമുതൽ ഇന്നുവരെയുള്ള യാത്രയിൽ സൗഹൃദത്തിന്റെ ഇഴയടുപ്പം കൂടിയിട്ടേയുള്ളൂ. അഭിമുഖങ്ങളിലും എഴുതുന്ന ലേഖനങ്ങളിലുമൊക്കെ ശ്രീനിവാസനെക്കുറിച്ച് ഒരുപാടുതവണ പറഞ്ഞിട്ടുണ്ട്. സ്വകാര്യസംഭാഷണങ്ങളിൽപോലും ശ്രീനി കടന്നുവരാത്ത ദിവസങ്ങളില്ല. അത്രയേറെ എന്റെ ജീവിതവുമായി ശ്രീനി ചേർന്നുനിൽക്കുന്നു.
ഞങ്ങൾ കലഹിച്ചിട്ടുണ്ട്. തിരക്കഥാചർച്ചകൾക്കിടയിൽ മാത്രം. ഒരുദിവസത്തിനപ്പുറം ആ ദേഷ്യം നീണ്ടുനിന്നിട്ടില്ല. 'നാടോടിക്കാറ്റ്' ഷൂട്ടിങ് ഡേറ്റൊക്കെ തീരുമാനിച്ചു. ക്ലൈമാക്സ് രൂപപ്പെട്ടിട്ടില്ല. ഞാൻ നിർദേശിക്കുന്ന സന്ദർഭങ്ങൾ ശ്രീനിയും ശ്രീനി പറയുന്നത് എനിക്കും തൃപ്തിയാകുന്നില്ല. ദാസനും വിജയനും ഞങ്ങളുടെ മുൻപിൽ എങ്ങോട്ട് തിരിയണമെന്നറിയാതെ നട്ടംതിരിഞ്ഞുനിൽക്കുന്ന അവസ്ഥ.
ശ്രീനി പിണങ്ങി. ''ഞാൻ നാളെ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്. എനിക്ക് ഇതിൽ കൂടുതൽ ചിന്തിക്കാൻപറ്റില്ല. തിരക്കഥ എഴുതണമെന്ന് പറഞ്ഞ് നിങ്ങളുടെ മുമ്പിൽ ഭിക്ഷാംദേഹിയായി ഞാൻ വന്നിട്ടില്ലല്ലോ. എന്നെ വിട്ടേക്ക്.'' കരിമ്പടമെടുത്ത് തലവഴി മൂടി ശ്രീനി കിടന്നു. ഏറ്റുമുട്ടലിന് നിൽക്കാതെ തിരിച്ച് ഞാനെന്റെ ഫ്ളാറ്റിൽ പോയി.
പിറ്റേന്ന് രാവിലെ മുറിയിൽ ചെല്ലുമ്പോഴും കടന്നൽ കുത്തിയ മുഖഭാവത്തോടെ കലിപ്പിലാണ് ശ്രീനി. പതുക്കെപ്പതുക്കെ ഞാൻ സിനിമയുടെ നല്ലവശങ്ങളെപ്പറ്റി പറഞ്ഞു. ഞങ്ങളുണ്ടാക്കിയ രസകരമായ രംഗങ്ങളുടെ പുതുമയെക്കുറിച്ച് സംസാരിച്ചു. അറിയാതെ ശ്രീനിയും അതിലേക്ക് ചേർന്നു. അന്നാണ് കോവൈ വെങ്കിടേശൻ എന്ന കഥാപാത്രം ജനിക്കുന്നത്. അവിടംമുതൽ കഥയ്ക്ക് വീണ്ടും ജീവൻവെച്ചു. എഴുതാൻപോകുന്ന സീനുകളെക്കുറിച്ച് പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു. മനസ്സിലെ കാർമേഘമെല്ലാം മാഞ്ഞുകഴിഞ്ഞിരുന്നു. അപ്പോൾ ശ്രീനി പറഞ്ഞു, ''ഇന്നലെ പറഞ്ഞ സീനുകൾ ബോറായിരുന്നു അല്ലേ?''
അതെയെന്ന് ഞാൻ തലകുലുക്കി. ''ഹൃദയംഗമമായ മാപ്പ്'' അതിലുമുണ്ടൊരു ശ്രീനിവാസൻ ടച്ച്. ഒരിക്കൽ, ശ്രീനി തിരക്കഥയെഴുതിയ ഏതോ സിനിമയുടെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുന്നു. തിരക്കഥ മാത്രമേ തയ്യാറായിട്ടുള്ളൂ. സീനുകൾ ഷൂട്ടിങ്ങിനിടയിലാണ് എഴുതുന്നത്.
ഒരു ദിവസം ശ്രീനി പറഞ്ഞു. ''ഞാൻ ലൊക്കേഷനിലേക്ക് വരുന്നില്ല. മുറിയടച്ചിരുന്ന് കഴിയാവുന്നിടത്തോളം സീനുകൾ എഴുതാൻ നോക്കട്ടെ. ഇന്ന് കുറേ എഴുതാൻ സാധിച്ചേക്കും എന്നൊരു തോന്നൽ''.
എനിക്ക് സന്തോഷമായി. കുറെ ദൂരെ എവിടെയോ ആണ് അന്നത്തെ ലൊക്കേഷൻ. ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ഒരു ചെറുപ്പക്കാരൻ ക്യാമറയ്ക്കുപിന്നിൽനിന്ന് എന്നോട് ചാൻസ് ചോദിക്കാൻ തുടങ്ങി. അവസരം ചോദിക്കാനെത്തുന്നവരോടും അന്നൊന്നും രൂക്ഷമായി മറുപടി പറയാറില്ല. ഓരോ ഷോട്ടുകഴിയുമ്പോഴും അയാൾ എന്റെ അടുത്തുവരും. ഒടുവിൽ ഞാൻ പറഞ്ഞു. ''സുഹൃത്തേ, ഞാനല്ല ഇതൊക്കെ തീരുമാനിക്കുന്നത്. ശ്രീനിവാസനാണ് തിരക്കഥാകൃത്ത്. ശ്രീനിയാണ് തീരുമാനിക്കുന്നത് അദ്ദേഹമെഴുതുന്ന കഥാപാത്രങ്ങൾ ആരൊക്കെ അഭിനയിക്കണമെന്ന്. ഈ സിനിമയിൽ ഇനി പുതിയ കഥാപാത്രങ്ങളൊന്നുമില്ല.'' പിന്നീടയാളെ കണ്ടില്ല. ഒന്നുരണ്ട് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ, ഒരു ടാക്സികാർ ലൊക്കേഷനിൽ വന്നുനിൽക്കുന്നു. ശ്രീനിവാസനും നേരത്തെ കണ്ട ചെറുപ്പക്കാരനും ഇറങ്ങിവരുന്നു.
മുറിയിൽ അടച്ചിട്ടിരുന്ന് എഴുതാൻ പോകുന്നു എന്ന് പറഞ്ഞ ശ്രീനിവാസനെ കണ്ട് ഞാനൊന്ന് അമ്പരന്നു. വളരെ ഗൗരവത്തിൽ, കൂടെ വന്ന ചാൻസ് മോഹിയെ മുന്നിലേക്ക് നിർത്തി ശ്രീനി പറഞ്ഞു,
''ഈ പടത്തിൽ ആര് അഭിനയിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണെന്നല്ലേ നിങ്ങൾ പറഞ്ഞത്. ദേ ഇയാളെ ജയറാമിന്റെ അനിയനായി അഭിനയിപ്പിക്കണം. പുതിയ കഥാപാത്രമാണ്. ചിത്രത്തിൽ ഉടനീളമുണ്ടാകും.'' ചെറുപ്പക്കാരൻ പ്രതീക്ഷയോടെ നിൽക്കുകയാണ്. ഞാൻ ശ്രീനിയെ മാറ്റിനിർത്തി ചോദിച്ചു, ''എന്താണിത്?''
''പിന്നല്ലാതെ? എന്നെ മുറിയിലിരുന്ന് എഴുതാൻ സമ്മതിക്കുന്നില്ല. ഞാൻ പറഞ്ഞാൽ റോൾ ഉറപ്പാണെന്ന്, സംവിധായകൻ പറഞ്ഞെന്നുപറഞ്ഞ് കാലുപിടിത്തം, കരച്ചിൽ. എന്നെയിട്ട് വട്ടുപിടിപ്പിക്കുന്നു. സഹികെട്ടപ്പോൾ എന്നാൽ പിന്നെ നിങ്ങളുടെ മുഖംമൂടി ഒന്ന് പൊളിച്ചേക്കാമെന്ന് വിചാരിച്ച് ടാക്സിയും വിളിച്ച് വന്നതാണ്.''
അതാണ് ശ്രീനി. സിനിമയിൽ മാത്രമല്ല ഇത്തരം രംഗങ്ങൾ ജീവിതത്തിലും പ്രയോഗിക്കും.
ഒരിക്കൽ സംവിധാനം പഠിക്കണമെന്ന മോഹവുമായി വന്ന ഒരു പയ്യനോട് ഞാൻ പറഞ്ഞു, ''ഇപ്പോ ഒഴിവില്ല. എനിക്ക് സ്ഥിരം അസിസ്റ്റന്റ് ഉണ്ട്. പുറത്തുനിന്നാരെയും പുതുതായി എടുക്കാൻ നിവൃത്തിയില്ല.''
പയ്യൻ പോകാതെ പിന്നെയും ശല്യം ചെയ്തുകൊണ്ടിരുന്നപ്പോൾ ശ്രീനി ചോദിച്ചു, ''സംവിധാനം ഞാൻ പഠിപ്പിച്ചാൽ മതിയോ?''
''അയ്യോ മതി...സാറല്ലേ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും സംവിധാനം ചെയ്തത്.''
''ശരി. അരമണിക്കൂറുകൊണ്ട് ഞാൻ തന്നെ സംവിധാനം പഠിപ്പിക്കാം.''
''അരമണിക്കൂറുകൊണ്ടോ?''
''അതെ, എനിക്കും അത്രയേ അറിയൂ. അറിയാവുന്നതല്ലേ പഠിപ്പിക്കാൻപറ്റൂ.''
പയ്യൻ വേഗം സ്ഥലംവിട്ടു.
അടുത്തിടെ ശ്രീനിവാസൻ പറഞ്ഞ ഒരു കമന്റിന്റെപേരിൽ ഒരാൾ മാനനഷ്ടത്തിന് കേസ്‌കൊടുക്കാൻ പോകുന്നുവെന്ന വാർത്ത വന്നു. ഞങ്ങൾക്ക് രണ്ടുപേർക്കുമറിയാവുന്ന ഒരു ചാനൽ മേധാവി എന്നെ വിളിച്ച് പറഞ്ഞു, ''നമുക്കത് ഒത്തുതീർപ്പാക്കാൻ ശ്രമിക്കാം. ഞാനറിയുന്ന കക്ഷിയാണ്. ശ്രീനിവാസനെ വിളിച്ചൊന്ന് പറയൂ. ഞാനിടപെട്ട് സംസാരിക്കാം.''
ഞാനത് അങ്ങനെത്തന്നെ ശ്രീനിവാസനോട് പറഞ്ഞു. ഒരുനിമിഷംപോലും ചിന്തിക്കാതെ ശ്രീനിവാസന്റെ മറുപടി വന്നു, ''അയാൾ കേസുകൊടുത്തോട്ടെ. സുപ്രീംകോടതിവരെ പോയി ആ കേസ് നടത്താൻ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. അതിന് ചെലവാക്കാൻ വേണ്ട സമയവും പണവും ഞാൻ കരുതിവെച്ചിട്ടുണ്ട്.''
ഭയം എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയാണ് ശ്രീനിവാസൻ. പണ്ടുമുതലേ അങ്ങനെയാണ്. 'സന്ദേശ'വും 'വരവേൽപ്പു'മൊക്കെ ഇറങ്ങിയകാലത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും ഊമക്കത്തുകളുടെ പെരുമഴയായിരുന്നു. അന്നത് തമാശയായേ കണ്ടിട്ടുള്ളൂ. ഒരുമിച്ചുകൂടുമ്പോൾ ആ കത്തുകൾ പൊട്ടിച്ച്, അതിലെഴുതിയ വരികൾ ഉറക്കെ വായിച്ച് പൊട്ടിച്ചിരിക്കും.
കുറച്ചുനാളുകൾക്കുമുൻപ് ഒരു യുട്യൂബ് ചാനലിൽ ബുദ്ധിജീവിപരിവേഷമുള്ള ഒരു മാധ്യമപ്രവർത്തക ശ്രീനിവാസനെ നിശിതമായി വിമർശിക്കുന്നു. അവർ വിശ്വസിക്കുന്ന പാർട്ടിയെ ശ്രീനിവാസൻ ബഹുമാനിക്കുന്നില്ല എന്നത് മാത്രമാണ് യഥാർഥകാരണം. ശ്രീനിയുടെ ഏതോ അഭിപ്രായത്തിന്റെ പേരിലാണ് ചീത്തപറച്ചിൽ. ഇടയ്ക്കിടയ്ക്ക് 'സമ്പന്നനായ ശ്രീനിവാസൻ സമ്പന്നനായ ശ്രീനിവാസൻ' എന്ന് കളിയാക്കി പറയുന്നുമുണ്ട്.
ന്യായമായും മാധ്യമപ്രവർത്തക പ്രതീക്ഷിച്ചിരിക്കുക അതുകണ്ട് ശ്രീനിവാസൻ നാണിച്ച് തലതാഴ്ത്തും എന്നുതന്നെയാകണം. വളരെ കുറച്ച് പ്രേക്ഷകർ മാത്രമുള്ള ആ ചാനലിലെ പരിപാടി ആരോ ശ്രീനിക്ക് അയച്ചുകൊടുത്തതാണ്. പിന്നീടുള്ള ദിവസങ്ങളിൽ ശ്രീനിയെ കാണാൻവരുന്ന സുഹൃത്തുക്കളെയൊക്കെ നിർബന്ധമായി ശ്രീനി അത് പ്ലേചെയ്ത് കാണിക്കും.
''ഞാൻ സമ്പന്നനാണെന്ന് നിങ്ങളൊന്നും ഇതുവരെ സമ്മതിച്ചുതന്നിട്ടില്ലല്ലോ... ഇനിയെങ്കിലും വിശ്വസിക്കൂ. എന്നെ നേരിട്ടറിയാത്ത ഈ പെൺകുട്ടിക്കുപോലുമറിയാം ഞാനൊരു പണക്കാരനാണെന്ന്.''
ഒരിക്കലൊരു ന്യൂജെൻ ഫിലിം മേക്കർ ശ്രീനിവാസന്റെ തിരക്കഥകൾ തീയിട്ടുകളയണമെന്നൊരു പ്രസ്താവന നടത്തി. ശ്രീനി തിരിച്ചൊന്നും പറയാതായപ്പോൾ തുടരെത്തുടരെ ശ്രീനിവാസന്റെ സിനിമകളെ അധിക്ഷേപിച്ചു. ഒടുവിൽ ഒരൊറ്റ വാചകം മാത്രം ശ്രീനി പറഞ്ഞു, ''ജനിക്കുമ്പോൾ കിട്ടാത്തത് വലിക്കുമ്പോൾ കിട്ടില്ല.'' പിന്നീടിന്നുവരെ എതിർകക്ഷിയുടെ ശബ്ദം കേട്ടിട്ടില്ല.
നടനായതുകൊണ്ട് ശ്രീനിവാസൻ എന്ന എഴുത്തുകാരൻ വേണ്ടവിധത്തിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്. ശ്രീകുമാരൻതമ്പിസാർ ഈയിടെ പറഞ്ഞു, ഒരു മേഖലയിൽ പേരെടുത്തുകഴിഞ്ഞാൽ അതിന്റെപേരിൽ മാത്രമേ അവർ വിലയിരുത്തപ്പെടൂ എന്ന്. ഇരുട്ടിന്റെ ആത്മാവും നീലക്കുയിലും പോലെ അതിമനോഹരമായ സിനിമകൾ സംവിധാനംചെയ്ത പി. ഭാസ്‌കരൻ ഇപ്പോഴും ഗാനരചിതാവായി മാത്രമാണ് അറിയപ്പെടുന്നത്.
എത്ര വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസൻ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്പോഴും അകം വിങ്ങുന്ന കഥകൾ. സാധാരണക്കാരന്റെ മനസ്സിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാർ മലയാളസിനിമയിൽ അധികമില്ല. വരും തലമുറ അത് തിരിച്ചറിയും; എനിക്കുറപ്പുണ്ട്. ?
Content Highlights: friendship with director sathyan anthikad and actor sreenivasan