ലക്ഷങ്ങള്‍ വിലവരുന്ന ഫഹദിന്റെ കീപാഡ് ഫോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്മാര്‍ട്ട് ഫോണുകള്‍ ലോകം വാഴുന്ന കാലത്ത് ഒരുകീപാഡ് ഫോണ്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചവിഷയമായിരിക്കുകയാണ്. മോളിവുഡ് ടൈംസ് എന്ന മലയാള ചിത്രത്തിന്റെ പൂജയ്ക്കിടെ ഫഹദ് ഫാസിലിന്റെ കൈയില്‍ കണ്ട കീപാഡ് ഫോണാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളോട് വിട പറഞ്ഞ ഫഹദ് ഫാസില്‍ ഇപ്പോള്‍ കീപാഡ് ഫോണാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അതൊരു സാധാരണ കീപാഡ് ഫോണല്ല. ആഗോള ലക്ഷ്വറി ബ്രാന്‍ഡായ വെര്‍ടുവിന്റെ ഫോണാണ് ഫഹദ് ഫാസില്‍ ഉപയോഗിക്കുന്നത്. വെര്‍ടു അസെന്റ് റെട്രോ ക്ലാസിക് എന്ന കീപാഡ് മോഡലാണ് ഫഹദ് ഉപയോഗിക്കുന്നത്.
വെര്‍ടുവിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലൊന്നായ റെട്രോ ക്ലാസിക്കിന് ഏകദേശം ഏഴുലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വിലവരും. ഇംഗ്ലണ്ട് ആസ്ഥാനമായ വെര്‍ടുവിന്റെ ഫോണുകള്‍ അതിന്റെ നിര്‍മിതി കൊണ്ടും നല്‍കുന്ന സേവനങ്ങള്‍കൊണ്ടും ഏറെ പ്രശസ്തമാണ്. ഫോണിന്റെ ഭാരം കുറയ്ക്കാനും സൗന്ദര്യത്തിനും കരുത്തിനും വേണ്ടി ടൈറ്റാനിയവും, ലെതറും നിര്‍മാണവേളയില്‍ ഉപയോഗിക്കുന്നുണ്ട്. സഫയര്‍ സ്‌ക്രീനാണ് ഫോണിന് നല്‍കിയിരിക്കുന്നത്. സ്‌ക്രാച്ചിനെ പ്രതിരോധിക്കുന്നതും വളരെ ശക്തിയേറിയതുമാണ് ഈ സ്‌ക്രീന്‍. കീപാഡും റൂബി ജെംസ്റ്റോണും സ്‌റ്റൈയിന്‍ലൈസ് സ്റ്റീല്‍ മിശ്രിതവും ഉപയോഗിച്ച് ഏറ്റവും മികവുറ്റ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്.
വെര്‍ടു അതിന്റെ ഉപഭോക്താക്കള്‍ക്ക് ഒറ്റ അമര്‍ത്തലില്‍ ലക്ഷ്വറി സര്‍വീസസ് പ്രധാനം ചെയ്യുന്നു. 24/7 പേര്‍സണല്‍ അസിസ്റ്റന്റ് സര്‍വീസ് ആണ് ഒരൊറ്റ ബട്ടന്‍. സംഭവം കീപാഡ് ഫോണുകളാണെങ്കിലും ലോകം മുഴുവന്‍ ഇന്ന് ആഡംബരത്തിന്റെ അടയാളം കൂടിയാണ് വെര്‍ടു ഫോണുകള്‍. സോഷ്യല്‍മീഡിയ അടക്കമുള്ളയില്‍ നിന്ന് ഫഹദ് തല്‍ക്കാലികമായി മാറിനടക്കുകയാണ് എന്ന് കൂടി തെളിയിക്കുന്നതാണ് ഈ കീപാഡ് ഫോണിന്റെ ഉപയോഗം.
നസ്ലിന്‍ ഗഫൂറിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പൂജയ്ക്ക് ആദ്യ ക്ലാപ്പ് അടിച്ചത് ഫഹദ് ഫാസിലാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Fahadh Faasil`s expensive Vertu keypad phone goes viral. Learn about the luxury brand and its features. #Vertu #FahadhFaasil #LuxuryPhone