അജയ് ദേവ്ഗണിന്റെ 'ദൃശ്യം 3' 500 കോടി ക്ലബ്ബിലേക്ക്; പ്രതികരണവുമായി മോഹൻലാൽ

ബോക്സ് ഓഫീസിൽ മുന്നേറുകയാണ് അജയ് ദേവ്ഗൺ നായകനായ 'ദൃശ്യം 3' (Drishyam: The Conclusion). സിനിമയ്ക്ക് പ്രത്യേക അഭിനന്ദനസന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ബോളിവുഡിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന ചരിത്രനേട്ടത്തിലേക്കെത്തുന്നതിനിടെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആശംസകളുമായി ലാലേട്ടനെത്തിയത്.
സ്റ്റാർ സ്റ്റുഡിയോ 18, പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ് മോഹൻലാൽ ചിത്രത്തെയും അതിൻ്റെ അണിയറപ്രവർത്തകരെയും പുകഴ്ത്തിയത്. ഏവരും ഏറെ നെഞ്ചിലേറ്റിയ ഈ സിനിമായാത്രയ്ക്ക് ഇത്രയും മനോഹരവും അനുയോജ്യവുമായ രീതിയിൽ സമാപ്തി കുറിക്കാൻ കഴിഞ്ഞതിൽ താൻ ശരിക്കും അത്ഭുതപ്പെട്ടുപോയെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ അഭിഷേക് പഥക്, നിർമ്മാതാവ് കുമാർ മംഗത് പഥക്, അജയ് ദേവ്ഗൺ, കൂടാതെ ചിത്രത്തിലെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും മോഹൻലാൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അറിയിച്ചു.
ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്ത് പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. കളക്ഷൻ ട്രാക്കിങ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം പതിനൊന്നാം ദിവസം മാത്രം ഇന്ത്യയിലൊട്ടാകെ 13,605 ഷോകളിൽ നിന്നായി 6.25 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 315.25 കോടിയും ഇന്ത്യൻ ഗ്രോസ് കളക്ഷൻ 378.24 കോടിയുമായി ഉയർന്നു. വിദേശത്ത് നിന്ന് 111.50 കോടി നേടിയതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 489.74 കോടി രൂപയിലെത്തിനിൽക്കുകയാണ്.
തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 500 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. 2026-ൽ നിലവിൽ ലോകമെമ്പാടുമായി 1,813.39 കോടി നേടി മുന്നിൽനിൽക്കുന്ന ബോളിവുഡ് ചിത്രം 'ധുരന്ധർ: ദി റിവഞ്ചി'ന് തൊട്ടുപിന്നിലാണ് 'ദൃശ്യം 3' യുടെ സ്ഥാനം.
മലയാളത്തിൽ ജീത്തു ജോസഫ് ഒരുക്കിയ 'ദൃശ്യം' സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലും മുൻപത്തെ രണ്ട് പതിപ്പുകൾ നിർമ്മിച്ചത്. എന്നാൽ മൂന്നാം ഭാഗത്തിന് പുതിയ കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ അഭിഷേക് പഥക് തന്നെയാണ്. മലയാളം ഫ്രാഞ്ചൈസിയുടെ അതേ പ്രമേയം നിലനിർത്തിക്കൊണ്ട് തന്നെ വേറിട്ടൊരു കഥാന്ത്യമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസും സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അജയ് ദേവ്ഗണിനൊപ്പം ജയ്ദീപ് അഹ്ലാവത്, തബു, ശ്രിയ ശരൺ, രജത് കപൂർ, പ്രകാശ് രാജ്, ഇഷിത ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Drishyam 3 approaches the 500 crore club globally at the box office in 2026., Malayalam superstar Mohanlal congratulated the cast and crew through a special video message., The film earned an impressive global gross of 489.74 crores within eleven days of its October release., Unlike previous parts based on the Malayalam franchise, Abhishek Pathak directed this film with a unique storyline.