ബാഹുബലിയുടെ റെക്കോഡ് 9 വർഷത്തിനുശേഷം തകർത്ത് ധുരന്ധർ

ഫോട്ടോ: IMDb
ഫോട്ടോ: IMDb

എല്ലാ റെക്കോഡുകളും തകർത്ത് മുന്നേറുകയാണ് 'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge). റിലീസ് ചെയ്ത് 11 ദിവസത്തിനുള്ളിൽ 1365 കോടി രൂപയാണ് സിനിമ ബോക്‌സോഫീസിൽനിന്ന് കളക്ട് ചെയ്തത്. ആദ്യ ആഴ്ച തന്നെ സിനിമ 1000 കോടി രൂപ നേട്ടം കൈവരിച്ചിരുന്നു.

അതിനിടെ മറ്റു ചില നേട്ടങ്ങൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ് സിനിമ. വടക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമയും 'ധുരന്ധർ' ആയി മാറി. 'ബാഹുബലി 2'ന്റെ ഒമ്പതുവർഷം പഴക്കമുള്ള റെക്കോഡാണ് വെറും 11 ദിവസം കൊണ്ട് 'ധുരന്ധർ' തകർത്തത്. 'ബാഹുബലി 2' നേരത്തെ 20.78 ദശലക്ഷം ഡോളറാണ് വാരിക്കൂട്ടിയത്. ആ റെക്കോഡ് തകർത്ത 'ധുരന്ധർ' ഇപ്പോഴും കുതിപ്പ് തുടരുകയാണ്.

ഈ വാർത്തയറിഞ്ഞതോടെ 'ബാഹുബലി ടീം' ധുരന്ധറിന് അഭിനന്ദനം അറിയിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ കുറിപ്പിട്ടു. ''ബാഹുബലി 2-ന്റെ 9 വർഷം പഴക്കമുള്ള റെക്കോഡുകൾ തകർത്ത് ഇന്ത്യയിലും അമേരിക്കയിലും ലോകമെമ്പാടും പുതിയ റെക്കോഡുകൾ സൃഷ്ടിക്കുന്ന ആദിത്യ ധറിനും ധുരന്ധർ 2-ന്റെ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ'', എന്നാണ് അവർ പോസ്റ്റ് ചെയ്തത്.

നേരത്തെ അല്ലു അർജുന്റെ 'പുഷ്പ 2: ദ റൈസ്' എന്ന സിനിമയുടെ ആകെ കളക്ഷനും 'ധുരന്ധർ' മറികടന്നിരുന്നു. 812 കോടി രൂപയായിരുന്നു 'പുഷ്പ'യുടെ കളക്ഷൻ. മാത്രമല്ല 'ധുരന്ധർ ഒന്നാം ഭാഗ'ത്തിന്റെ കളക്ഷനും വെറും 11 ദിവസംകൊണ്ടാണ് ഈ സിനിമ മറികടന്നത്. 2025 ഡിസംബറിൽ റിലീസായ ആദ്യഭാഗം 1307 കോടി രൂപയാണ് ആകെ നേടിയത്. എന്നാൽ, വെറും 11 ദിവസംകൊണ്ട് രണ്ടാം ഭാഗം ആ കളക്ഷൻ മറികടന്നു.

രൺവീർ സിങ്, ആർ.മാധവൻ, അർജുൻ രാംപാൽ, സാറ അർജുൻ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു. ആദിത്യ ധർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dhurandhar: The Revenge earned 1365 crores in just 11 days. Surpassed Baahubali 2's 9-year-old North American collection record.