ധർമ്മേന്ദ്രയ്ക്ക് പത്മവിഭൂഷൺ; പുരസ്കാരം അദ്ദേഹം ജീവിച്ചിരുന്നപ്പോൾ നൽകണമായിരുന്നുവെന്ന് അനിൽ ശർമ്മ

ധർമ്മേന്ദ്ര | ANI
ധർമ്മേന്ദ്ര | ANI

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2026-ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, അന്തരിച്ച ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്രയെ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചു. 2025 നവംബർ 24-നായിരുന്നു അദ്ദേഹം അന്തരിച്ചത്.

'ഹുക്കുമത്', 'അപ്നെ' തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ധർമ്മേന്ദ്രയ്‌ക്കൊപ്പം പ്രവർത്തിച്ച സംവിധായകൻ അനിൽ ശർമ്മ, ഈ അംഗീകാരത്തോടുള്ള തന്റെ പ്രതികരണം എക്സിലൂടെ പങ്കുവെച്ചു. ഈ ബഹുമതി അദ്ദേഹം ജീവിച്ചിരുന്നപ്പോൾ നൽകണമായിരുന്നുവെന്ന് അനിൽ ശർമ്മ അഭിപ്രായപ്പെട്ടു.

"ധർമ്മേന്ദ്ര ജിയുടെ പത്മവിഭൂഷൺ നേട്ടത്തിൽ അദ്ദേഹത്തിന്റെ ഓരോ ആരാധകനെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ ബഹുമതി അല്പം കൂടി നേരത്തെ ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു... അത് നേരിട്ട് സ്വീകരിക്കാൻ അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ആ സന്തോഷം അളക്കാനാവാത്തതാകുമായിരുന്നു. എങ്കിലും സത്യം മറ്റൊന്നാണ്... ചില പൈതൃകങ്ങൾ അവാർഡുകൾക്കും മുകളിലാണ്. തലമുറകളായി ധർമ്മേന്ദ്ര ജിക്ക് ലഭിച്ച സ്നേഹവും ബഹുമാനവും ഏതൊരു മെഡലിനേക്കാളും അവാർഡിനേക്കാളും വലുതാണ്" അനിൽ ശർമ്മ കുറിച്ചു.

1960-ൽ 24-ാം വയസ്സിൽ 'ദിൽ ഭി തേരാ ഹം ഭി തേരെ' എന്ന ചിത്രത്തിലൂടെയായിരുന്നു ധർമ്മേന്ദ്രയുടെ അരങ്ങേറ്റം. 'ബന്ദിനി', 'ആയി മിലൻ കി ബേല', 'കാജൽ' തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ സഹനട വേഷങ്ങൾ ചെയ്തു. 1965-ലെ യുദ്ധചിത്രമായ 'ഹഖീഖത്ത്' അദ്ദേഹത്തെ ഒരു ബോക്സ് ഓഫീസ് താരമാക്കി മാറ്റി. 'അനുപമ', 'മേരാ ഗാവ് മേരാ ദേശ്', 'സീത ഔർ ഗീത', 'ഷോലെ', 'യാദോൻ കി ബാരാത്ത്', 'ധരം വീർ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മുൻനിര നായകനായി.

കഴിഞ്ഞ വർഷം നവംബർ 24-ന് മുംബൈയിലെ വസതിയിലായിരുന്നു ധർമ്മേന്ദ്രയുടെ അന്ത്യം. 89 വയസ്സായിരുന്നു അദ്ദേഹത്തിന്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം, ഡിസ്ചാർജ് ആയി വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് അന്തരിച്ചത്.

ജനുവരി 1-ന് തീയേറ്ററുകളിൽ എത്തിയ 'ഇക്കിസ്' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Veteran actor Dharmendra honored with Padma Vibhushan. Director Anil Sharma expresses his thoughts on the posthumous award. A tribute to a legend.