ധർമേന്ദ്രയുടെ ആദ്യപ്രതിഫലം 51 രൂപ; അത് കൂട്ടുകാർക്കൊപ്പം ആഘോഷിച്ചുതീർത്തു

ധർമേന്ദ്ര / IMDb
ധർമേന്ദ്ര / IMDb

1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരാ' എന്ന സിനിമയിലൂടെയാണ് ധർമേന്ദ്രയുടെ സിനിമാപ്രവേശം. എന്നാൽ, പ്രശസ്തിയിലേക്കുയരുന്നത് ഷോല ഓർ ഷബ്‌നം, ആയേ മിലൻ കി ബേലാ, ഫൂൽ ഓർ പഥർ, ആയേ ദിൻ ബഹാർ കെ എന്ന സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ്. 65 വർഷം നീണ്ട സിനിമാജീവിതം. ഏറ്റവുമൊടുവിലായി അദ്ദേഹം അഭിനയിച്ചത് റോക്കി ഓർ റോണി കി പ്രേം കഹാനി, തേരി ബാതോം മേം എയ്‌സാ ഉൽഛാ ജിയാ എന്നീ സിനിമകളിലാണ്. 'ഇക്കീസ്' ആണ് റിലീസ് ചെയ്യാനിരിക്കുന്നത്.

തന്റെ പ്രതിഫലത്തെക്കുറിച്ച് ഒരിക്കൽ ധർമേന്ദ്ര പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. സൽമാൻ ഖാന്റെ 'ടെൻ കാ ദം' എന്ന ഷോയിലായിരുന്നു ധർമേന്ദ്രയുടെ വെളിപ്പെടുത്തൽ. പരിപാടിയിൽ ഒരുലക്ഷം രൂപ ധർമേന്ദ്ര നേടിയപ്പോൾ, ആദ്യസിനിമയിലെ പ്രതിഫലവും ഇതായിരുന്നോ എന്ന് സൽമാൻ ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞതിങ്ങനെ, ''5000 എങ്കിലും കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയോടെയാണ് നിർമാതാവിന്റെ ഓഫീസിൽ കാത്തിരുന്നതും. ഒടുവിൽ കൈയിൽ കിട്ടിയത് വെറും 51 രൂപയും. മൂന്ന് നിർമാതാക്കളാണ് ഉണ്ടായിരുന്നത്. അവർ ഓരോരുത്തരും 17 രൂപ വീതമിട്ടാണ് എനിക്ക് തന്നത്''.

ആ പണം എങ്ങനെയാണ് ചെലവഴിച്ചതെന്നും അദ്ദേഹം പറയുന്നു. ''51 രൂപയ്ക്ക് മദ്യം വാങ്ങി, കൂട്ടുകാർക്കൊപ്പം ആഘോഷിച്ചു. തൂവാല കൊണ്ട് ഗ്ലാസിനെ പൊതിഞ്ഞുപിടിച്ചാണ് ഞാൻ ആ മദ്യം കഴിച്ചത്''.

എന്നാൽ, പിന്നീട് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി മാറി അദ്ദേഹം. ഒരുകാലത്ത് അമിതാഭ് ബച്ചനേക്കാൾ പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചിരുന്നു. 'ഷോലെ'യിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതും അദ്ദേഹത്തിനുതന്നെ. അമിതാഭ് ബച്ചന് ഒരുലക്ഷം ലഭിച്ചപ്പോൾ, ധർമേന്ദ്രയ്ക്ക് കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dharmendra, the iconic Bollywood star, revealed his first film salary was only Rs 51. Discover how he celebrated this modest earning and his journey to superstardom