‘വര്‍ഷങ്ങളായി പുരുഷസൂപ്പര്‍താരങ്ങള്‍ 8 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നു; പേരുകള്‍ പറഞ്ഞ് വലിയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല’

ദീപിക പദുകോൺ / ഇൻസ്റ്റാഗ്രാം
ദീപിക പദുകോൺ / ഇൻസ്റ്റാഗ്രാം

ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാളാണ് ദീപിക പദുക്കോണ്‍. പ്രഭാസിനൊപ്പമുള്ള സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്', 'കല്‍ക്കി 2' എന്നീ രണ്ട് വലിയ പ്രോജക്റ്റുകളില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ടിരുന്നു. മകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ 8 മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ, തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ദീപിക പദുക്കോണ്‍.

വര്‍ഷങ്ങളായി 'പുരുഷ സൂപ്പര്‍താരങ്ങള്‍' 8 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ടെന്ന്‌ അഭിമുഖത്തില്‍ സംസാരിക്കവെ ദീപിക പറഞ്ഞു. ദീപികയുടെ തീരുമാനത്തിന് വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ നേരിടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'ഒരു സ്ത്രീയായതുകൊണ്ട് ഇത് ഒരുതരം പിടിവാശിയായോ മറ്റോ ആണ് തോന്നുന്നതെങ്കില്‍, അങ്ങനെ ആയിക്കോട്ടെ. എന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഒരുപാട് പുരുഷ സൂപ്പര്‍താരങ്ങള്‍ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നത് ഒരു രഹസ്യമല്ല, അത് ഒരിക്കലും വാര്‍ത്തയായിട്ടുമില്ല.'

'ഞാനിപ്പോള്‍ പേരുകള്‍ പറഞ്ഞ് ഇതൊരു വലിയ വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നിരവധി പുരുഷ താരങ്ങള്‍ വര്‍ഷങ്ങളായി ദിവസവും എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെന്നത് പരസ്യമായ കാര്യമാണ്. അവരില്‍ പലരും തിങ്കള്‍ മുതല്‍ വെള്ളി വരെ എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാറുള്ളൂ. അവര്‍ വാരാന്ത്യങ്ങളില്‍ ജോലി ചെയ്യാറില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ചലച്ചിത്രമേഖലയെ ഒരു വ്യവസായം എന്ന് വിളിക്കുന്നുണ്ടെങ്കിലും, നമ്മള്‍ ഒരിക്കലും ഒരു വ്യവസായം പോലെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ദീപിക പറഞ്ഞു. ഇതൊരു 'സംഘടിതമല്ലാത്ത വ്യവസായമാണെന്നും', 'ഈ സംസ്‌കാരത്തില്‍ കുറച്ചുകൂടി ചിട്ട കൊണ്ടുവരേണ്ട സമയമായി' എന്ന് താന്‍ കരുതുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

മകള്‍ ദുവയ്ക്കൊപ്പം സമയം ചെലവഴിക്കുന്നതിനായി, ഷൂട്ടിങ് സമയത്ത് ദിവസവും എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യില്ലെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദീപിക 'സ്പിരിറ്റ്' എന്ന ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തിന്റെ ഭാഗമല്ല ദീപികയെന്ന് വൈജയന്തി മൂവീസ് പ്രഖ്യാപിച്ചിരുന്നു. അവരുടെ പ്രസ്താവനയില്‍, 'സൂക്ഷ്മമായ പരിഗണനയ്ക്ക്' ശേഷം ദീപികയുമായി പിരിയാന്‍ തീരുമാനിച്ചതായും, 'കല്‍ക്കി പോലൊരു സിനിമയ്ക്ക് ഉയര്‍ന്ന തലത്തിലുള്ള 'പ്രതിബദ്ധത' ആവശ്യമാണെന്നും' കൂട്ടിച്ചേര്‍ത്തു.

‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറി ദിവസങ്ങള്‍ക്കകം ദീപിക 'കിങ്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘കിങ്ങി’ല്‍ ഷാരൂഖ് ഖാന്‍, സുഹാന ഖാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അല്ലു അര്‍ജുനൊപ്പം അറ്റ്ലി സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രത്തിലും ദീപിക അഭിനയിക്കും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: bollywood star deepika padukone addresses reports of being removed from projects for demanding 8-hour work shifts, advocating for work-life balance and systemic change in the industry.