ഏഴുമാസം ഗർഭിണി, തീവ്രമായ ആക്ഷൻരംഗം ചിത്രീകരിച്ച് ദീപിക, ഒപ്പം നൈറ്റ് ഡ്യൂട്ടിയും

ദീപിക പദുകോൺ
ദീപിക പദുകോൺ

രണ്ടാമത്തെ കുഞ്ഞിനായുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ഏഴുമാസം ഗർഭിണിയായ താരം (third trimester) അല്ലു അർജുനൊപ്പമുള്ള 'റാക്ക' സിനിമയുടെ ചിത്രീകരണത്തിനായി കഠിനമായി പ്രയത്നിക്കുകയാണെന്നാണ് ഏറ്റവും പുതിയ വാർത്ത. ഏഴാം മാസത്തിലും രാത്രി ഡ്യൂട്ടിയും അതിതീവ്രമായ ആക്ഷൻ രംഗങ്ങളും ചിത്രീകരിക്കുകയാണ് നടി.  

ഒരു ക്രൂ അംഗം പറയുന്നതുപ്രകാരം "പ്രസവ അവധിക്ക് പോകുന്നതിന് മുമ്പ് സിനിമ പൂർത്തിയാക്കാൻ എന്തുചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാൻ ദീപിക നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ്. ചില ആക്ഷൻ രംഗങ്ങൾ ആവശ്യമായിവന്നു, ചെയ്യാൻ വളരെ ദുഷ്കരമാണെങ്കിലും വെല്ലുവിളികൾക്കിടയിലും അവൾക്കത് പൂർത്തിയാക്കാൻ കഴിഞ്ഞു. ഇങ്ങനെ പ്രയത്നിക്കുന്ന ദീപികയെ കാണുന്നത് സെറ്റിലുള്ള എല്ലാവർക്കും പ്രചോദനമാണ്. വീട്ടിൽ ഒന്നര വയസ്സുള്ള മകളുണ്ടെന്നും, അവൾക്കും ദീപികയുടെ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നും അവർ പറയുന്നു.

അറ്റ്ലിയുടെ സംവിധാനത്തിൽ സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന 'റാക്ക' 2027-ലായിരിക്കും റിലീസ് ചെയ്യുക. അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തിറക്കിയിരുന്നു. എട്ട് മണിക്കൂർ ജോലി സമയത്തെക്കുറിച്ചുള്ള വിവാദങ്ങളിൽ നേരത്തേ ദീപിക നിറഞ്ഞുനിന്നിരുന്നു, എന്നാൽ അഭിനയത്തോടുള്ള തന്റെ പ്രതിബദ്ധതയിൽ നിന്ന് ദീപിക ഒരിക്കലും പുറകോട്ടു പോയിട്ടില്ല. ആദ്യ കുഞ്ഞു പിറന്ന പശ്ചാത്തലത്തിൽ തന്റെ ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തണമെന്ന ദീപികയുടെ ആവശ്യം നേരത്തേ വിവാദമായിരുന്നു.

ഒരു സ്ത്രീ ആയതുകൊണ്ടാണ് തന്റെ ആവശ്യം അംഗീകരിക്കാൻ മടിക്കുന്നതെന്നും എന്നാൽ ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പല പുരുഷ സൂപ്പർസ്റ്റാറുകളും വർഷങ്ങളായി 8 മണിക്കൂർ ജോലി ചെയ്യുന്നുവെന്നത് രഹസ്യമല്ലെന്നും ദീപിക തുറന്നടിക്കുകയും ചെയ്തു.  

"ഞാനിപ്പോൾ പേരുകൾ പറയാനും ഇത് ഒരു വലിയ വിഷയമാക്കാനും ആഗ്രഹിക്കുന്നില്ല, എന്നാൽ പല പുരുഷ നടന്മാരും വർഷങ്ങളായി ദിവസവും 8 മണിക്കൂർ ജോലി ചെയ്യുന്നത് പരസ്യമായ ഒന്നാണ്. അവരിൽ പലരും തിങ്കൾ മുതൽ വെള്ളി വരെ 8 മണിക്കൂർ മാത്രമേ ജോലി ചെയ്യുന്നുള്ളൂ, വാരാന്ത്യങ്ങളിൽ ജോലി ചെയ്യുന്നില്ല."- ദീപിക പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Deepika Padukone is shooting intense action sequences for Raaka while 7 months pregnant., The actress maintains a strict 8-hour workday to balance professional and personal life., Raaka, directed by Atlee and starring Allu Arjun, is scheduled for a 2027 release., Deepika advocates for systemic industry changes regarding working hours and conditions.