ധുരന്ധറിനെക്കുറിച്ചുള്ള മൗനത്തിൽ മറുപടിയുമായി ദീപിക; ദീപികയെ വിമർശിച്ച് വീഡിയോയും

രൺവീർ സിങ്, ദീപിക പദുകോൺ / PTI
രൺവീർ സിങ്, ദീപിക പദുകോൺ / PTI

രൺവീർ സിങ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' സിനിമയെ പ്രേക്ഷകരും ബോളിവുഡും ഒരുപോലെ ഏറ്റെടുത്തതാണ്. അവർ രൺവീറിന്റെ പ്രകടനത്തെയും ധുരന്ധറിനെയും വാനോളം പുകഴ്ത്തി. അപ്പോഴും ദീപിക പദുകോൺ സിനിമയെക്കുറിച്ചും രൺവീറിന്റെ പ്രകടനത്തെക്കുറിച്ചും സോഷ്യൽമീഡിയയിൽ മൗനംപാലിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തി.

ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് ദീപിക. ഒരു ഇൻസ്റ്റഗ്രാം റീലിന് മറുപടിയുമായിട്ടാണ് ദീപിക എത്തിയത്. Culture Circle എന്ന ഹാൻഡിലിൽനിന്നാണ് ആ റീൽ വന്നത്. ദീപിക ഇതുവരെ സിനിമ കാണാത്തതിനെക്കുറിച്ചും ആ വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. അതിന്റെ ക്യാപ്ഷൻ ഇങ്ങനെ, '500 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ദീപിക പദുകോൺ 'നിശബ്ദ ചികിത്സ' (silent treatment) നൽകി. 'ധുരന്ധർ 2' ആഗോള റെക്കോർഡുകൾ തകർക്കുമ്പോൾ, ദീപിക സിനിമയുടെ പ്രീമിയർ ഒഴിവാക്കി, തന്റെ അമ്മായിയമ്മയ്‌ക്കൊപ്പം സിത്താർ കച്ചേരിയിൽ പങ്കെടുത്തു. സിനിമയെക്കുറിച്ച് പോസ്റ്റുകളില്ല, പ്രശംസയില്ല, നിശബ്ദത മാത്രം. സംവിധായകനെതിരെ അവർ ഒരു പ്രസ്താവന നടത്തുകയാണോ അതോ എല്ലാവർക്കും പ്രിയപ്പെട്ട സിനിമയിൽ നിന്ന് ഒഴിഞ്ഞുമാറുകയാണോ?'

ധുരന്ധറിന്റെ ചരിത്രവിജയത്തെ ദീപിക അഭിനന്ദിച്ചില്ലെന്നും അവർ സോഷ്യൽമീഡിയയിൽ ഒന്നും പങ്കുവെച്ചില്ലെന്നും ആ പോസ്റ്റ് പറയുന്നു. ദീപികയുടെ രാഷ്ട്രീയനിലപാടിനെയും പോസ്റ്റ് ചോദ്യം ചെയ്യുന്നു. 'ഇത് മനഃപൂർവമായ പ്രസ്താവനയാണോ അതോ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ നിശബ്ദതയിലേക്ക് ഇന്റർനെറ്റ് അമിതമായി കടക്കുകയാണോ?' എന്നും വീഡിയോയുടെ അവസാനം ചോദിക്കുന്നു.

ധുരന്ധർ സിനിമയുടെ പ്രീമിയർ നടക്കുമ്പോൾ രൺവീർ സിങ്ങിന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സിത്താർ കച്ചേരി കാണാനാണ് ദീപിക സമയം ചെലവഴിച്ചത്.

ഈ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ഇപ്പോൾ കമന്റുമായി എത്തിയിരിക്കുകയാണ് ദീപിക. 'നിങ്ങൾ എല്ലാവരും കാണുന്നതിനും എത്രയോ മുമ്പ് ഞാൻ ആ സിനിമ കണ്ടുകഴിഞ്ഞു'. പിന്നാലെ ദീപികയുടെ ആരാധകരും താരത്തിന് പിന്തുണയുമായെത്തി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Deepika Padukone clarifies she watched Dhurandhar before the public. Addresses social media criticism regarding her absence from the film's premiere.