ദീപികയെ അവതരിപ്പിച്ച സംവിധായകൻ പറയുന്നു, അവൾ ആഗോളതലത്തിൽ വളരാൻ വിധിക്കപ്പെട്ടവളായിരുന്നു

ഫറാ ഖാന്റെ 2007-ലെ ഹിറ്റ് ചിത്രമായ 'ഓം ശാന്തി ഓമി'ലൂടെയാണ് ബോളിവുഡ് താരം ദീപിക പദുകോൺ ഏവർക്കും സുപരിചിതയായത്. എന്നാൽ അതായിരുന്നില്ല അവരുടെ ആദ്യ ചിത്രം. കൊങ്കണിയാണ് ദീപികയുടെ മാതൃഭാഷ. ഒരു കന്നഡ ചിത്രത്തിലൂടെയായിരുന്നു അവരുടെ അരങ്ങേറ്റവും. 2006 ലെ ഹിറ്റ് ചിത്രമായ 'ഐശ്വര്യ'യിലൂടെയായിരുന്നു അത്. ചിത്രത്തിലൂടെ ദീപികയെ സിനിമാലോകത്തേക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷും. നാഗാർജുനയുടെ തെലുങ്ക് ഹിറ്റ് ചിത്രമായ 'മന്മധുദു'വിന്റെ (2002) ഔദ്യോഗിക റീമേക്കും, സൂര്യയുടെ തമിഴ് ഹിറ്റ് ചിത്രമായ 'ഗജനി'യിൽ (2005) നിന്നുള്ള ചില ഭാഗങ്ങൾ പ്രചോദനവുമായെടുത്ത സിനിമയായിരുന്നു ഇത്.
ദീപികയും ഇന്ദ്രജിത്തും ഒന്നിച്ച് ബാഡ്മിന്റൺ കളിച്ചവരാണ്. കൗമാരത്തിൽ ദീപിക ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു.
“ഞാൻ സംസ്ഥാനത്തിന് വേണ്ടി കളിച്ചിരുന്ന സമയത്ത് ദീപികയോടൊപ്പം ബാഡ്മിന്റൺ കളിക്കാറുണ്ടായിരുന്നു. പിന്നീട് ഞാൻ സംവിധായകനായി, അവൾ നടിയായി. ഞാൻ നാല് ചിത്രങ്ങളുടെ സംവിധായകനായപ്പോൾ അവൾ എന്റെ ചിത്രത്തിൽ ഒപ്പുവെക്കണമെന്ന് ആഗ്രഹം തോന്നി. ആ സമയത്ത് അവളൊരു മോഡലായിരുന്നു, 'ഐശ്വര്യ'യുടെ കഥ പറയാൻ അവളെ കണ്ട ദിവസം തന്നെ ദീപികയൊരു താരമാകാൻ പിറന്നവളാണെന്ന് എനിക്ക് മനസ്സിലായി" ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഇന്ദ്രജിത് പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതിന് മുമ്പ് തന്നെ അവളുടെ ഏകാഗ്രതയും പ്രൊഫഷണലിസവും തന്നെ ഒരുപാട് ആകർഷിച്ചുവെന്നും അവൾ ആഗോളതലത്തിൽ വളരാൻ വിധിക്കപ്പെട്ടവളാണെന്ന് തനിക്ക് അന്നേ അറിയാമായിരുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു.
“അവളിലെ ഏകാഗ്രതയും അഭിലാഷവും അച്ചടക്കവും ഞാൻ കണ്ടു. കന്നഡയിലോ ബോക്സോഫീസിലോ മാത്രമായി അവൾ ഒതുങ്ങുമെന്ന് കരുതുന്നില്ലെന്ന് ചിത്രീകരണ വേളയിൽ ഞാനവളോട് പറഞ്ഞിരുന്നു, ഒരു ഗ്ലോബൽ സ്റ്റാർ ആകാൻ ആവശ്യമായതെല്ലാം അവളിലുണ്ടെന്ന് എനിക്ക് തോന്നി" അദ്ദേഹം പറഞ്ഞു. 8 മണിക്കൂർ ജോലി സമയമെന്ന നടിയുടെ ആവശ്യത്തോടും സംവിധായകൻ യോജിച്ചു. പൂർണ്ണമായും യോജിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അഭിനേതാക്കൾ എട്ട് മണിക്കൂറിൽ കൂടുതൽ ഷൂട്ട് ചെയ്യുമ്പോൾ അത് ക്യാമറയിൽ പ്രകടമാകുമെന്നും ഇന്ദ്രജിത്ത് അവകാശപ്പെട്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Indrajit Lankesh introduced Deepika Padukone in the 2006 Kannada film Aishwarya., Indrajit recognized her focus, ambition, and discipline early on while playing badminton., He predicted she would transcend regional cinema and Bollywood to become a global star., Deepika transitioned from modelling and regional cinema to Bollywood and Hollywood.