'ഒ. ബേബി' ഉയര്‍ത്തുന്ന രാഷ്ട്രീയമുണ്ട്. അതുള്ക്കൊള്ളുന്നതാവണം കോസ്റ്റ്യൂം എന്ന് രഞ്ജന്സാര് പറഞ്ഞു

''സിനിമയിലായാലും ജീവിതത്തിലായാലും വളരെ റിലാക്സായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ഇതുവരെയുള്ള എന്റെ കരിയറിനെ അടയാളപ്പെടുത്താന്പോന്ന നേട്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. അവാര്‍ഡ് ഏറെ സന്തോഷിപ്പിച്ചു. ഇതെന്റെ കഠിനാധ്വാനത്തിനും കരിയറിനുമുള്ള അംഗീകാരമായി കരുതുന്നു.'' 'ഒ. ബേബി' എന്ന സിനിമയിലൂടെ ഇത്തവണത്തെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ ഫെമിനാ ജബ്ബാര്‍ സിനിമാ വിശേഷങ്ങൾ പറയുന്നു.
സകലകലാ പ്രൊഫൈല്‍
തന്റെ സിനിമയില്‍ പുതിയൊരാളെ പരീക്ഷിക്കാനുള്ള തീരുമാനത്തിലായിരുന്നു രഞ്ജന്‍ പ്രമോദ് സാര്‍. അന്നേരമാണ് എന്റെ പ്രൊഫൈല്‍ അദ്ദേഹം കാണുന്നത്. കോസ്റ്റ്യൂം ഡിസൈനിങ്ങിനുപുറമേ എഴുതുമെന്നും ചിത്രംവരയ്ക്കുമെന്നും കണ്ടപ്പോള്‍ അദ്ദേഹത്തിന് താത്പര്യം തോന്നി. ടെക്നീഷ്യന്സാണെങ്കില്പ്പോലും അവരുടെ ക്രിയേറ്റീവ് സൈഡുകൂടി അദ്ദേഹം നോക്കും. ഞാന്‍ ഓക്കെയാണെന്ന് അദ്ദേഹത്തിന് തോന്നി. നേരിട്ട് കാണണമെന്ന് പറഞ്ഞു. പോയിക്കണ്ടു. അങ്ങനെ 'ഒ. ബേബി'യില്‍ എത്തി.
ഹൈറേഞ്ചിലെ നാളുകള്‍
സിനിമയെപ്പറ്റി കൃത്യമായ രൂപം സംവിധായകന് തന്നിരുന്നു. കുമളിയിലായിരുന്നു ഷൂട്ട്. അതിനുമുന്പേ എന്നോട് കുറച്ചുനാള്‍ അവിടെ താമസിച്ച് അവിടെയുള്ളവരുടെ വസ്ത്രധാരണരീതിയെല്ലാം പഠിക്കാന്‍ പറഞ്ഞു. സത്യത്തില്‍ കുടിയേറ്റ കര്‍ഷകരെപ്പറ്റി വിദൂരമായ ഒരറിവുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. പൊതുവില്‍ നമ്മള് സിനിമയിലെല്ലാം കണ്ടിട്ടുള്ള ക്രിസ്ത്യന്വേഷം ചട്ടയും മുണ്ടുമാണല്ലോ. പക്ഷേ, ഇവിടെയുള്ളവര്‍ തമിഴ്രീതികളോട് അടുത്തുകിടക്കുന്നവരാണ്. പുറംലോകവുമായി അധികം ബന്ധമില്ലാത്തവര്‍. കാലാവസ്ഥയാണെങ്കില്‍ എപ്പോഴും മാറിക്കൊണ്ടിരിക്കും.
തുടക്കത്തില്‍ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നെ പൊരുത്തപ്പെട്ടു. ആളുകളും വളരെയധികം സഹായിച്ചു. ഏകദേശം തൊണ്ണൂറുദിവസത്തോളം ഷൂട്ടിങ്ങുണ്ടായിരുന്നു. കാലാവസ്ഥ വെല്ലുവിളിയായി. മഞ്ഞും ചാറ്റല്‍മഴയും മാറിമാറിവരുന്നത് കോസ്റ്റ്യൂമിനെ ബാധിച്ചു. ശ്രദ്ധിച്ചാല്‍ മനസ്സിലാകും. സിനിമയിലെ കൂടുതല്‍പ്പേരും കോട്ടാണ് ധരിച്ചിട്ടുള്ളത്. പിന്നെ, കോവിഡ്സമയം കൂടിയായിരുന്നു. പുറത്തുപോകുന്നതിന് പരിധിയുണ്ട്. എട്ട് അസിസ്റ്റന്റുകള്‍ വേണ്ടിടത്ത് രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. കോസ്റ്റ്യൂംസ് കൃത്യസമയത്ത് കൊണ്ടുവരുന്നത് വെല്ലുവിളിയായി. പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടു.
സംവിധായകന്റെ ഡിമാന്‍ഡ്
'ഒ. ബേബി' ഉയര്‍ത്തുന്ന രാഷ്ട്രീയമുണ്ട്. അതുള്‍ക്കൊള്ളുന്ന തരത്തിലായിരിക്കണം കോസ്റ്റ്യൂം എന്ന ഒറ്റ ഡിമാന്‍ഡ് മാത്രം രഞ്ജന്‍ സാര്‍ വെച്ചു. ക്രിസ്ത്യാനികള്‍ക്കിടയിലും ദളിത്-സവര്ണന് എന്ന അന്തരമുണ്ട്. ബേബി എന്ന കഥാപാത്രം ദളിത് ക്രിസ്ത്യനാണ്. അയാളുടെ കുടുംബത്തിന്റെ വേഷം വേറെയാണ്. അതുപോലെ, രഘുനാഥ് പലേരി സാര്‍ ചെയ്ത കഥാപാത്രം ഉയര്‍ന്ന ജാതിക്കാരനാണ്. അവരുടെ വസ്ത്രധാരണരീതിയിലും വ്യത്യാസമുണ്ട്. ഈ അന്തരത്തെ വേഷങ്ങളിലൂടെ സൂക്ഷ്മമായി കാണിക്കാന്‍ കഴിഞ്ഞു. അതുപോലെ, അവിടത്തെ ആളുകള്‍ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങള്‍ ചെറിയമാറ്റങ്ങള്‍ വരുത്തിയും ഉപയോഗിച്ചു. വസ്ത്രങ്ങളുടെ കാര്യത്തില്‍ സംവിധായകന് നല്ല ധാരണയുണ്ടാകണം. അതില്ലാത്ത സംവിധായകര്ക്കുമുന്നില് പെട്ടുപോയ അവസ്ഥയുണ്ടായിട്ടുണ്ട്. രഞ്ജന്‍ സാര്‍ അക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു.
സിനിമ മോഹിച്ച്
സിനിമാമോഹം ചെറുപ്പം മുതലേയുണ്ടായിരുന്നു. തിരക്കഥ എഴുതാനായിരുന്നു താത്പര്യം. അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ ഈ മേഖലയിലേക്ക് വഴിമാറി. അതിനുമുന്‍പ് കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പം 'ആഗ്നേയ' എന്ന പേരില്‍ ഒരു ബൊട്ടിക് തുടങ്ങി. കുറച്ചുകാലം അതിനുപിന്നാലെയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ അത് വലിയ ഭാരമായിത്തോന്നി. കാരണം ഒരുപാടുസമയം അതിനുവേണ്ടി ചെലവഴിക്കുന്നു. പിന്നെ മാര്‍ക്കറ്റിങ്, സെയില്‍സ് എന്നിവയില്‍ അത്ര വിദഗ്ധയുമല്ല. ക്രിയേറ്റിവിറ്റി മാത്രം പോരല്ലോ കച്ചവടത്തിന്. അങ്ങനെ കടപൂട്ടി. അതുകഴിഞ്ഞാണ് സിനിമയിലേക്കുളള വരവ്. 'തണ്ണീര്‍മത്തന്‍ ദിനങ്ങ'ളായിരുന്നു ആദ്യസിനിമ. നിര്‍മാതാവ് ഞങ്ങളുടെ കുടുംബസുഹൃത്തായിരുന്നു. തുടര്‍ന്ന് 'സൂപ്പര്‍ ശരണ്യ', 'കുടുക്ക്', 'ബി 32 മുതല്‍ 44 വരെ', 'തീപ്പൊരി ബെന്നി' അടക്കം ഇരുപതോളം സിനിമകള്‍ ചെയ്തു.
ഹിന്ദി സിനിമകളിലെ കോസ്റ്റിയൂം
തൃശ്ശൂര്‍ ചാവക്കാടാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. സിനിമകള്‍ കണ്ടുതന്നെയാണ് ഫാഷന്രംഗത്തോട് താത്പര്യം തോന്നുന്നത്. എന്റെ ഉമ്മ ആഴ്ചയിലൊരിക്കല്‍ ഞങ്ങളെ തിയേറ്ററില്‍ കൊണ്ടുപോകും. ഉമ്മ ബാങ്ക് മാനേജരായിരുന്നു. ഫാഷന്‍ ഡിസൈനിങ് കരിയറാക്കാനോ അതേപ്പറ്റി വീട്ടില്പ്പറയാനോ ധൈര്യമുണ്ടായിരുന്നില്ല. ഹിന്ദിസിനിമകള്‍ കണ്ടുതുടങ്ങിയതുമുതല്‍ നായികമാരുടെ കോസ്റ്റ്യൂം ശ്രദ്ധിക്കാന്‍ തുടങ്ങി. അവരുടെ കോസ്റ്റ്യൂം കാണാന്മാത്രം ഒരു സിനിമ അഞ്ചുതവണയെല്ലാം കണ്ടിട്ടുണ്ട്. നാട്ടിന്‍പുറത്തെ ഒരു പെണ്‍കുട്ടിക്ക് അതിനോളം കൗതുകം മറ്റെന്താണ്? പിന്നീട് കല്യാണം കഴിഞ്ഞാണ് ഫാഷന്‍ ഡിസൈനിങ് പഠിക്കാനുള്ള അവസരമുണ്ടായത്. ബി.എ. ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയ ശേഷം ഫാഷന്‍ ഡിസൈനിങ്ങില്‍ പി.ജി.യെടുത്തു.
ഉപ്പ സമ്മാനിച്ച പേര്
കല്യാണം കഴിഞ്ഞ് 16 വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു. അവിടെയുള്ളപ്പോള്‍ ബ്ലോഗെഴുത്ത് തുടങ്ങി. 2012-ല്‍ 'സായ' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. പിന്നെ എഴുത്ത് പതിയെനിന്നു. താത്പര്യങ്ങള്‍ മാറിവന്നു. വലിയ താത്പര്യമില്ലെങ്കിലും അഭിനയത്തിലും ഒരുകൈനോക്കി. 'തണ്ണീര്‍മത്ത'നിലും 'സൂപ്പര്‍ ശരണ്യ'യിലും ചെറിയ വേഷം ചെയ്തു. ഒ. ബേബിയാണ് അല്പം ഭേദപ്പെട്ട് അഭിനയിച്ച സിനിമ. അതില്‍ എന്റേതായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ടുവരാന്പറ്റി. ഏറ്റവും ആത്മവിശ്വാസത്തോടെ ചെയ്യാന്‍പറ്റുന്ന ജോലി കോസ്റ്റ്യൂം ഡിസൈനിങ്ങാണെന്ന് തോന്നിയപ്പോഴാണ് അതില്‍ തുടരാമെന്ന് ഉറപ്പിച്ചത്.
ഉപ്പയാണ് ഫെമിന എന്ന പേരിട്ടത്. അത്യാവശ്യം ബോള്‍ഡായ ആളാണ് ഞാന്‍. 18 വയസ്സുവരെ സ്വയം തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആത്മാഭിമാനം എന്നൊന്നുണ്ടല്ലോ. ചില കാര്യങ്ങള്‍ കാണുമ്പോള്‍ നമുക്ക് സഹിക്കാന്‍പറ്റില്ല. പ്രതികരിക്കും. സിനിമയിലെത്തിയപ്പോഴും ഇതേ പ്രശ്നം ഉണ്ടായിരുന്നു. ഒരു സ്ത്രീ മുന്‍നിരയിലേക്ക് വരുമ്പോള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റില്ല. വളരെ തൃപ്തിയോടെ കോസ്റ്റ്യൂം ഒരുക്കിവരുമ്പോള് ചിലര്‍ നെഗറ്റീവ് പറയും. ഇപ്പോള്‍ അത്തരത്തിലൊന്നും നേരിടേണ്ടിവരാറില്ല. എന്നെ സംബന്ധിച്ച് ഏല്പിച്ച ജോലി ഭംഗിയായിച്ചെയ്യുക എന്നതാണ് പ്രധാനം. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ഏറ്റവും മനോഹരമായ ഇടം സിനിമതന്നെയാണ്.
ഫാന്റസി വിഭാഗത്തില്‍പ്പെട്ട സിനിമകള്‍ക്ക് കോസ്റ്റ്യൂം ഒരുക്കണമെന്ന ആഗ്രഹമുണ്ട്. സാഹിത്യം പഠിച്ചതുകൊണ്ട് ഫെയറി ടെയ്ല്സിനോട് ഒരുപാട് ഇഷ്ടമാണ്. ഭര്‍ത്താവ് ജബ്ബാര്‍ അബുദാബിയിലായിരുന്നു. ഇപ്പോള്‍ നാട്ടിലുണ്ട്. രണ്ട് മക്കളാണ്. മകന് സീഷാന്‍, മകള്‍ വഫ.
Content Highlights: costume designer femina jabbar o.baby