'കൂലി' ചോർന്നു, റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം പൈറസി സൈറ്റുകളിൽ

രജനീകാന്തിന്റെ ആക്ഷൻ ഡ്രാമ ചിത്രം 'കൂലി' തിയേറ്ററുകളിൽ ആദ്യ പ്രദർശനം പൂർത്തിയാക്കും മുൻപേ ഓൺലൈൻ പൈറസി സൈറ്റുകളിൽ ചോർന്നു. ഓഗസ്റ്റ് 14-ന് ഉച്ചയോടെ, സിനിമയുടെ ഉയർന്നതും കുറഞ്ഞതുമായ റെസല്യൂഷനുകളിലുള്ള കോപ്പികൾ നിയമവിരുദ്ധ വെബ്സൈറ്റുകളിലും ടെലിഗ്രാം ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിച്ചു. ചിത്രത്തിന്റെ തിയേറ്റർ പ്രദർശനം ഇതോടെ പരുങ്ങലിലായിരിക്കുകയാണ്.
തമിഴ്റോക്കേഴ്സ്, പൈറേറ്റ്സ്ബേ തുടങ്ങിയ സൈറ്റുകളിൽ നിന്നുള്ള പൈറസി ടോറന്റ് ലിങ്കുകൾ അതിവേഗം പ്രചരിച്ചതോടെ, 'കൂലി ഫ്രീ ഡൗൺലോഡ്' എന്ന വാക്ക് സെർച്ച് എഞ്ചിനുകളിലും സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങായി. സിനിമ തിയേറ്ററുകളിൽ മാത്രം കാണണമെന്നും തിയേറ്റർ റിലീസിനെ പിന്തുണയ്ക്കണമെന്നും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും അഭ്യർഥനയും വന്നിട്ടുണ്ട്.
1080p എച്ച്ഡി മുതൽ വ്യക്തതയില്ലാത്ത 240p പതിപ്പുകൾ വരെയുള്ള കോപ്പികളാണ് മണിക്കൂറുകൾക്കകം പങ്കുവെക്കപ്പെട്ടത്. ടെലിഗ്രാം ചാനലുകൾ വ്യാപകമായി ചോർത്തലിൽ പങ്കുചേർന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യിൽ രജനികാന്തിനൊപ്പം നാഗാർജുന, ആമിർ ഖാൻ, ശ്രുതി ഹാസൻ എന്നിവരും അണിനിരക്കുന്നുണ്ട്.
നിയമവിരുദ്ധമായി ചിത്രം കാണുന്നവർ അറിയാൻ
നിയമവിരുദ്ധ മാർഗങ്ങളിലൂടെ ചിത്രങ്ങൾ കാണുന്നത് ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റമാണ്. പകർപ്പവകാശ നിയമപ്രകാരം, പൈറസിക്ക് രണ്ടുലക്ഷം രൂപ വരെ പിഴയും ജയിൽ ശിക്ഷയും ലഭിക്കാം.
ഇതിനെല്ലാം പുറമെ, മാൽവെയർ, സ്പൈവെയർ, ഫിഷിങ് ലിങ്കുകൾ പോലുള്ള മറഞ്ഞിരിക്കുന്ന ഭീഷണികൾ പൈറസി പ്ലാറ്റ്‌ഫോമുകളിൽ ഉണ്ടാകുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടാനും അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും മറ്റ് സാമ്പത്തിക തട്ടിപ്പുകൾക്കും ഇത് കാരണമാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rajinikanth`s Coolie leaked online hours after release. Downloading from torrent sites is illegal and risky. Watch in theaters to support the film.