നഷ്ടം 300 കോടി, പണം വാരി അഞ്ച് സിനിമകള്‍, ഇളക്കമില്ലാതെ മമ്മൂട്ടിയും മോഹന്‍ലാലും....

' മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പത്ത് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു എന്ന് വിചാരിക്കുക, എല്ലാവരും ഈ സൂപ്പര്‍താരങ്ങളെ കുറ്റം പറയും ചീത്തവിളിക്കും, എന്നാല്‍ ഒരൊറ്റ പടം മതി, ജനം തിയേറ്ററുകളിലേക്ക് ഒഴുകും, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടും...''
2023 അവസാനിക്കുമ്പോള്‍ മലയാളം സിനിമ ബോക്‌സോഫീസ് ഒരിക്കല്‍ കൂടി അതിന്റെ രാജാക്കന്മാരുടെ പ്രഭവശേഷി അടിവരയിട്ടുകൊണ്ടാണ് കണക്കുപുസ്തകം മടക്കുന്നത്. 220 ലേറെ സിനിമകള്‍ പുറത്തിറങ്ങിയ വര്‍ഷം അതില്‍ തിയേറ്ററില്‍ നിന്ന് പണം വാരിയത് വെറും അഞ്ച് ചിത്രങ്ങള്‍ മാത്രം. അതില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റേതുമാണ്. കൊവിഡിന് ശേഷം തിയേറ്റര്‍ ഉടമകളും പ്രേക്ഷകരും സൂപ്പര്‍താരങ്ങളില്‍ നിന്ന് ആഗ്രഹിച്ച വലിയ വിജയങ്ങള്‍ ഈ വര്‍ഷം രണ്ടുപേരും നല്‍കി എന്നത് പ്രത്യേകതയാണ്. നവാഗതനായ റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിലൂടെ മമ്മൂട്ടിയും ക്രിസ്മസ് റിലീസായി എത്തി ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ജീത്തുജോസഫ് ചിത്രം നേരിലൂടെ മോഹന്‍ലാലും കോടികിലുക്കമാണ് മലയാള ബോക്‌സോഫീസിന് തിരിച്ചുനല്‍കിയിരിക്കുന്നത്. ഈ വലിയ വിജയങ്ങളുണ്ടെങ്കിലും 2023 ല്‍ 300 കോടി രൂപയുടെ നഷ്ടം മലയാള സിനിമയില്‍ ഉണ്ടായെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ശരാശരി നിലവാരവും സമ്മിശ്ര പ്രതികരണവും വരുന്ന സിനിമകള്‍ ഹിറ്റാകുന്ന സാഹചര്യം ഇല്ലാതായെന്നും നിര്‍മാതാക്കള്‍ വിലയിരുത്തുന്നു.
അഞ്ച് സൂപ്പര്‍ ഹിറ്റുകള്‍, 12 ഹിറ്റുകള്‍ എന്നിവ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി 200 ലധികം സിനിമകള്‍ നിലം തൊടാതെ നഷ്ടക്കണക്ക് മാത്രമാണ് അവശേഷിപ്പിച്ചത്. 2018, രോമാഞ്ചം, ആര്‍.ഡി.എക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, നേര് എന്നിവയാണ് 2023 ലെ മലയാള ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായ ചിത്രങ്ങള്‍. തിയേറ്ററുകളിലേക്ക് വലിയ രീതിയിലുള്ള ജനത്തെ കൊണ്ടുവരാന്‍ ഈ സിനിമകള്‍ക്ക് സാധിച്ചു.
കൂട്ടത്തില്‍ വലിയ പ്രമോഷനുകളൊന്നുമില്ലാതെ ഭൂരിഭാഗം പുതുമുഖ താരനിരയുമായി എത്തിയ രോമാഞ്ചം എന്ന ചിത്രത്തിന്റെ വിജയം എടുത്തുപറയേണ്ടതാണ്. ഒരുകൂട്ടം പുതുമുഖ സംവിധായകരുടെ മികച്ച എന്‍ട്രിക്ക് 2023 സാക്ഷ്യം വഹിച്ചു.
നൂറല്ല, ഇരുനൂറുകോടി കിലുക്കം....
മലയാള സിനിമ ചരിത്രത്തിലെ ഇതുവരെയുള്ള എല്ലാ ബോക്‌സോഫീസ് റെക്കോര്‍ഡുകളും തകര്‍ത്താണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 വിജയിച്ചത്. 2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തെ അടിസ്ഥാനമാക്കി കഥ പറഞ്ഞ ചിത്രം വലിയ പ്രമോഷനുകളോ അവകാശവാദങ്ങളോ ഒന്നുമില്ലാതെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, നരേന്‍, ലാല്‍, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ തുടങ്ങി വലിയ താരനിര ഉണ്ടായിരുന്ന ചിത്രം ആദ്യ ഷോ കഴിഞ്ഞത് മുതല്‍ മികച്ച അഭിപ്രായം നേടി. ഇതോടെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ഇരട്ടിയിലേറെ തിയേറ്ററുകളിലേക്ക് ചാര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡിന് ശേഷം ഭൂരിഭാഗം മലയാളികളെയും തിയേറ്ററുകളിലേക്ക് മടക്കികൊണ്ടുവരാന്‍ 2018 ന് സാധിച്ചു. ഇരുനൂറ് കോടി രൂപയുടെ ബിസിനസ് നടത്തിയ ചിത്രം പുലിമുരുകനും ലൂസിഫറും സ്ഥാപിച്ച ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കി.
മമ്മൂട്ടിയുടെ വിജയ സ്‌ക്വാഡ്...
റോഷാക്ക്, ഭീഷ്മപര്‍വ്വം തുടങ്ങി 2022 ല്‍ വലിയ വിജയങ്ങള്‍ നേടിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് 2023 അതിലും തിളക്കമുള്ളതായിരുന്നു. റോബിന്‍ വര്‍ഗീസ് രാജ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'കണ്ണൂര്‍ സ്‌ക്വാഡ്' ബോക്‌സ്‌ബോസില്‍ തിളക്കമുള്ള ഏടായി മാറി. ഭീഷ്മപര്‍വ്വത്തിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം തന്നെ വീണ്ടുമൊരു അമ്പത് കോടി ചിത്രം മമ്മൂട്ടിക്ക് കണ്ണൂര്‍ സ്‌ക്വാഡിലുള്ള കരിയറില്‍ എഴുതി ചേര്‍ക്കാന്‍ സാധിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം 100 കോടിരൂപയുടെ ബിസിനസാണ് കൊയ്‌തെടുത്തത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറില്‍ പെട്ട ചിത്രം ഒരുകൂട്ടം പൊലീസുകാര്‍ കേസന്വേഷണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തിവരെ നടത്തുന്ന യാത്രയുടെ കഥയാണ് പറഞ്ഞത്.
കണ്ണൂര്‍ സ്‌ക്വാഡിന്റെ തിളങ്ങുന്ന വിജയത്തിനൊപ്പം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം ഒരിക്കല്‍ കൂടി മമ്മൂട്ടിയെ തേടിയെത്തി. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങളും 2023 ല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. വ്യത്യസ്ത പ്രമേയം ചര്‍ച്ച ചെയ്ത കാതല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.
'നേര്' : ലാലേട്ടന്‍ ഈസ് ബാക്ക്
ബിഗ് ബ്രദര്‍, മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ തുടങ്ങി തിയേറ്ററില്‍ തുടര്‍ച്ചയായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കാലിടറിയത് പ്രേക്ഷകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടിലൂടെ 2013 അവസാനം മോഹന്‍ലാല്‍ തന്റെ ബോക്‌സോഫീസ് പ്രഭവശേഷി വീണ്ടും മലയാളത്തിന് നേര് എന്ന സിനിമയിലൂടെ കാട്ടികൊടുക്കുകയാണ്. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ തിയേറ്ററുകള്‍ ഭരിക്കാന്‍ തന്നേക്കാള്‍ മുകളില്‍ വേറൊരു താരമില്ലെന്ന് പലവട്ടം മോഹന്‍ലാല്‍ മലയാളികള്‍ക്ക് മുന്നില്‍ കാട്ടികൊടുത്തിട്ടുള്ളതാണ്. അത് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് നേര് എന്ന ചിത്രത്തിന്റെ വിജയത്തിലൂടെ.
തമിഴ്‌നാട്ടിലെ ഇന്‍ഡ്‌സ്ട്രി ഹിറ്റായി മാറിയ രജനീകാന്ത് ചിത്രം ജയിലറില്‍ മോഹന്‍ലാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ ജയിലര്‍ 50 കോടി കലക്ഷന്‍ നേടാന്‍ കാരണമായത് മോഹന്‍ലാലിന്റെ ഈ അതിഥി വേഷമാണ്.
അടിയുടെ പൂരം : ആര്‍.ഡി.എക്‌സ്...
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വന്‍പ്രമോഷന്റെ അകമ്പടിയോടെ തിയേറ്ററിലെത്തിയ കിങ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ച് ഓണം ബോക്‌സോഫീസിനെ പഞ്ഞിക്കിട്ട സിനിമയാണ് ആര്‍.ഡി.എക്‌സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം, ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവര്‍ കേന്ദ്രകഥാപാത്രമായ ചിത്രം ഗംഭീര വിജയമാണ് നേടിയത്. 100 കോടി ബിസിനസ് തിളക്കവുമായി മിന്നല്‍ മുരളിക്ക് ശേഷമുള്ള വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ പൊന്‍തൂവലായി ആര്‍.ഡി.എക്‌സ് മാറി. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ ചിത്രം നേടിയ വിജയം ഒരുപിടി പുതുമുഖ ചിത്രങ്ങള്‍ക്ക് നല്‍കിയ പ്രചോദനവും ചെറുതല്ല.
അത്ഭുത 'രോമാഞ്ചം'
നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചമാണ് 2023 ലെ അത്ഭുതവിജയങ്ങളിലൊന്ന്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങള്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം യൂത്ത് തിയേറ്ററുകളില്‍ ആഘോഷമാക്കി മാറ്റി. ചിത്രത്തിനായി സുഷിന്‍ ശ്യാം ഒരുക്കിയ പാട്ടുകളെല്ലാം ട്രെന്‍ഡ് സെറ്ററുകളായി മാറി. യാതൊരു വിധ പ്രമോഷനുകളുമില്ലാതെ എത്തിയ ചിത്രം തിയേറ്ററുകളില്‍ നേടിയ വിജയം മലയാളസിനിമയ്ക്ക് പുതിയൊരു പാഠമായിരുന്നു. ഒരുമിച്ച താമസിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്.
ഹിറ്റ് ചിത്രങ്ങള്‍..
തിയേറ്ററില്‍ നിന്ന് പൂര്‍ണമായും മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും വലിയ ലാഭം നേടുകയും ചെയ്തത് അഞ്ച് സിനിമകളാണെങ്കിലും പത്ത് ചിത്രങ്ങള്‍ തിയേറ്ററിന് പുറത്ത് നടത്തിയ ബിസിനസിലൂടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, ഗരുഡന്‍, ഫാലിമി, മധുര മനോഹര മോഹം, നെയ്മര്‍, പ്രണയ വിലാസം, പാച്ചുവും അത്ഭുതവിളക്കും, പൂക്കാലം, സുലൈഖ മന്‍സില്‍ എന്നീ സിനിമകളാണ് ഇവ. ഒ.ടി.ടി റൈറ്റ്‌സ്, സാറ്റ്‌ലൈറ്റ്, ഓവര്‍സീസ് എന്നീ ബിസിനസുകളിലൂടെയാണ് ഈ സിനിമകള്‍ ലാഭവഴിയിലേക്ക് ചുവടുവച്ചത്. ഗരുഡന്‍ നേടിയ വിജയം സുരേഷ് ഗോപിക്ക് തിരിച്ചുവരവില്‍ പുതിയ ഊര്‍ജമായി മാറി.
മികച്ചവ, പക്ഷേ...?
മികച്ച അഭിപ്രായമുണ്ടായിട്ടും ചില സിനിമകളില്‍ തിയേറ്ററുകളില്‍ ശ്രദ്ധിക്കാതെ പോയതിനും 2023 സാക്ഷ്യം വഹിച്ചു. ഇരട്ട, തങ്കം, രേഖ, മദനോത്സവം, ഓ.ബേബി, ഫീനിക്‌സ്, ഫിലിപ്പ്‌സ്, ശേഷം മൈക്കില്‍ ഫാത്തിമ എന്നീ ചിത്രങ്ങള്‍ ആ പട്ടികയിലുള്ളവയാണ്. നിരൂപക പ്രശംസ നേടിയിട്ടും ഈ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ഫിലിം ഫെസ്റ്റിവലുകളിലും സിനിമ കണ്ട പ്രേക്ഷകരെല്ലാം അഭിനന്ദിച്ച് രംഗത്തെത്തുന്ന കാഴ്ചയ്ക്കും സോഷ്യല്‍മീഡിയ സാക്ഷ്യം വഹിച്ചു.
ഹൈപ്പില്‍ ഹിറ്റ്, തിയേറ്ററില്‍ ഫ്‌ളോപ്പ്...
ആദ്യ ഷോയ്ക്ക് മുമ്പ് വരെ നാട് ഇളക്കി മറിക്കുന്ന പ്രമോഷനുകളുകള്‍, സോഷ്യല്‍ മീഡിയയില്‍ ഒരുഹിറ്റ് പടം റിലീസ് ചെയ്യുന്നതിന്റെ ഹൈപ്പ് എന്നാല്‍ എല്ലാം ആദ്യ ഷോ വരെ മാത്രം. അമിത പ്രതീക്ഷകള്‍ പ്രേക്ഷകരില്‍ ജനിപ്പിച്ച് അവയെ സംതൃപ്തരാക്കാന്‍ കഴിയാതെ വലിയ പരാജയമായി മാറിയ സിനിമകളും 2023 ല്‍ ഉണ്ടായി. നിലവാരമില്ലാത്ത തിരക്കഥയും അവതരണവും തന്നെയാണ് ഈ സിനിമകള്‍ക്ക് തിരിച്ചടിയായത്. ഇതില്‍ ചില സിനിമകള്‍ ആദ്യ ദിവസത്തില്‍ മികച്ച ബോക്‌സോഫീസ് കലക്ഷന്‍ നേടിയിട്ടും സമ്മിശ്ര പ്രതികരണം വന്നത് തിരിച്ചടിയായി.
ദുല്‍ഖല്‍ സല്‍മാന്‍ നായകനായ കിങ് ഓഫ് കൊത്ത, ദിലീപ് നായകനായ വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര, നിവിന്‍ പോളി നായകനായ തുറമുഖം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ, കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍, മോഹന്‍ലാല്‍ നായകനായ എലോണ്‍, മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍, ജോജു ജോര്‍ജ്-ജോഷി ടീമിന്റെ ആന്റണി, ടൊവിനോ തോമസ്-ആഷിഖ് അബു ടീമിന്റെ നീലവെളിച്ചം, ആസിഫ് അലി നായകനായ കാസര്‍ഗോള്‍ഡ്, ഫഹദ് ഫാസില്‍ നായകനായ ധൂമം എന്നീ ചിത്രങ്ങള്‍ ഏറെ പ്രതീക്ഷയോടെ എത്തുകയും തിയേറ്ററില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്തവയാണ്.
തിരക്കഥയിലും അവതരണത്തിലും മികവ് പുലര്‍ത്താതെ കുറുക്കുവഴിയിലൂടെ സിനിമ വിജയിക്കില്ലെന്ന് ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ സിനിമകാര്‍ക്ക് നല്‍കിയ സൂചനയാണ് ഈ പരാജയങ്ങള്‍.
Content Highlights: boxoffice review of malayalam films 2023