ബോളിവുഡ് താരത്തിന് ആറ് വാനിറ്റി വാനുകൾ, ദക്ഷിണേന്ത്യൻ ചിത്രത്തിൽ നിന്ന് പുറത്താക്കി

ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത ഒരു ഹിന്ദി നടനെപ്പറ്റി നടത്തിയ പരാമർശം ശ്രദ്ധിക്കപ്പെടുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, ആരുടെയും പേര് വെളിപ്പെടുത്താതെയാണ് ഗുപ്തയുടെ പരാമർശം. ആ നടൻ ഒരു ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാൻ കരാറൊപ്പിട്ടിരുന്നു. ഷൂട്ടിങ്ങിനായി സെറ്റിലെത്തുകപോലും ചെയ്തു. പക്ഷേ, നിർമാതാവ് നിശ്ശബ്ദമായി അദ്ദേഹത്തെ പുറത്താക്കി എന്നായിരുന്നു വെളിപ്പെടുത്തൽ.
വലിയൊരു സംഘവുമായിട്ടാണ് താരം ലൊക്കേഷനിലെത്തിയതെന്നും താരത്തിന്റെ പരിധിയില്ലാത്ത ആവശ്യങ്ങൾ നിർമാണ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുമെന്ന് തിരിച്ചറിഞ്ഞതാണ് പുറത്താക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
"ഈ നടൻ ഷൂട്ടിങ്ങിനായി ലൊക്കേഷനിലെത്തി. പെട്ടെന്നാണ്, ബോംബെയിൽ നിന്നുള്ള ആറ് വാനുകൾ അവിടെയുണ്ടെന്ന് നിർമാതാവ് കാണുന്നത്, അദ്ദേഹം ചോദിച്ചു, 'ബോസ്, ഞാൻ ആറ് നടന്മാരെ സിനിമയിലേക്ക് എടുത്തിട്ടില്ലല്ലോ'. എന്നാൽ അദ്ദേഹത്തിന് കിട്ടിയ മറുപടി 'ഇതെല്ലാം സാറിൻ്റെ വാനുകളാണ്, ഒറ്റ രാത്രി കൊണ്ട് ബോംബെയിൽ നിന്ന് എത്തിച്ചതാണ്, അതിനാൽ നിങ്ങളുടെ ഒരു ദിവസം ലാഭിച്ചു' എന്നാണ്."
ഇത് കേട്ട് നിർമാതാവ് ദേഷ്യം കൊണ്ട് വിറച്ചുവെന്ന് ഗുപ്ത പറയുന്നു. "അദ്ദേഹത്തിന് കിട്ടാവുന്ന എല്ലാ ചീത്തയും വിളിക്കണമെന്നുണ്ടായിരുന്നു. അവർ അന്നുതന്നെ ഷൂട്ടിങ് നിർത്തി, നടനോട് പറഞ്ഞു, 'സർ, അടുത്ത മൂന്ന് ദിവസത്തേക്ക് ലൊക്കേഷനിൽ ഒരു പ്രശ്നമുണ്ട്; നിങ്ങൾ മുംബൈയിലേക്ക് മടങ്ങിപ്പോകൂ, എപ്പോൾ തിരിച്ചുവരണമെന്ന് ഞങ്ങൾ അറിയിക്കാം'. ആ നടൻ വിമാനത്തിൽ കയറിയ ഉടൻ, നിർമാതാവ് എല്ലാ ഡ്രൈവർമാരെയും വിളിച്ച് പോകാൻ പറഞ്ഞു."
"അവർ ആ സിനിമ ഉപേക്ഷിച്ചു. നിർമാതാവ് സിനിമ വേണ്ടെന്ന് വെച്ചു. 'ഞങ്ങൾക്കിത് പറ്റില്ല. ഞങ്ങളെ അറിയിക്കണം, ചോദിക്കണം. വെറുതെ ആറ് വാനുകൾ കൊണ്ടുവന്ന് 18 ലക്ഷം രൂപയുടെ ബില്ല് തരാൻ കഴിയില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്." -ഗുപ്ത തുടർന്നു.
അമിതാഭ് ബച്ചൻ, സഞ്ജയ് ദത്ത്, ഹൃത്വിക് റോഷൻ, സുനിൽ ഷെട്ടി തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള സംവിധായകനാണ് ഗുപ്ത. ഇപ്പോഴും ചെറിയ ടീമുകളുള്ള നടന്മാരുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ യുവതാരങ്ങളുടെ കാര്യം അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
"ആറ് മേക്കപ്പ് വാനുകളുള്ള ചില നടന്മാരെ എനിക്കറിയാം. അത് നിർബന്ധമാണ്. ആദ്യത്തെ വാൻ അദ്ദേഹത്തിൻ്റെ സ്വകാര്യ ഇടമാണ്."-അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ തൻ്റെ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പ്രശസ്തനാണ് ഗുപ്ത.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: Director Sanjay Gupta reveals a Bollywood actor was fired from a South Indian film due to exorbitant entourage expenses, leading to project cancellation.