അമ്മയാണെന്ന് തോന്നിക്കാൻ കൂടുതൽ മേക്കപ്പിടണമെന്ന് ധർമേന്ദ്ര ആവശ്യപ്പെട്ടിരുന്നു- ഓർത്തെടുത്ത് നടി

മുതിർന്ന സൂപ്പർസ്റ്റാറുകളുടെ അമ്മ വേഷങ്ങൾ ചെയ്യുന്ന പ്രായം കുറഞ്ഞ നടിമാർ എല്ലാ സിനിമാ ഇൻഡസ്ട്രിയിലുമുണ്ട്. ബോളിവുഡ് നടി രോഹിണി ഹത്തങ്കടിയും അങ്ങനെയൊരാളാണ്. 'അഗ്നിപഥ്', 'ഷഹൻഷാ' തുടങ്ങിയ സിനിമകളിൽ അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിച്ച അവർ, 'ഹംസേ ന ടക്രാന' എന്ന ചിത്രത്തിൽ ധർമേന്ദ്രയുടെ അമ്മയായിരുന്നു. അടുത്തിടെ 'ഇന്ത്യാ ടുഡേ'ക്ക് നൽകിയ അഭിമുഖത്തിൽ, ധർമേന്ദ്രയുടെ അമ്മയായപ്പോഴുള്ള രസകരമായ ഒരോർമ അവർ പങ്കുവെച്ചു.
പ്രായക്കൂടുതലുള്ള വേഷങ്ങൾ കിട്ടുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ അതൊരിക്കലും തന്നെ ബാധിച്ചിട്ടില്ലെന്നാണ് അവർ പറഞ്ഞത്. "കാരണം ഞാൻ ഒരു വേഷം ചെയ്യുമ്പോൾ അതൊരു കഥാപാത്രമാണ്. നിങ്ങൾ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുതിർന്ന ആളാണോ ഇളയ ആളാണോ എന്നൊന്നും ചിന്തിക്കാറില്ല. അഭിനേതാക്കളുടെ പ്രായത്തെപ്പറ്റിയും ശ്രദ്ധിക്കാറില്ല. എന്റെ കഥാപാത്രത്തിന് അനുസരിച്ചാണ് ഞാനെപ്പോഴും അഭിനയിക്കുക."
അമിതാഭ് ബച്ചൻ തന്റെ കാസ്റ്റിങ്ങിൽ സംതൃപ്തനായിരുന്നുവെന്ന് രോഹിണി പറഞ്ഞു. അതേസമയം, 'ഹംസേ ന ടക്രാന'യുടെ സെറ്റിൽ വെച്ച് ധർമേന്ദ്രയുമായുണ്ടായ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചുള്ള രസകരമായ ഓർമ്മയും അവർ പങ്കുവെച്ചു. ഊട്ടിയിലെ ചിത്രീകരണത്തിനിടയിൽ, ആദ്യ ദിവസം താൻ നടനെ കാണാൻ ചെന്നിരുന്നു. കസേരയിൽ ഇരുന്നയുടൻ, മേക്കപ്പ്മാൻ ഒരു അപ്രതീക്ഷിത അഭ്യർത്ഥനയുമായി അരികിലേക്ക് വന്നുവെന്ന് അവർ പറഞ്ഞു.
"മേക്കപ്പ്മാൻ വന്ന് എന്റെ മുഖത്ത് കൂടുതൽ ജോലികൾ ചെയ്യാൻ തുടങ്ങി. എന്ത് ചെയ്യുകയാണ്? മേക്കപ്പ് തീരുന്നില്ലല്ലോയെന്ന് ചോദിച്ചപ്പോൾ മേക്കപ്പ്മാൻ മടിയോടെ കാര്യം പറഞ്ഞു. ധർമ്മജി ഞാൻ വളരെ ചെറുപ്പമായി കാണപ്പെടുന്നു എന്ന് പറഞ്ഞതുകൊണ്ട് കൂടുതൽ മേക്കപ്പ് ഇടാൻ നിർദ്ദേശമുണ്ടെന്നായിരുന്നു അത്. എത്ര മേക്കപ്പ് ഇടേണ്ടിവരുമെന്നും എത്ര നരച്ച മുടി ആവശ്യമാണെന്നും ഞാൻ ചിന്തിച്ചു? എനിക്ക് പ്രായം കുറവായതുകൊണ്ട് ഞാനെന്താണ് ചെയ്യേണ്ടത്?" എന്ന് ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
ദീപക് ബാഹ്രി സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമയാണ് 'ഹംസേ ന ടക്രാന'. ധർമേന്ദ്ര, ജിതേന്ദ്ര, അനിത രാജ്, അമരീഷ് പുരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 1951-ൽ ജനിച്ച രോഹിണിക്ക് ഈ സിനിമയിൽ അഭിനയിക്കുമ്പോൾ 39 വയസ്സ് മാത്രമായിരുന്നു പ്രായം, അതേസമയം ധർമേന്ദ്രയ്ക്ക് 55 വയസ്സും.
രോഹിണി ഹത്തങ്കടി
റിച്ചാർഡ് ആറ്റൻബറോയുടെ 'ഗാന്ധി' (1982) എന്ന ചിത്രത്തിൽ കസ്തൂർബാ ഗാന്ധിയെ അവതരിപ്പിച്ചതിലൂടെയാണ് രോഹിണി ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ബാഫ്റ്റ അവാർഡ് അവർക്ക് ലഭിച്ചു. ഈ വിഭാഗത്തിൽ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നടിയാണവർ. 'പാർട്ടി' (1984) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും അവർ സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi