'പ്രതിഫലം ചോദിക്കുമ്പോൾ വാശിപിടിക്കാറില്ല, ഞാൻ നിർമാതാവിന് ചേർന്ന നടൻ'

ആയുഷ്മാൻ ഖുറാന | ANI
ആയുഷ്മാൻ ഖുറാന | ANI

സിനിമയുടെ ബജറ്റും നടൻമാരുടെ പ്രതിഫലവും വലിയ ചർച്ചയാണിപ്പോൾ. ബജറ്റിന്റെ 60 മുതൽ 70 ശതമാനം വരെ കവരുന്ന അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ച് പല നിർമാതാക്കളും ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന ഇക്കാര്യത്തിൽ അൽപം വ്യത്യസ്തനാണ്. കരിയറിന്റെ തുടക്കം മുതൽ എത്ര തവണ പ്രതിഫലം വർധിപ്പിച്ചുവെന്ന് ചോദിച്ചപ്പോൾ അതിന്റെ കൃത്യമായ കണക്കുകൾ തനിക്കറിയില്ലെന്നായിരുന്നു അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരത്തിന്റെ മറുപടി.

അന്ധാധുൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു മുമ്പ് സംവിധായകൻ ശ്രീറാം രാഘവനോട് വെറും ഒരു രൂപ മാത്രമാണ് പ്രതിഫലം തരാൻ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി. പക്ഷേ, ചിത്രം വലിയ ഹിറ്റായി, പ്രത്യേകിച്ച് ചൈനയിൽ. പിന്നീടാണ് ചിത്രത്തിൽ നിന്ന് പണം സമ്പാദിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. മുൻകൂട്ടി നിശ്ചിത പ്രതിഫലം വാങ്ങുന്നതിന് പകരം സിനിമയുടെ ലാഭവിഹിതം കൈപ്പറ്റുന്ന 'ബാക്കെൻഡ് ഡീലുകളെ'ക്കുറിച്ചാണ് താരം സൂചിപ്പിച്ചത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖ നടന്മാർ ഇത്തരം കരാറുകളിൽ ഏർപ്പെടുകയും സിനിമയുടെ സഹനിർമാതാക്കളായി പ്രവർത്തിക്കുകയും ചെയ്യാറുണ്ട്.

പ്രതിഫലം ചോദിക്കുമ്പോൾ താൻ ഒരിക്കലും അതിരുകടക്കാറില്ലെന്ന് ആയുഷ്മാൻ പറയുന്നു. "എനിക്ക് ലക്ഷ്മിയെക്കാൾ വലുത് സരസ്വതിയാണ്. ഞാനൊരു നിർമാതാവിന് ഇണങ്ങിയ നടനാണ്. പ്രതിഫലം ചോദിക്കുമ്പോൾ ഒരിക്കലും വാശി പിടിക്കാറില്ല. സിനിമ വിജയിക്കുക എന്നതാണ് എന്റെ ആദ്യത്തെ പരിഗണന. സിനിമ നന്നായി പണം നേടിയാൽ, ഒരാൾക്ക് കൂടുതൽ പ്രതിഫലം നൽകണം. എല്ലാവരും ഒരുമിച്ചിരുന്ന് ഈ തീരുമാനമെടുക്കണം"-അദ്ദേഹം പറഞ്ഞു.

പതിമൂന്ന് വർഷം മുൻപ് കരിയർ ആരംഭിച്ചതിന് ശേഷം പ്രതിഫലം വർധിച്ചിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞു. "തീർച്ചയായും വർധിച്ചിട്ടുണ്ട്. എന്റെ മാനേജ്‌മെന്റിനായിരിക്കും അതിനെക്കുറിച്ച് കൂടുതൽ അറിയുക. സത്യസന്ധമായി പറഞ്ഞാൽ എനിക്കൊരു ധാരണയുമില്ല. ഞാൻ ഒരു പഞ്ചാബിയാണ്, സ്വഭാവം കലയിലൂന്നിയതാണ്. ഞാൻ ഉള്ളിൽ ശുദ്ധനാണ്. എന്റെ വലത് തലച്ചോറാണ് കൂടുതൽ പ്രവർത്തിക്കുന്നത്, ഇടത് തലച്ചോറ് അത്രയധികം പ്രവർത്തിക്കുന്നില്ല."-ആയുഷ്മാൻ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Ayushmann Khurrana reveals he charged Re 1 for Andhadhun, discusses fee hikes over 13 years, and prioritizes film success over just salary.