സംവിധാനം ചെയ്തത് ആര്യൻ ഖാനല്ല; ഗോസ്റ്റ് ഡയറക്ടർ എന്ന് സോഷ്യൽ മീഡിയ

ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്ത 'ബാഡ്‌സ് ഓഫ് ബോളിവുഡി'ന് നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആര്യന്റെ സംവിധാനമികവിനും കൈയടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോബി ഡിയോൾ, ലക്ഷ്യ ലൽവാനി, രാഘവ് ജുയാൽ, അന്യ സിങ് എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന സീരീസിൽ, ഷാരൂഖ് ഖാൻ കുടുംബം മുഴുവൻ അതിഥിതാരങ്ങളായി എത്തുന്നുമുണ്ട്.
അതിനിടെ സോഷ്യൽമീഡിയയിൽ മറ്റൊരു ചർച്ചയാണ് നടക്കുന്നത്. 'ഇത്രയും വലിയ പ്രൊജക്ട് ആര്യൻ തന്നെയാണോ സംവിധാനം ചെയ്തത്?' എന്നാണ് ചില ആളുകൾക്ക് സംശയം. ആര്യനല്ല സംവിധാനം ചെയ്തത്, സീരീസിനുപിന്നിൽ ഗോസ്റ്റ് ഡയറക്ടറാണെന്നാണ് ചിലർ ഉറപ്പിച്ചുപറയുന്നത്. അതിനുപിന്നാലെ ചർച്ചകൾ ഗോസ്റ്റ് ഡയറക്ടറെക്കുറിച്ചായി.
എന്താണ് ശരിക്കും ഗോസ്റ്റ് ഡയറക്ടർ? ഒരു സിനിമ സംവിധാനം ചെയ്യുകയും, അതേസമയം അതിന് യാതൊരു ക്രെഡിറ്റും ലഭിക്കാത്ത വ്യക്തിയെയാണ് ഗോസ്റ്റ് ഡയറക്ടർ എന്നുപറയുന്നത്. ക്രെഡിറ്റുകളിൽ പേരുവെയ്ക്കുന്ന സംവിധായകന് അത്രത്തോളം മികവില്ലെന്ന് തോന്നുമ്പോഴാണ്, മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. പക്ഷേ, അയാൾക്ക് ക്രെഡിറ്റുകൾ ലഭിക്കുകയുമില്ല.
'ബാഡ്‌സ് ഓഫ് ബോളിവുഡി'ൽ അത്തരത്തിലൊരു ഗോസ്റ്റ് സംവിധായകൻ ഉണ്ടായിരുന്നുവെന്നാണ് ആളുകളുടെ വിശ്വാസം.
എന്നാൽ, സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അന്യ സിങ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ''ആളുകൾ മറ്റൊരാളെ ഇടിച്ചുതാഴ്ത്താനുള്ള അവസരങ്ങൾ നോക്കിക്കൊണ്ടേയിരിക്കുകയാണെന്ന് തോന്നുന്നു'', അന്യ വിശദീകരിക്കുന്നു. ''അവനെക്കുറിച്ച് സിനിമ കണ്ട് ആളുകൾ പറയുന്ന എല്ലാ നല്ല അഭിപ്രായങ്ങൾക്കും ആര്യൻ അർഹനാണ്. ഈ പ്രൊജക്ടിനുവേണ്ടി അത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട് ആര്യൻ. രാവിലെ ഏഴുമണി മുതൽ രാത്രി 11 മണി വരെ നീളുന്ന ജോലി...അതിനിടയിൽ ഒരിക്കൽ പോലും ആര്യന്റെ ഊർജം അല്പം പോലും കുറയില്ല. എപ്പോഴും പുഞ്ചിരിയോടെ മാത്രമേ ആര്യനെ സെറ്റിൽ കണ്ടിരുന്നുള്ളൂ''.
''ആര്യൻ ആഗ്രഹിച്ചിരുന്നെങ്കിൽ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരോടൊപ്പം പ്രവർത്തിക്കാമായിരുന്നു. പക്ഷേ അത് വേണ്ടെന്നുവെച്ചു. പുതിയ ആളുകളോടൊപ്പം സഹകരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആദ്യമായി സംവിധാനം ചെയ്യുമ്പോൾ പലരും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ മുതിരില്ല. അതുകൊണ്ടാണ് ആര്യനോട് എനിക്ക് ബഹുമാനം തോന്നുന്നത്'', അന്യ വിശദീകരിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Aryan Khan`s `Stardom` faces ghost director allegations. Co-star defends him, highlighting his dedication and hard work on set