കരീനയുമായുള്ള ആ പ്രണയരംഗം ആസ്വദിച്ചു, അതോർത്ത് സന്തോഷിച്ചു-അർജുൻ രാംപാൽ വിവാദത്തിൽ

ഇന്റർനെറ്റിന്റെ യുഗത്തിൽ പൊതുവേദികളിൽ നടത്തുന്ന പ്രസ്താവനകൾ അൽപം സൂക്ഷിച്ചുവേണം. ഒരിക്കൽ അബദ്ധത്തിൽ പറഞ്ഞുപോകുന്ന കാര്യം എളുപ്പത്തിൽ മായ്ച്ചുകളയാമെന്നോ ആളുകൾ മറക്കുമെന്നോ കരുതരുത്. 13 വർഷം മുൻപ് നടത്തിയ വിവാദപ്രസ്താവനയുടെ പേരിൽ നടൻ അർജുൻ രാംപാൽ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. 'ഹീറോയിൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ സഹതാരമായ കരീന കപൂറിനെക്കുറിച്ച് അർജുൻ രാംപാൽ പറഞ്ഞ ഒരു കാര്യത്തിന്റെ പേരിൽ നെറ്റിസൺസ് അർജുനെതിരേ രോഷം ചൊരിയുകയാണ്.
ചിത്രത്തിൽ കരീനയുമായി അടുത്തിടപഴകുന്നത് താൻ ശരിക്കും ആസ്വദിച്ചിരുന്നുവെന്നാണ് അദ്ദേഹംപറഞ്ഞത്. "ബേബോയുമായി അടുത്തിടപഴകുന്നത് ഞാൻ ആസ്വദിച്ചു. അവരുമായുള്ള പ്രണയരംഗങ്ങൾ ചിത്രീകരിച്ച നിമിഷങ്ങൾ ഓർത്ത് ഇപ്പോഴും സന്തോഷിക്കുന്നു." കുസൃതിയോടെയും തമാശയോടെയുമാണ് അർജുൻ ഈ പ്രസ്താവന നടത്തിയത്.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മധുർ ഭണ്ഡാർക്കറിന്റെ സിനിമയിൽ കരീനയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് അർജുന്റെ പരാമർശം.
എന്തായാലും പ്രസ്താവന നെറ്റിസൺസിനെ പ്രകോപിപ്പിച്ചു. റെഡ്ഡിറ്റിൽ, ഒട്ടേറെപ്പേരാണ് അർജുന്റെ പ്രസ്താവനയിൽ ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിച്ചത്. അയ്യേ, ഞാനിത് അറിഞ്ഞിരുന്നില്ല, ഇത് വളരെ അറപ്പുളവാക്കുന്നതാണ്, വളരെ മോശം കമന്റാണിത്, ഛെ, ഇതെന്താണിത്? ഇതോടെ എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടം കുറഞ്ഞു എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ഒരുകാലത്ത് തിളങ്ങിനിന്ന് പിന്നീട് കരിയറിൽ തകർച്ച നേരിടുന്ന മഹി അറോറ എന്ന സിനിമാ നടിയുടെ വേഷമാണ് കരീന കപൂർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 2012-ൽ പുറത്തിറങ്ങിയ ചിത്രം ശരാശരിയിൽ താഴെയേ വിജയം നേടിയുള്ളൂ. 35 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് 33 കോടി രൂപ മാത്രമായിരുന്നു നെറ്റ് ഗ്രോസ് കളക്ഷൻ. അർജുൻ രാംപാലും രൺദീപ് ഹൂഡയും സഹകഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ.
മെഹർ ജെസിയയെയാണ് അർജുൻ രാംപാൽ വിവാഹം ചെയ്തത്. ദീർഘകാലത്തെ ദാമ്പത്യത്തിനുശേഷം 2018-ൽ ഇരുവരും പിരിഞ്ഞു. രണ്ടു കുട്ടികളും അമ്മയ്ക്കൊപ്പമാണ്. 'റാണാ നായിഡു സീസൺ 2'വിലാണ് അർജുൻ അവസാനമായെത്തിയത്. 'ദി ബക്കിങ്ഹാം മർഡേഴ്സ്' ആയിരുന്നു കരീനയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Arjun Rampal`s 13-year-old comment about Kareena Kapoor during Heroine promotions resurfaces online, drawing criticism from netizens.