പ്രമുഖനടനെ നേരിട്ടുവിളിച്ചതിന് അദ്ദേഹത്തിന്റെ ഏഴു മാനേജർമാർ എന്നെ ശകാരിച്ചു-അനുരാഗ് കശ്യപ്

താരങ്ങളുടെ സഹായികളുടെ ചെലവുകൾ സിനിമാ നിർമാണത്തെ ബാധിക്കുന്നുവെന്ന് പല സംവിധായകരും നിർമാതാക്കളും തുറന്നുപറഞ്ഞിട്ടുണ്ട്. സംവിധായകൻ അനുരാഗ് കശ്യപും ഇക്കാര്യം ശരിവെച്ചിരുന്നു. ഇപ്പോഴിതാ, ഒരു വലിയ നടന്റെ മാനേജ്മെന്റ് ടീമിലെ പല തട്ടുകൾ കാരണം ആ നടനുമായി നേരിട്ട് സംസാരിക്കാൻ കഴിയാതെ വന്ന അനുഭവം പറയുകയാണ് അനുരാഗ്.
“മേക്കപ്പ് സിനിമയിലെ ഒരു ഡിപ്പാർട്ട്മെന്റാണ്, എന്നാൽ ഇപ്പോൾ ഓരോ നടനും സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റുണ്ട്. എന്റെ നിഷാഞ്ചി എന്ന സിനിമയ്ക്ക് ഒരു മേക്കപ്പ് ആർട്ടിസ്റ്റും രണ്ട് സഹായികളുമാണ് ഉണ്ടായിരുന്നത്, അവർ മുഴുവൻ ടീമിനും മേക്കപ്പ് ചെയ്തു. മറ്റ് സിനിമകളിൽ ഓരോ നടനും അവരവരുടെ മേക്കപ്പ് ആർട്ടിസ്റ്റുണ്ട്. ഈ പ്രവണത നിർമാണ ബജറ്റ് വർധിപ്പിക്കുകയാണ്. എന്റെ ഗ്യാങ്‌സ് ഓഫ് വാസീപൂരിൽ, എല്ലാ നടന്മാരും ഒരു വാനിറ്റി വാൻ പങ്കിട്ടിരുന്നു, ബാക്കിയുള്ളവർ കസേരകളിൽ പുറത്തിരിക്കുമായിരുന്നു. ഇന്നത്തെ കാലത്ത്, ഒരു നടന് മൂന്ന് വാനിറ്റി വാനുകളുണ്ട് - ഒന്ന് മീറ്റിങ്ങുകൾക്ക്, ഒന്ന് വിശ്രമിക്കാൻ, മറ്റൊന്ന് അവരുടെ സഹായികൾക്ക്.”-അദ്ദേഹം പറഞ്ഞു.
പ്രമുഖ നടനുമൊത്തുള്ള അദ്ദേഹത്തിന്റെ അനുഭവമിങ്ങനെ- “ഭാഷാ പരിശീലനത്തിനായി ഒരു നടനെ സമീപിച്ചിരുന്നു, നടൻ എനിക്ക് മറുപടി നൽകിയില്ല, പക്ഷേ അദ്ദേഹത്തിന്റെ ഏഴ് മാനേജർമാർ എന്റെ അടുത്തേക്ക് വന്നു. 'നിങ്ങൾ എങ്ങനെയാണ് നടന് ഇങ്ങനെ മെസ്സേജ് അയക്കുക, നിങ്ങളങ്ങനെ ചെയ്യാൻ പാടില്ല' എന്ന് അവരെന്നോടു പറഞ്ഞു. എല്ലാം തീരുമാനിക്കാനും ചർച്ച ചെയ്യാനും ഏഴ് പേർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ആ സിനിമ ഉപേക്ഷിച്ചു. തിരക്കഥ എഴുതിയിരുന്നു, ഞാനതവർക്ക് സമ്മാനമായി നൽകി.” നടന്റെ പേര് വെളിപ്പെടുത്താനാവശ്യപ്പെട്ടപ്പോൾ “എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ല. അദ്ദേഹമൊരു ഒരു വലിയ നടനാണ്,” എന്നായിരുന്നു അനുരാഗിന്റെ മറുപടി.
“വിചിത്രമായ, ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കാൻ ദിവസം രണ്ടുലക്ഷം രൂപ ഈടാക്കുന്ന ഒരു പാചകക്കാരൻ ഒരാൾക്കുണ്ട്. അത് കണ്ടാൽ ഭക്ഷണമാണോ അതോ കിളികൾക്കുള്ള തീറ്റയാണോ എന്ന് തോന്നു“മെന്ന് മുമ്പൊരു സംഭാഷണത്തിൽ അനുരാഗ് പറഞ്ഞിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Filmmaker Anurag Kashyap decries the exorbitant rise in actor entourage costs, leading to significantly more expensive film productions. Learn more.