അഭിപ്രായം മാറ്റിയും മറിച്ചും അനു മാലിക്; പാട്ടിന് അംഗീകാരം തന്നില്ലെന്ന് പറഞ്ഞ് വിവാദം

1997-ൽ റിലീസായ ചിത്രമാണ് 'ബോർഡർ'. 1971-ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച സിനിമയാണിത്. സണ്ണി ഡിയോൾ, ജാക്കി ഷ്റോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, തബു, രാഖി, പൂജ ഭട്ട് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്. ആ വർഷം ഏറ്റവും കളക്ഷൻ ലഭിച്ച സിനിമയും ഇതുതന്നെ.
സിനിമയിലെ പാട്ടുകൾ ഇന്നും ഏറെ ജനപ്രിയമാണ്. വളരെ ദൈർഘ്യമേറിയതാണ് ഓരോ പാട്ടുകളും എന്നതാണ് മറ്റൊരു സവിശേഷത. 'സന്ദേസേ ആതെ ഹെ'യാണ് അവയിലേറ്റവും കൂടുതൽ ആളുകൾ നെഞ്ചോടേറ്റിയത്. സോനു നിഗം, രൂപ് കുമാർ റാത്തോഡ് എന്നിവരാണ് ആ പാട്ട് പാടിയത്. ഈ പാട്ടിനുശേഷമാണ് സോനു നിഗമിനെ തേടി അവസരങ്ങൾ ഏറെ എത്തിയതും. 10.22 മിനിറ്റാണ് ഈ പാട്ടിന്റെ ദൈർഘ്യം. 'മേരെ ദുശ്മൻ മേരെ ഭായ്' എന്ന പാട്ടുപാടിയത് ഹരിഹരനാണ്. 9.36 മിനിറ്റ് നീണ്ടുനിൽക്കുന്നു ആ പാട്ട്. 170 മിനിറ്റുള്ള സിനിമയിൽ പാട്ടുകളുടെ മാത്രം ദൈർഘ്യം 41.36 മിനിറ്റാണ്.
പാട്ടുകൾക്കായി വരികളെഴുതിയത് ജാവേദ് അക്തറാണ്, സംഗീതം നൽകിയത് അനു മാലിക്കും. 'സന്ദേസേ ആതെ ഹെ' എന്ന പാട്ടിന്റെ വരികൾക്ക് ജാവേദ് അക്തറിനെ തേടി ദേശീയപുരസ്‌കാരമെത്തി. 'മേരെ ദുശ്മൻ മേരെ ഭായ്' എന്ന പാട്ടിലൂടെ മികച്ച ഗായകനുള്ള പുരസ്‌കാരം ഹരിഹരനും ലഭിച്ചു. ബോക്സ് ഓഫീസ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, സിനിമയുടെ 45 ലക്ഷം കാസറ്റുകളാണ് ആ വർഷം മാത്രം വിറ്റുപോയത്.
സിനിമയുടെ സീക്വലായ 'ബോർഡർ 2' ഈ വർഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് റിലീസാവുക. സണ്ണി ഡിയോൾ, വരുൺ ധവാൻ, ദിൽജിത് ദോസാഞ്ജ്, അഹാൻ ഷെട്ടി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സിനിമയിലെ ആദ്യത്തെ സിംഗിളായ 'ഘർ കബ് ആവോഗേ' ജനുവരി രണ്ടിനാണ് റിലീസായത്. 'സന്ദേസേ ആതേ ഹെ' എന്ന പാട്ടിന്റെ റീമിക്‌സാണ് 'ഘർ കബ് ആവോഗെ'. അതിനിടെ പുതിയ പാട്ടിന് തനിക്ക് ക്രെഡിറ്റ് നൽകിയില്ലെന്ന് പറഞ്ഞ് സംഗീതസംവിധായകൻ അനു മാലിക് രംഗത്തെത്തിയത് വിവാദങ്ങൾക്കിടയാക്കി. ''പാട്ട് റീമിക്‌സ് ചെയ്തതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാനാണ് ആ പാട്ടുണ്ടാക്കിയത്. അതുകൊണ്ട് എനിക്ക് ക്രെഡിറ്റ് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനൊപ്പം സോനു നിഗം, ജാവേദ് അക്തർ എന്നിവർക്കും ക്രെഡിറ്റ് നൽകണം. അത് ചെയ്യാതിരിക്കാൻ പറ്റില്ല''. ഇതായിരുന്നു അനു മാലിക്കിന്റെ വാദം. ഇത് ഏറെ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
പിന്നാലെ തന്റെ അഭിപ്രായത്തിൽനിന്ന് അനു മാലിക് പിന്നോക്കം പോവുകയും ചെയ്തു. ''സിനിമയുടെ നിർമാതാവ് ഭൂഷൺ കുമാർ എനിക്ക് വളരെയധികം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പാട്ടിനുള്ള അംഗീകാരം നൽകിയിട്ടുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഞാനേറെ അഭിമാനത്തോടെ നോക്കിക്കാണുന്ന പാട്ടാണത്. അണിയറപ്രവർത്തകരോടുള്ള നന്ദിയും ഞാൻ അറിയിക്കുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anu Malik initially claimed no credit for `Border 2` song, then accepted recognition. All about the Bollywood music drama