വിജയ്ക്കൊപ്പമുള്ള സീനുകൾ നീക്കം ചെയ്തു; 'ജനനായകൻ' കണ്ട് പൊട്ടിക്കരഞ്ഞ് ആനന്ദി അജയ്

ആനന്ദി അജയ്/Instagram, സി.ജോസഫ് വിജയ്/PTI
ആനന്ദി അജയ്/Instagram, സി.ജോസഫ് വിജയ്/PTI

വിജയ് നായകനായ 'ജനനായകൻ' റിലീസ് ചെയ്ത സന്തോഷത്തിനിടെയാണ് തമിഴ് ടെലിവിഷൻ നടി ആനന്ദി അജയ് പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ചിത്രത്തിൽ താൻ അഭിനയിച്ച എല്ലാ രംഗങ്ങളും എഡിറ്റിങ്ങിൽ ഒഴിവാക്കിയെന്ന് വെളിപ്പെടുത്തിയ ആനന്ദി, നിരാശയോടെ കണ്ണീരടക്കാനാവാതെ സംസാരിക്കുന്ന വീഡിയോയാണ് ആരാധകരെ വികാരഭരിതരാക്കിയത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, സിനിമയ്ക്കായി ഏകദേശം ഒരു വർഷത്തോളം ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നുവെന്നും വിജയ്ക്കൊപ്പമുള്ള രംഗങ്ങൾ വെള്ളിത്തിരയിൽ കാണാൻ ഒന്നര വർഷമായി കാത്തിരുന്നുവെന്നും ആനന്ദി പറഞ്ഞു.

"ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചില രംഗങ്ങൾ എഡിറ്റിൽ പോകുന്നത് പുതുമയല്ല. എന്നാൽ 'ജനനായകൻ' എന്റെ തിരിച്ചുവരവിന് ശേഷം ആദ്യം ഒപ്പുവെച്ച സിനിമയാണ്. അതും വിജയ് സാറിനൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ. അതുകൊണ്ടാണ് ഈ വിഷമം,” എന്നാണ് താരം പറഞ്ഞത്.

ചിത്രത്തെ പ്രശംസിച്ച ആനന്ദി, “സിനിമ വളരെ നന്നായിട്ടുണ്ട്. എല്ലാവരും തിയറ്ററിൽ പോയി കാണണം. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണിത്. വിജയ് ഇനി സിനിമകളിൽ അഭിനയിക്കില്ലെന്നറിയുമ്പോൾ, അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കാനുള്ള അവസരവും ഇനി ഉണ്ടാകില്ലല്ലോ എന്നതാണ് കൂടുതൽ സങ്കടം,” എന്നും കൂട്ടിച്ചേർത്തു.

'കറുപ്പ്' സിനിമയിൽ ഇന്ദ്രൻസിനൊപ്പം/Instagram

തിയറ്ററിലെത്തുമ്പോൾ തന്റെ സീനുകൾ ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയിലായിരുന്നുവെന്നും, എന്നാൽ അവ പൂർണമായും ഒഴിവാക്കിയതായി മനസ്സിലായപ്പോൾ വലിയ നിരാശ തോന്നിയെന്നും താരം പറഞ്ഞു. “വളരെ നിർഭാഗ്യമായി തോന്നുന്നു... പക്ഷേ അത് ഉൾക്കൊള്ളേണ്ടി വരും,” എന്ന് പറഞ്ഞപ്പോഴേക്കും ആനന്ദിയുടെ കണ്ണുനിറഞ്ഞു.

വീഡിയോ വൈറലായതോടെ നിരവധി ആരാധകരും സഹപ്രവർത്തകരും ആനന്ദിക്ക് പിന്തുണയുമായി രംഗത്തെത്തി. 'നിങ്ങൾക്ക് ഉടൻ മികച്ച അവസരങ്ങൾ ലഭിക്കും', 'എല്ലാം ഒരു കാരണത്താലാണ് സംഭവിക്കുന്നത്', 'ധൈര്യമായി മുന്നോട്ട് പോവൂ', 'നിങ്ങളുടെ കഴിവിന് യോജിച്ച വലിയ വേഷങ്ങൾ ഇനിയും വരാനുണ്ട്' തുടങ്ങിയ ആശ്വാസവാക്കുകളാണ് കമന്റ് ബോക്‌സിൽ നിറഞ്ഞത്.

ചിലർ, 'എന്തുകൊണ്ടാണ് നിങ്ങളുടെ രംഗങ്ങൾ വീണ്ടും വീണ്ടും ഒഴിവാക്കപ്പെടുന്നത്?' എന്നും ചോദിച്ച് സിനിമാ പ്രവർത്തകരോടുള്ള നിരാശയും രേഖപ്പെടുത്തി.

തമിഴ് ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ആനന്ദി അജയ്. 'കാർത്തികൈ പെങ്ങൾ', 'യമുന', 'കാണാ കാണും കാലങ്ങൾ', 'കള്ളിക്കാട്ട് പള്ളിക്കൂടം' തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരം ക്ലാസിക്കൽ നർത്തകിയുമാണ്. 'ഡാൻസ് ജോഡി ഡാൻസ് 3.0', 'ജോഡി നമ്പർ 1' (സീസൺ 6, 7), 'മാണാട മയിലാട' എന്നീ റിയാലിറ്റി ഷോകളിലും ആനന്ദി പങ്കെടുത്തിട്ടുണ്ട്.

വിജയ് നായകനായ 'ജനനായകൻ' അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് അഭിനയിച്ച അവസാന ചിത്രമായതിനാലും സിനിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാൽ തന്നെ, ആ ചിത്രത്തിൽ വിജയ്ക്കൊപ്പമുള്ള രംഗങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്ന പ്രതീക്ഷയിലായിരുന്ന ആനന്ദിക്ക്, അവ മുഴുവനായും എഡിറ്റിങ്ങിൽ ഒഴിവായെന്നത് വലിയ നിരാശയായി മാറുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: anandi-ajay-emotional-scenes-deleted-jananayagan-vijay-2026