'നടിമാരുടെ കൂടെയുള്ള സംഘത്തിന്റെ എണ്ണം, അവരുടെ ആദ്യദിവസത്തെ കളക്ഷനേക്കാൾ കൂടുതൽ'

അമീഷ പട്ടേൽ | AFP
അമീഷ പട്ടേൽ | AFP

തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നുപറയാനും അത് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാനും ഒട്ടും മടിയില്ലാത്തയാളാണ് ബോളിവുഡ് താരം അമീഷ പട്ടേൽ. കഴിഞ്ഞദിവസം 'എക്‌സി'ലൂടെ ആരാധകരുമായി സംവാദം നടത്തിയിരുന്നു താരം. അവരുടെ പല ചോദ്യങ്ങൾക്കും ഉത്തരം നൽകുകയും ചെയ്തു.

സിനിമകളുടെ പ്രചാരണ പരിപാടികൾക്കിടയിൽ വലിയൊരു സംഘത്തെയും കൂട്ടി താരങ്ങൾ യാത്ര ചെയ്യുന്ന രീതി വർധിച്ചുവരുന്നതിനെയും അവർ അതിനിടെ ചോദ്യം ചെയ്തു. 'ഷൂട്ടിങ്ങിനായി നിർമാതാവിന്റെ ചെലവിൽ വലിയൊരു സംഘത്തെയും കൂടെക്കൂട്ടുന്ന താരങ്ങളെക്കുറിച്ച് താങ്കൾക്ക് എന്താണ് തോന്നുന്നത്? ഇതൊരു ശരിയായ നടപടിയാണോ?' എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്.

അതിന് അമീഷ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ''പല നടിമാരും തങ്ങളുടെ താരപദവി (stardom) അംഗീകരിക്കാൻ തയ്യാറല്ല. സിനിമയുടെ പ്രചാരണവേളകളിൽ നിർമാതാവിന്റെ ചെലവിൽ അവർ കൂടെക്കൂട്ടുന്ന സംഘത്തിന്റെ എണ്ണം, ആ സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷനേക്കാൾ കൂടുതലായിരിക്കും. നിർമാതാവ് പണം മുടക്കാതെ തന്നെ, സാധാരണജീവിതത്തിലും അവർ ഇതേ സംഘത്തെ കൂടെക്കൂട്ടുന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു''. എന്നാൽ ഹിന്ദി സിനിമാമേഖലയിലെ ഏതെങ്കിലും പ്രത്യേക നടിയുടെ പേര് അമീഷ തന്റെ പോസ്റ്റിൽ പരാമർശിച്ചിട്ടില്ല.

ഏതെങ്കിലും പുതിയ സിനിമയുടെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടോ എന്ന് മറ്റൊരു ആരാധകരൻ ചോദിച്ചു. ''ബൈ വൺ ഗെറ്റ് വൺ ഫ്രീ ഓഫറുകളിലോ 99 രൂപ ടിക്കറ്റ് നിരക്കിലോ റിലീസ് ചെയ്യുന്ന തരം സിനിമകളുടെ ഭാഗമാകാൻ എനിക്ക് താത്പര്യമില്ല. അത്തരം നിലവാരമില്ലാത്ത സിനിമകൾ ചെയ്യുന്നതിനേക്കാൾ നല്ലത് കുറച്ച് വർഷങ്ങൾക്കിടയിൽ ഒരിക്കൽ 'ഗദർ' പോലുള്ള ഒരു ചിത്രം സൃഷ്ടിക്കുന്നതാണ്'', എന്നാണ് താരം പറഞ്ഞത്.

നേരത്തെ ബോളിവുഡിലെ പല പ്രമുഖനിർമാതാക്കളും താരങ്ങളുടെ അധികച്ചെലവിനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. പല താരങ്ങൾക്കും മൂന്ന് കാരവാൻ ഉണ്ടെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനിടെയാണ് അമീഷയുടെ തുറന്നുപറച്ചിൽ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Ameesha Patel criticized actresses for maintaining massive entourages at producers' expense. She noted that the entourage size often exceeds the film's first-day box office collection.