ബോളിവുഡ് 'ബിഗ് ബോയ്സ്' കാരണം 60 സിനിമകൾ നഷ്ടമായെന്ന് അമാൽ മാലിക്, 'നെപ്പോട്ടിസംപോലും വർക്കായില്ല’

അമാൽ മാലിക്
അമാൽ മാലിക്

ഗായകനും സംഗീതസംവിധായകനുമായ അമാൽ മാലിക് സൽമാൻ ഖാന്റെ 'ജയ് ഹോ' എന്ന ചിത്രത്തിലൂടെ 2014-ലാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലും സംഗീതത്തിലും പേരെടുത്ത ശക്തരായ ചിലർ തന്നെ അഞ്ചു ഡസനോളം പ്രോജക്ടുകളിൽ നിന്നൊഴിവാക്കിയെന്ന് ആരോപിച്ചിരിക്കുകയാണ് അമാൽ ഇപ്പോൾ. ആരാധകരോട് ക്ഷമ ചോദിച്ച അമാൽ, സിനിമകളിൽ അവസരം കിട്ടിയില്ലെങ്കിലും സ്വതന്ത്രമായി സംഗീതം ചെയ്യുന്നതിൽ സന്തോഷമാണെന്നും പറഞ്ഞു.

ചൊവ്വാഴ്ച രാത്രി, ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അമാൽ നീണ്ട കുറിപ്പ് പങ്കുവെച്ചത്.

"ശക്തരായ സ്ഥാനങ്ങളിലുള്ള ബിഗ് ബോയ്സ് (big boys) 60-ലധികം പ്രോജക്ടുകളിൽ നിന്ന് എന്നെ ഒഴിവാക്കിയിട്ടുണ്ട്. 20 സിനിമകൾ ഞാൻ തന്നെ ഒഴിവാക്കി, ചില സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നത് എനിക്ക് താഴ്ന്നതായി തോന്നിയതുകൊണ്ടാണത്. എന്റെ സിനിമകൾ ഉണ്ടായാലും ഇല്ലെങ്കിലും ആരാധകർക്കായി എപ്പോഴും മികച്ച സംഗീതം നൽകാനും വീഡിയോകൾ ചിത്രീകരിക്കാനും ഞാൻ ശ്രമിക്കും. എന്നെ ഒഴിവാക്കിയതിൽ യാതൊരു ഖേദവുമില്ല, അത് അവരുടെ നഷ്ടമാണ്. പക്ഷെ എന്റെ ആരാധകർക്ക് അതൊരു നഷ്ടമായി മാറുന്നു, അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു" കുറിപ്പിൽ പറയുന്നു.

"കഴിഞ്ഞ 8 വർഷമായി ഞാൻ എന്റെ ഏറ്റവും മികച്ചത് ചെയ്യാൻ ശ്രമിക്കുന്നു, അങ്ങേയറ്റം ആത്മാർഥതയോടെയും വ്യക്തമായ വ്യവസ്ഥകളോടെയുമാണ് ഞാൻ പ്രവർത്തിക്കുന്നത്, പക്ഷെ നിർഭാഗ്യവശാൽ അത് ശരിയാവുന്നില്ല. കൂടാതെ സത്യം മറച്ചുവെക്കാനുള്ള എന്റെ കഴിവില്ലായ്മ അവരെ കൂടുതൽ പ്രകോപിപ്പിക്കുന്നു. എനിക്കും കുടുംബത്തിനും നേരെ അർഥശൂന്യമായ ഭീഷണികൾ മുഴക്കുന്നു. ഇത് അഹങ്കാരികളായ മനുഷ്യരുടെ ഒരു കൂട്ടായ പ്രവർത്തനമാണ്"

കരിയർ നശിപ്പിച്ചവരെ പേരെടുത്ത് പറയാൻ അമാൽ തയ്യാറായില്ലെങ്കിലും, ഒരു ദിവസം പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാനിന്ന് അവരെ പേരെടുത്ത് പറയില്ല, പക്ഷെ അവരുടെ സമയമെത്തും, മുകളിലുള്ള ദൈവം അവരെ അവരുടെ സ്ഥാനമെന്തെന്ന് കാണിച്ചുകൊടുക്കും. അവരെല്ലാം ഏകദേശം 8 വർഷമായി അവാർഡിന് അർഹമായ രാഷ്ട്രീയം കളിക്കുന്നു, അതുകൊണ്ടാണ് സിനിമകളിൽ എന്റെ സംഗീതം കുറച്ചുകേൾക്കുന്നത്."

സംഗീതസംവിധായകൻ ദാബൂ മാലികിന്റെ മകനും അനു മാലികിന്റെ അനന്തരവനുമാണ് അമാൽ. തന്റെ കുടുംബ ബന്ധങ്ങൾ പോലും തന്നെ സഹായിച്ചിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഗ്രൂപ്പിസത്തിന്റെ ഭാഗമാകാൻ തനിക്ക് കഴിയില്ല. നെപ്പോട്ടിസം പോലും പ്രവർത്തിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Amaal Mallik alleges powerful industry figures removed him from 60 film projects., Claims that even his industry connections (nepotism) failed to secure his position., Cites 'egoistic' industry syndicates and politics as the primary reason for his reduced film output., Shifting focus toward indie music releases due to industry roadblocks., Refuses to name specific individuals but warns of future retaliation.