കജോളിനെയും നൂതനെയും മറികടന്ന് ആലിയ; മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡിൽ വിമർശനങ്ങളും

ആലിയ ഭട്ട് / AFP
ആലിയ ഭട്ട് / AFP

70-ാമത് ഫിലിംഫെയര്‍ അവാര്‍ഡുകളില്‍ അഭിനയ വിഭാഗങ്ങളില്‍ ആലിയ ഭട്ട്, അഭിഷേക് ബച്ചന്‍, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ജിഗ്രയിലെ അഭിനയത്തിന് ആലിയയുടെ വിജയം ചരിത്രപരമായിരുന്നു. ആലിയയുടെ മികച്ച നടിക്കുള്ള ആറാമത്തെ ഫിലിംഫെയര്‍ അവാര്‍ഡായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഇത് സംവാദങ്ങള്‍ക്കും വഴിവെച്ചു.

ആലിയയുടെ നേട്ടം പുതിയ റെക്കോര്‍ഡു കൂടിയാണ്. ഈ നേട്ടത്തോടെ, അഭിനയ ജീവിതത്തില്‍ അഞ്ച് തവണ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ കജോളിനെയും നൂതനെയും ആലിയ മറികടന്നു. ഇതിനുമുമ്പ് 'ഉഡ്താ പഞ്ചാബ്', 'റാസി', 'ഗല്ലി ബോയ്', 'ഗംഗുഭായ് കത്തിയാവാഡി', 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്നീ ചിത്രങ്ങള്‍ക്കാണ് അവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്. ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം കൂടിയാണ്.

1966-ല്‍ 'കാജല്‍' എന്ന ചിത്രത്തിന് നാലാമത്തെ അവാര്‍ഡ് നേടിയ ശേഷം, ഏറ്റവും കൂടുതല്‍ മികച്ച നടിക്കുള്ള അവാര്‍ഡ് എന്ന റെക്കോര്‍ഡ് മീന കുമാരിയുടെ പേരിലായിരുന്നു. 1979-ല്‍ 'മേം തുളസി തേരെ ആംഗന്‍ കി' എന്ന ചിത്രത്തിലൂടെ അഞ്ചാമത്തെ അവാര്‍ഡ് നേടി നൂതന്‍ ഈ റെക്കോര്‍ഡ് തകര്‍ത്തു.

പിന്നീട്, 2011-ല്‍ 'മൈ നെയിം ഈസ് ഖാന്‍' എന്ന ചിത്രത്തിലൂടെ അഞ്ചാമത്തെ അവാര്‍ഡ് നേടി കജോളും ഈ റെക്കോര്‍ഡിന് ഒപ്പമെത്തി. വിദ്യാ ബാലനും മാധുരി ദീക്ഷിതിനും മികച്ച നടിക്കുള്ള നാല് വീതം പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. അതേസമയം വൈജയന്തിമാല, ജയ ബച്ചന്‍, ശബാന ആസ്മി എന്നിവര്‍ക്ക് മൂന്ന് വീതമുണ്ട്.

എന്നാല്‍, ആലിയയുടെ ചില വിജയങ്ങള്‍ അര്‍ഹതയില്ലാത്തതാണെന്നും, അവരുടെ മുന്‍ഗാമികളുടെ മികച്ച പ്രകടനങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെന്നും ഇന്റര്‍നെറ്റില്‍ പലരും അഭിപ്രായപ്പെടുന്നു. 'ആ സിനിമ അത്ര നല്ലതല്ലാത്തതുകൊണ്ട് ഈ വര്‍ഷം അവര്‍ക്ക് നല്‍കില്ലെന്നും പുതിയൊരാള്‍ വിജയിക്കുമെന്നും ഞാന്‍ കരുതി. പക്ഷേ അതുണ്ടായില്ല.' റെഡ്ഡിറ്റില്‍ ഒരാള്‍ എഴുതി.

'കുറഞ്ഞപക്ഷം, മറ്റ് നടിമാരെ നോമിനേറ്റ് ചെയ്യുന്നത് നിര്‍ത്തണം, അത് അവരോടുള്ള അനാദരവാണ്. അല്ലെങ്കില്‍ മികച്ച നടി എന്ന വിഭാഗം തന്നെ ഒഴിവാക്കി ആലിയയെ എക്കാലത്തെയും വിജയിയായി ഔദ്യോഗികമായി പ്രഖ്യാപിക്കണം.' മറ്റൊരാളും അനിഷ്ടം അറിയിച്ചു. 'ആലിയ ഭട്ട് വഹീദ, വൈജയന്തി, മീന, വിദ്യ എന്നിവരെക്കാള്‍ മികച്ചവളാണോ... ക്യാ ബാത് ഹേ (എന്താണിത്). എന്നും ഒരാള്‍ ചോദിച്ചു.

ഈ വര്‍ഷം ആലിയക്ക് അവാര്‍ഡ് നേടിക്കൊടുത്ത 'ജിഗ്ര' എന്ന ചിത്രം സംവിധാനം ചെയ്തത് വസന്‍ ബാലയാണ്. ചിത്രത്തില്‍ വേദാങ് റെയ്നയും പ്രധാന വേഷത്തിലെത്തിയിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹോദരനെ രക്ഷിക്കാന്‍ ധീരമായി ജയില്‍ ചാടാന്‍ ശ്രമിക്കുന്ന സഹോദരിയായിട്ടുള്ള ആലിയയുടെ പ്രകടനം പ്രശംസിക്കപ്പെട്ടെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ചില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: alia bhatt wins her 6th filmfare award for best actress for `Jigra`, surpassing kajol & nutan. social media buzzes with debate over merit and past performances.