കോണ്‍ഗ്രസ് തലപ്പത്തെ ആദ്യ മലയാളിയായി 'അക്ഷയ് കുമാര്‍', കേസരി 2 എത്തുന്നു..

ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച 2022 ന് 125 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1897 ല്‍ അന്നാണ് ആദ്യമായി ഒരുമലയാളി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന പാലക്കാട്ട് മങ്കരയിലെ ചേറ്റൂര്‍ തറവാട്ടുകാരന്‍ 1897 ലെ അമരാവതി സമ്മേളനത്തില്‍ വച്ച് കോണ്‍ഗ്രസ് പ്രസിഡന്റായി. ആ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ആളും അദ്ദേഹമായിരുന്നു. പിന്നീട് മലബാര്‍ അന്വേഷണ സമിതിയംഗം, മദ്രാസ് നിയമസഭാംഗം, കമാന്‍ഡര്‍ ഓഫ് ഇന്ത്യന്‍ എംപയര്‍, സര്‍ പദവികളുള്‍പ്പെടെ നിരവധി നിര്‍ണായക സ്ഥാനങ്ങളും പദവികളും അദ്ദേഹത്തെ തേടിയെത്തി. 1915 ല്‍വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായി സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മാറി. ജലിയന്‍വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ചേറ്റൂരിനെ പക്ഷേ ഇന്ത്യന്‍ കോണ്‍ഗ്രസ് ചരിത്രവും രാജ്യമോ വേണ്ട രീതിയില്‍ അംഗീകരിച്ചില്ല. അക്ഷയ് കുമാര്‍ നായകനായി തിയേറ്ററുകളിലേക്കെത്തുന്ന സിനിമ ' കേസരി ചാപ്റ്റര്‍ 2' ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ആ മറന്നുപോയ ചരിത്രം രാജ്യത്തെ ഓര്‍മിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അക്ഷയ്കുമാര്‍ ചിത്രത്തില്‍ ചേറ്റൂര്‍ ശങ്കരന്‍ നായരായി വേഷമിടുന്നു.
മൊബൈല്‍ മാറ്റിവയ്ക്കാം.
അക്ഷയ്കുമാറിനെ കൂടാതെ മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ബുധനാഴ്ച ഡല്‍ഹിയില്‍ നടന്നിരുന്നു. പ്രദര്‍ശനത്തിനിടെ ആരാധകരോടും പ്രേക്ഷകരോടും അക്ഷയ് കുമാര്‍ നടത്തിയ പ്രത്യേക അഭ്യര്‍ഥന വാര്‍ത്ത പ്രാധാന്യം നേടി. ചിത്രം കാണുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നായിരുന്നു താരത്തിന്റെ അഭ്യര്‍ഥന. 'നിങ്ങളുടെ ഫോണ്‍ കീശയില്‍തന്നെ വെക്കണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ചിത്രത്തിലെ ഓരോ ഡയലോഗും ശ്രദ്ധിക്കണം. സിനിമകാണുന്നതിനിടെ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം നോക്കിയാല്‍, അത് ചിത്രത്തെ അപമാനിക്കുന്നത് പോലെയാവും. അതുകൊണ്ട് നിങ്ങളുടെ ഫോണ്‍ മാറ്റിവെച്ച് സിനിമ കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ് '.
ഡല്‍ഹി ചാണക്യപുരിയിലെ തീയേറ്ററില്‍ ചിത്രം കാണാന്‍ പ്രമുഖരുടെ വലിയ നിര തന്നെ എത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, എംപിമാരായ അനുരാഗ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ് എന്നിവരടക്കം ചിത്രം കാണാന്‍ എത്തിയിരുന്നു.
നവാഗതനായ കരണ്‍ സിങ് ത്യാഗിയാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്.
ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാസ് ഷുക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്‌ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അഡാര്‍ പൂനവല്ല, അപൂര്‍വ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.
ഗാന്ധിജിയെ വിമര്‍ശിച്ച ചേറ്റൂര്‍
1857 ല്‍ പാലക്കാട് മങ്കരയിലെ ചേറ്റൂര്‍ തറവാട്ടില്‍ ജനിച്ച ശങ്കരന്‍ നായര്‍ അതിസമര്‍ഥനായ അഭിഭാഷകനായാണ് വളര്‍ന്നത്. മദ്രാസ് പ്രവിശ്യയുടെ അഡ്വക്കേറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. പിന്നീട് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായും അദ്ദേഹം മാറി. 1897 ലാണ് അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിരവിധി പദവികള്‍ അലങ്കരിച്ച അദ്ദേഹത്തെ തേടി പല ബഹുമതികളും എത്തി. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ വിദ്യാഭ്യാസ ചുമതലയുള്ള അംഗമായി 1915 ല്‍ അദ്ദേഹം നിയമിക്കപ്പെട്ടു. കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. ശങ്കരന്‍നായരുടെ കഴിവുകളില്‍ ബ്രിട്ടീഷുകാര്‍ക്ക് ഏറെ ബഹുമാനമുണ്ടായിരുന്നു. 1919 ലെ മൊണ്ടേഗു-ചെംസ്‌ഫോഡ് പരിഷ്‌കാരങ്ങളില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചു. ബ്രീട്ടിഷ് സംവിധാനത്തില്‍ നിന്നുകൊണ്ട് തന്നെ രാജ്യത്തിന്റെ സ്വാതന്ത്ര്യം പടിപടിയായി സാധ്യമാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
എന്നാല്‍ 1919ല്‍ നടന്ന ജലിയന്‍വാലാബാഗ് കൂട്ടക്കൊല അദ്ദേഹത്തിന്റെ ആ വിശ്വാസത്തിന് മേല്‍ ക്ഷതമേല്‍പ്പിച്ചു. അതില്‍ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയി കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. അദ്ദേഹത്തിന്റെ തീരുമാനം ബ്രിട്ടീഷ് ഭരണകൂടത്തെ ഉലച്ചു. ഉടന്‍ നിരവധി നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. പഞ്ചാബ് പ്രവിശ്യയിലെ പത്രമാരണ നിയമം പിന്‍വലിക്കല്‍, ജലിയന്‍ വാലാബാഗ് കൂട്ടക്കൊല അന്വേഷിക്കാന്‍ ഹണ്ടര്‍ കമ്മീഷന്‍ രൂപികരണം തുടങ്ങിയ കാര്യങ്ങള്‍ ചെയ്തു. രാജിവച്ച് മദ്രാസിലെത്തിയ അദ്ദേഹത്തിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ മഹാത്മാഗാന്ധിയുടെ സമരരീതികളോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. 1922 ല്‍ അദ്ദേഹം ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം എഴുതി. കൂട്ടക്കൊലയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പങ്കു തുറന്നുകാട്ടുന്ന പുസ്തകം കൂടിയായിരുന്നു ഇത്. ഇതേ തുടര്‍ന്ന് ലണ്ടനില്‍ അദ്ദേഹത്തിനെതിരെ അപകീര്‍ത്തി കേസ് വന്നു. മാപ്പുപറയുകയോ 500 പൗണ്ട് നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് കോടതി വിധിച്ചപ്പോള്‍ മാപ്പ് ഒരിക്കലും പറയില്ലെന്ന് പ്രഖ്യാപിച്ച് 500 പൗണ്ട് നഷ്ടപരിഹാരം കൊടുക്കുകയായിരുന്നു ചേറ്റൂര്‍ ചെയ്തത്. ആ ജീവിത കഥ തിയേറ്ററിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും അത് പുതിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമാകും
Content Highlights: akshaykumar as chettur shankaran nair film kesari 2 releasing