'സിനിമയ്ക്കായി തടികുറച്ചു; പെട്ടെന്ന് വിളിച്ച് ഒഴിവാക്കിയെന്ന് പറഞ്ഞപ്പോൾ കരഞ്ഞുപോയി'

മഞ്ജു വാര്യരെയും മീരാ ജാസ്മിനെയും പോലെ ഒരു സിനിമാനടിയാവണമെന്നായിരുന്നു വിന്‍സി എന്ന പെണ്‍കുട്ടിയുടെ ആഗ്രഹം.. അവളുടെ ആഗ്രഹം കേട്ട് ചിലര്‍ ചിരിച്ചു. പലരും പരിഹസിച്ചു. മനസ്സറിഞ്ഞ് ആഗ്രഹിച്ചാല്‍ പ്രപഞ്ചം കൂടെ നില്‍ക്കുമെന്ന തത്ത്വചിന്തയൊന്നും ആ ചുരുളന്‍മുടിക്കാരി അന്ന് കേട്ടിരുന്നില്ല. കാലം കനിഞ്ഞു. അവള്‍ നടിയായി. വിന്‍സി സോണി അലോഷ്യസ് എന്ന താരമായി. 'വികൃതി', 'ഭീമന്റെ വഴി', 'ജനഗണമന', 'സോളമന്റെ തേനീച്ചകള്‍', 'കനകം കാമിനി കലഹം', 'രേഖ', 'പദ്മിനി', 'ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്'... എന്നിങ്ങനെ ഒട്ടേറെ നല്ല ചിത്രങ്ങള്‍...പൊന്നാനിയില്‍നിന്ന് സിനിമയിലേക്കുള്ള സ്വപ്‌നദൂരത്തെപ്പറ്റി വിന്‍സി സംസാരിക്കുന്നു...
നീ ഡ്രൈവറുടെ മകളാണ്, ഐശ്വര്യറായ് അല്ല
ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി. ചേട്ടന്‍ വിപിന്‍. സിനിമയായിരുന്നു എന്റെ സ്വപ്‌നം. സിനിമയില്‍നിന്ന് നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വയ്ക്കാം, നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്ത. ഇതൊക്കെ മനസ്സില്‍വെച്ച് സൗന്ദര്യം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാല്‍ തീര്‍ന്നു. 'നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്. ഐശ്വര്യ റായ് ഒന്നുമല്ല' എന്ന് ഒരു ദയയുമില്ലാതെ പറയും. അതെനിക്ക് വാശിയായി. 'ങാഹാ, ഡ്രൈവറുടെ മോള്‍ക്ക് നടിയായിക്കൂടേ' എന്ന് തിരിച്ചുചോദിക്കും. സദാസമയം ഈ സ്വപ്‌നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തും. എന്നിട്ട് സ്‌കൂളിലേക്ക് വലിയ ഗമയില്‍ ഒരു പോക്കാണ്. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതിനുവേണ്ടി മുടി സ്ട്രെയ്റ്റെന്‍ ചെയ്തതാണെന്ന് കൂട്ടുകാരോട് പറയും...
Content Highlights: actress vincy aloshious interview