സ്വാസികയ്ക്ക് വിവാഹം; ഞങ്ങള്‍ ഒരുമിച്ച് ജീവിതം നയിക്കാന്‍ തീരുമാനിച്ചുവെന്ന് താരം

സ്വാസിക, പ്രേം ജേക്കബ്‌ (Instagram: swasikavj)
സ്വാസിക, പ്രേം ജേക്കബ്‌ (Instagram: swasikavj)

ടെലിവിഷന്‍, സിനിമാതാരം സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. 'ഞങ്ങള്‍ ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചിരിക്കുന്നു' എന്ന അടിക്കുറുപ്പോടെ സ്വാസിക തന്നെയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 27-ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും. നേരത്തേ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമായിരുന്ന സ്വാസിക പ്രേമുമൊത്ത് 'മനംപോലെ മംഗല്യം' എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. 

സുരേഷ് ഗോപി, ദിലീപ്, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, സരയു, ദേവി ചന്ദന, മഞ്ജു പിള്ള തുടങ്ങി സീരിയല്‍-സിനിമാരംഗത്തെ പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 

പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ഥപേര്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങള്‍. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.

അച്ഛന്‍, അമ്മ, അനിയന്‍ എന്നിവരടങ്ങുന്നതാണ് സ്വാസികയുടെ കുടുംബം. അച്ഛന്റെ പേര് വിജയകുമാര്‍. അദ്ദേഹം ബഹ്‌റൈനില്‍ അക്കൗണ്ടന്റാണ്. അമ്മ ഗിരിജ. അനിയന്‍ ആകാശ് എയര്‍നോട്ടിക്കല്‍ എന്‍ജിനീയറാണ്. 

Content Highlights: actress swasika vijay prem jacob wedding