'എന്റെ നായകൻ മാത്രമല്ല, മകനായിട്ടും മരുമകനായും നസീർസാർ അഭിനയിച്ചിട്ടുണ്ട്'

പ്രേംനസീറും ഷീലയും
പ്രേംനസീറും ഷീലയും

എന്തുപറയണം എങ്ങനെ എഴുതണം എന്ന് ചിന്തിച്ചുപോവുകയാണ്. ഓര്‍മകള്‍ ഇങ്ങനെ ഒന്നിനുപിറകേ ഒന്നായ് കടന്നുവരുന്നു. എത്രയെത്ര വേഷങ്ങള്‍, സിനിമകള്‍. അത്രയ്‌ക്കേറെ ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. ഒരുവര്‍ഷത്തില്‍തന്നെ എത്രയെത്ര സിനിമകള്‍. മികച്ചനടനല്ലേ അദ്ദേഹം. ആര്‍ക്കുണ്ട് അതില്‍ എതിരഭിപ്രായം. പേരുപോലെതന്നെ സുന്ദരനായിരുന്നു നസീര്‍സാര്‍. ക്ലോസപ്പിൽ ഏത് ആംഗിളിൽവെച്ചാലും ഭയങ്കര ഭംഗിയാണ്. അതിനാല്‍ തന്നെ ക്ലോസപ്പ് ഷോട്ട് വരുന്ന എത്രയോ ഗാനരംഗങ്ങളുണ്ടായി. നിരവധി നായികമാർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഏറ്റവുമധികം ചിത്രങ്ങളിൽ ഒന്നിച്ചത് ഞങ്ങളായിരുന്നു എന്ന് മാത്രം. എല്ലാവര്‍ക്കും ഞങ്ങളുടെ ജോഡി ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് നിര്‍മാതാക്കള്‍ ആ രസതന്ത്രം വീണ്ടും ചേര്‍ത്തുവെച്ച് പടമെടുത്തതും.

ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നു അത്. ഇത്തരത്തിലുള്ള വേഷമേ ചെയ്യൂ എന്ന് പിടിവാശി ഇല്ലാത്ത ആളാണ് നസീര്‍സാര്‍. നായകനേ ആകൂ എന്നദ്ദേഹം തീരുമാനിച്ചില്ല. വില്ലനായും ഹാസ്യതാരമായും മറ്റ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും നായകനല്ല താനൊരു മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചു. 'മകനേ നിനക്കുവേണ്ടി' പോലുള്ള ചിത്രങ്ങളിൽ എന്റെ മകനായിട്ടും അദ്ദേഹം വേഷമിട്ടു. മരുമകനായും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച എത്രയോ ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്തുവന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ, ഒരു ശബ്ദംപോലും അദ്ദേഹത്തിന്റെ വായയില്‍നിന്ന് കേള്‍ക്കില്ല.വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകെളാന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അത്രയ്ക്കല്ലേ പെർഫെക്ഷൻ? ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍പോലും അദ്ദേഹം പാട്ടുപാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി.സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍! 

പ്രേംനസീറും ഷീലയും 'അടിമച്ചങ്ങല' എന്ന സിനിമയിൽ

കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകളിറങ്ങും. അവര്‍ കണ്ടുകണ്ട് അവരുടെ മനസ്സില്‍ അതങ്ങ് പതിഞ്ഞുപോയിരിക്കും. അതുപോലെ ഇത്രയധികം സിനിമകളില്‍ നായികാനായകന്‍മാരായപ്പോള്‍ ഞങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞിരിക്കാം. പക്ഷേ ഞങ്ങളൊന്നും അറിഞ്ഞിരുന്നില്ല. അന്ന് അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ത്തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ? അതിനവര്‍ക്ക് ധൈര്യം കാണുമോ?

മികച്ച നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു നസീര്‍ സാര്‍. എല്ലാവരെയും സഹായിക്കാന്‍ മനസ്സുള്ള വ്യക്തി. അദ്ദേഹം ഒരിക്കല്‍പ്പോലും ദേഷ്യപ്പെട്ട് ഞാന്‍ കണ്ടിട്ടില്ല. എല്ലാം തികഞ്ഞ ഒരു മനുഷ്യപ്പിറവി, അതാണ് പ്രേംനസീര്‍.

പണ്ട് കേരളത്തില്‍ സിനിമാചിത്രീകരണം വളരെ അപൂര്‍വമാണ്. അന്ന് സിനിമകളുടെ തട്ടകം മദ്രാസായിരുന്നല്ലോ. താരങ്ങളും അന്ന് അവിടെയായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും പാട്ടുസീന്‍ എടുക്കാന്‍ മാത്രമാണ് കേരളത്തില്‍ പോകുന്നത്. അത് കേരളത്തനിമ കൊണ്ടുവരാന്‍ തെങ്ങും മറ്റ് സീനറികളും ചിത്രീകരിക്കാനാണ്. നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമായിരിക്കും അന്നേരം. ഒരിക്കല്‍ അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ബ്രേക്കില്‍ ഞാന്‍, നസീര്‍ സാര്‍, അടൂര്‍ ഭാസി എന്നിവരൊക്കെ കൂടി ഒരു സിനിമ കാണാന്‍ പോയി. ഞങ്ങള്‍ തന്നെ അഭിനയിച്ച സിനിമയായിരുന്നു. തലയില്‍ മുണ്ടൊക്കെ ഇട്ടും മുഖംമറച്ചുമൊക്കെയാണ് പോയത്. തിയേറ്ററിനകത്ത് ലൈറ്റ് ഓഫായതിനുശേഷമാണ് കയറിയിരുന്നതും. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ തീര്‍ന്നു. എല്ലാവരും ഞങ്ങളെ കാണാന്‍ അടുത്തുകൂടി. തിയേറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. ആക്ഷന്‍ സിനിമകളിലൊക്കെ കാണുന്ന രംഗങ്ങളായിരുന്നു. മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി. അവിടുന്നു ചാടി. അങ്ങനെയൊക്കെയാണ് കാറിനടുത്തെത്തിയത്. അത്രയ്ക്കായിരുന്നു അന്നത്തെ ആരാധന. 

(പുനഃപ്രസിദ്ധീകരണം )

Content Highlights: actress sheela remembering actor prem nazir