ആ നടന്റെ ക്രൂരതകള്‍ എന്നെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഹീരയുടെ തുറന്നുപറച്ചില്‍ അജിത്തിനെതിരെയോ?

ഹീര രാജഗോപാല്‍, അജിത്ത്‌
ഹീര രാജഗോപാല്‍, അജിത്ത്‌

'എന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയാക്കാന്‍ ആ നടന്‍ ഉണ്ടാക്കിയ വ്യാജകഥകള്‍ എന്നെ മാനസികമായി തകര്‍ത്തു, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു' -  കോളിവുഡിലെ സൂപ്പര്‍താരത്തിനെതിരെ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് നായിക ഹീര രാജഗോപാല്‍. സ്വകാര്യ വെബ് സൈറ്റിലൂടെയാണ് നടന്റെ പേര് പറയാതെ ഗുരുതരമായ ആരോപണങ്ങള്‍ അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും ശ്രദ്ധേയ നായികയായിരുന്നു ഹീര എന്നാല്‍ പെട്ടെന്ന് സിനിമയില്‍ നിന്ന് അപ്രത്യക്ഷയാകുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രം നിര്‍ണയത്തില്‍ നായികയായ ആനിയായി മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് ഹീര രാജഗോപാല്‍. തമിഴ് നടന്‍ അജിത്തും ഹീരയും ഏറെക്കാലം പ്രണയത്തിലായിരുന്നു. ഇരുവരുടെ പ്രണയത്തെ പറ്റിയും സെറ്റിലിരുന്ന് അജിത്ത് ഹീരയ്ക്ക് എഴുതിയ പ്രണയ ലേഖനങ്ങളെ പറ്റിയുമെല്ലാം ആ കാലത്ത് ഏറെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം ഈ ബന്ധം അവസാനിക്കുകയും അജിത്ത് പിന്നാലെ ശാലിനിയെ വിവാഹം കഴിക്കുകയുമായിരുന്നു. ഈ പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം ഹീര സിനിമയില്‍ നിന്ന് അപ്രത്യക്ഷയായി.

അജിത്തിന്റെ മാതാവിന് ഹീരയുമായുള്ള ബന്ധത്തില്‍ താത്പര്യമില്ലാതിരുന്നതാണ് പ്രണയത്തകര്‍ച്ചയ്ക്ക് കാരണമായതെന്ന് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഹീര ലഹരിക്കടിമയാണെന്ന് അജിത്ത് പറഞ്ഞു എന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഈ വിഷയത്തില്‍ ഹീര ഒന്നും പ്രതികരിച്ചില്ല. അടുത്തിടെ വീണ്ടും ഇരുവരുടെയും ബന്ധങ്ങളെ കുറിച്ചുള്ള പഴയ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് ഹീര തുറന്ന കത്തുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കത്തില്‍ അജിത്തിന്റെ പേര് പരാമര്‍ശിച്ചില്ല എങ്കിലും ഹീരയുടെ തുറന്നുപറച്ചില്‍ അജിത്തിനെതിരെയാണെന്ന് വ്യക്തം. 25 വര്‍ഷം മുമ്പ് താനുമായി പ്രണയത്തിലായിരുന്ന നടന്‍ നട്ടെല്ലിന് പരിക്കുപറ്റി സര്‍ജറി നടത്തിയിരുന്നുവെന്നും ആ സമയത്ത് ആശുപത്രിയില്‍ ദിവസങ്ങളോളം കൂട്ടിരുന്നതും എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തതും താനായിരുന്നുവെന്നും ഹീര കത്തില്‍ പറയുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം അപ്രതീക്ഷിതമായി ഒന്നും പറയാതെ ആ നടന്‍ ബന്ധം അവസാനിപ്പിച്ചുവെന്നും അത് തന്നെ മാനസികമായി തകര്‍ത്തുവെന്നും ഹീര പറയുന്നു.

''കാരണം എന്താണ് എന്നറിയാന്‍ ഞാന്‍ ഏറെ പണിപ്പെട്ട് ഒരുസ്വകാര്യ കൂടിക്കാഴ്ചയ്ക്ക് അനുമതി മേടിച്ചു. ഒരു താത്പര്യവുമില്ലാതെ ദേഷ്യത്തോടെയാണ് നടന്ജൻ ആ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തോരാകണ്ണീരോടെ എന്താണ് ബന്ധം വേര്‍പ്പെടുത്താനുള്ള കാരണം എന്ന് ചോദിച്ച എന്നോട് 'വേലക്കാരിയെ പോലെ തോന്നുന്ന ഒരാളെ വിവാഹം ചെയ്യുമെന്നും, അവളെ ആരും നോക്കില്ലെന്നും തനിക്ക് ഇഷ്ടമുള്ള സ്ത്രീകളുമായെല്ലാം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാ'മെന്നും  പറഞ്ഞ് അദ്ദേഹം ഇറങ്ങിപ്പോയി.

അന്ന് അയാള്‍ ചെയ്ത സര്‍ജറി പോലും ഒരുതിരക്കഥയുടെ ഭാഗമാണെന്ന്  ഹീര കത്തില്‍ ആരോപിക്കുന്നു. പ്രേക്ഷകരുടെ ഇഷ്ടം നേടാനും തന്റെ എതിരാളിയായ നടനേക്കാള്‍ വാര്‍ത്ത ശ്രദ്ധ കിട്ടാനുംവേണ്ടി സൃഷ്ടിച്ച വ്യാജ സര്‍ജറി ആണ് അതെന്നാണ് ഹീര കത്തില്‍ പറയുന്നത്. അതിനായി കള്ളപ്പണം നല്‍കി മാധ്യമങ്ങളെ അയാള്‍ വിലകൊടുത്തിരുന്നുവെന്നും ഹീര കത്തില്‍ ആരോപിക്കുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയ ശേഷം തന്നെ തെറ്റുകാരിയാക്കി കാണിക്കാനും ജനങ്ങള്‍ക്ക് മുന്നില്‍ താറടിക്കാനും  ആ നടന്‍ ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി. അത്തരത്തില്‍ സൃഷ്ടിച്ച വ്യാജവാര്‍ത്തകളിലൂടെ തന്നെ ലഹരിക്കടിമയായി ചിത്രീകരിച്ചെന്നും ഇതില്‍ മനംനൊന്താണ് താന്‍ 25 വര്‍ഷം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ഹീര കത്തില്‍ പറയുന്നു. https://heeraalaya.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഹീര രാജഗോപാല്‍ കത്ത് പുറത്തുവിട്ടിരിക്കുന്നത്. 


ഇദയം എന്ന സിനിമയിലൂടെയാണ് ഹീര രാജഗോപാല്‍ തമിഴ് സിനിമയില്‍ അരങ്ങേറിയത്. നീ പാതി നാന്‍ പാതി, ദശരഥന്‍, തിരുടാ തിരുടാ, കാതല്‍ കോട്ടൈ, അവ്വൈ ഷണ്‍മുഖി തുടങ്ങി പിന്നീട് ഹിറ്റ് സിനിമകളിലെ നായികയായി. കന്നട, തെലുഗ്, മലയാളം സിനിമകളില്‍ ഹീര ശ്രദ്ധേയ സാന്നിധ്യമറിയിച്ചു. കാതല്‍ കോട്ടൈ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അജിത്തും ഹീരയും പ്രണയത്തിലാകുന്നത്. പിന്നീട് ഇവരുടെ പ്രണയം ആ കാലത്തെ ചര്‍ച്ച വിഷയമായിരുന്നു. 

Content Highlights: actress heera rajagopal open up against ex lover actor ajith