കുടുംബവുമായുള്ള ബന്ധം നിയമപരമായി വിച്ഛേദിക്കുകയാണെന്ന് ആമിർഖാന്റെ സഹോദരൻ, എന്തിന്?

കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രസിദ്ധനാണ് നടനായ ആമിർഖാൻ. ഈയടുത്തിറങ്ങിയ സിതാരേ സമീൻ പർ എന്ന സിനിമ നിരവധി പ്രേക്ഷക പ്രശംസ നേടിയെങ്കിലും താരവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നു നിൽക്കുന്ന വിവാദങ്ങൾ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. താരത്തിന്റെ കുടുംബത്തിലുണ്ടായ പൊട്ടിത്തെറികളാണവ. കുടുംബവുമായി നിയമപരമായി വേർപിരിയുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഫൈസൽഖാൻ ഏറ്റവുമൊടുവിൽ പങ്കുവെച്ചത്. ബോളിവുഡ് നടൻ ആമിർ ഖാനും അദ്ദേഹത്തിന്റെ സഹോദരൻ ഫൈസൽ ഖാനും വർഷങ്ങളായി പലതവണ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ, ആമിർ തന്നെ മുംബൈയിലെ വസതിയിൽ ഒരു വർഷത്തിലേറെ പൂട്ടിയിട്ടുവെന്ന് ഫൈസൽ ആരോപിച്ചതോടെയാണ് ഇവർ വീണ്ടും ചർച്ചാവിഷയമായി മാറിയത്.
2005 നും 2007 നും ഇടയിൽ തനിക്ക് നിർബന്ധപൂർവ്വം അനാവശ്യ മരുന്നുകൾ നൽകിയെന്നും 2005-06 കാലയളവിൽ ചില കുടുംബാംഗങ്ങൾ അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കായി തന്നെ പൂട്ടിയിട്ടുവെന്നുമുള്ള ആരോപണമാണ് ഫൈസൽഖാൻ പുറത്തുവിടുന്നത്. ഇഷ്ടത്തിന് വിരുദ്ധമായി വീട്ടുതടങ്കലിന് സമാനമായ രീതിയിലാണ് പാർപ്പിച്ചതെന്ന ആരോപണം വളരെ പെട്ടെന്നു തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
2007 ഒക്ടോബറിൽ അദ്ദേഹം കുടുംബവീട് വിട്ടുപോയി. അതിനുശേഷം, അമ്മ സീനത്തും സഹോദരി നിഖാത് ഖാനും ഫൈസലിന് സ്‌കീസോഫ്രീനിയ എന്ന മാനസികരോഗമുണ്ടെന്നും അയാൾ സമൂഹത്തിന് ഭീഷണിയാണെന്നും പ്രചരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് ഗൂഢാലോചനയാണെന്നും ഫൈസൽ ആരോപിച്ചു. ഈ അഭിമുഖത്തിന് ശേഷം ഫൈസലിന്റെ പരാമർശങ്ങളിൽ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ആമിറും കുടുംബാംഗങ്ങളും ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയെങ്കിലും സഹോദരൻ ആമിറുമായും കുടുംബവുമായും എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് ഫൈസൽ ഖാനും ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്.
'ഫൈസൽ ഖാൻ എന്ന ഞാൻ, ഇന്നുമുതൽ എന്റെ കുടുംബാംഗങ്ങളുമായി കുടുംബപരവും സ്വത്തുസംബന്ധവുമായ എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരിക്കുന്നു. അവരുടെ പേരുകൾ താഴെ നൽകിയിട്ടുള്ള പട്ടികയിൽ വിശദമായി വിവരിച്ചിട്ടുണ്ട്. ഇന്നുമുതൽ ഞാൻ എന്റെ പരേതനായ പിതാവ് താഹിർ ഹുസൈന്റെയോ അമ്മ സീനത്ത് താഹിർ ഹുസൈന്റെയോ, അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള പട്ടികയിൽ വിശദീകരിച്ചിട്ടുള്ള മറ്റേതെങ്കിലും കുടുംബാംഗത്തിന്റെയോ ഭാഗമായി അറിയപ്പെടുകയില്ലെന്ന് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ, ഇവരിൽ ആരുടെയെങ്കിലും സ്വത്തിൽ നിന്നും ഉണ്ടാകുന്ന ഒരവകാശത്തിനും ഞാൻ അർഹനായിരിക്കുകയില്ല. അതുപോലെ അവരുടെ സ്വത്തിൽ നിന്നുണ്ടാകുന്ന ഒരു ബാധ്യതയ്ക്കും ഞാൻ ഉത്തരവാദിയായിരിക്കുകയുമില്ല.'ഫൈസൽ ഖാൻ കുറിച്ചു.
'ഇന്നുമുതൽ ഞാൻ എന്റെ സഹോദരൻ ആമിർ ഖാന്റെ വസതിയിൽ താമസിക്കുന്നതല്ല. കൂടാതെ, സഹോദരൻ ആമിർ ഖാനിൽ നിന്ന് പ്രതിമാസ അലവൻസോ ജീവനാംശമോ ഞാൻ ആവശ്യപ്പെടുകയുമില്ല. എന്റെ കുടുംബാംഗങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ഈ തീരുമാനം, ശ്രദ്ധാപൂർവമായ ആലോചനയ്ക്ക് ശേഷവും താഴെ പറയുന്ന ദൗർഭാഗ്യകരമായ മുൻകാല സംഭവങ്ങളുടെ വെളിച്ചത്തിലുമാണ് എടുത്തിട്ടുള്ളതെന്ന് എല്ലാവരും മനസിലാക്കണം.' ഫൈസൽ കൂട്ടിച്ചേർത്തു.
ഫൈസൽഖാനും നടനായിരുന്നു. 1988ൽ 'ഖയാമത് സെ ഖയാമത് തക്' എന്ന സിനിമയിൽ വില്ലൻ ആയാണ് ഫൈസലിന്റെ തുടക്കം. 1990ൽ പുറത്തിറങ്ങിയ പിതാവിന്റെ സിനിമയായ 'തും മേരെ ഹോ'യിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്നു. മാദോഷ് (1994), ചിനാർ ദാസ്താനെ ഇഷ്‌ക് (2015) തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. 2021ൽ ആദ്യമായി സംവിധായകനായി. 2022ൽ കന്നഡയിലും അരങ്ങേറി. മേള എന്ന സിനിമയിൽ സഹോദരന്മാർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: faisal khan cuts ties with aamir khan and family, citing past disputes and confinement. He relinquishes all family and property claims.