രാജ്കുമാര്‍ ഹിരാനിയും ആമിര്‍ ഖാനും 'ത്രീ ഇഡിയറ്റ്‌സ്' രണ്ടാം ഭാഗത്തിലേക്കോ?

സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയും നടന്‍ ആമിര്‍ ഖാനും ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ദാദാസാഹേബ് ഫാല്‍ക്കെ സിനിമയുടെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു. ഹിരാനിയും അഭിജാത് ജോഷിയും ചേര്‍ന്നാണ് തിരക്കഥ എഴുതിക്കൊണ്ടിരുന്നത്.
ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ ജീവചരിത്രം പറയുന്ന ഫാല്‍ക്കെ സിനിമയുടെ തിരക്കഥയില്‍, ആമിറും ഹിരാനിയും അത്ര സന്തുഷ്ടരല്ല എന്നാണ് സൂചന. അതിനാല്‍, അവര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവര്‍ക്ക് പരിചിതമായ മറ്റൊരു സിനിമയിലേക്കാണ്. 2009-ലെ ബ്ലോക്ക്ബസ്റ്റര്‍ കോമഡി-ഡ്രാമ ചിത്രമായ 'ത്രീ ഇഡിയറ്റ്‌സ്' രണ്ടാം ഭാഗത്തിന്റെ തിരക്കഥ ഹിരാനി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കരീന കപൂര്‍, ആര്‍. മാധവന്‍, ശര്‍മ്മന്‍ ജോഷി എന്നിവരും ആമിറിനൊപ്പം ചിത്രത്തില്‍, പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആദ്യ ഭാഗത്തിലെ നാല് പ്രധാന നടന്മാരും രണ്ടാം ഭാഗത്തില്‍ അവരുടെ വേഷങ്ങള്‍ വീണ്ടും അവതരിപ്പിക്കും. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സിന് ശേഷം 15 വര്‍ഷം കഴിഞ്ഞുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍. കഥാപാത്രങ്ങള്‍ അവരവരുടെ വഴികളില്‍ സഞ്ചരിച്ചശേഷം വീണ്ടും ഒന്നിക്കുന്നതാണ് കഥാസന്ദര്‍ഭം.
കരീന അവതരിപ്പിച്ച പ്രിയ, മാധവന്റെ ഫര്‍ഹാന്‍, ശര്‍മ്മൻ ജോഷിയുടെ രാജു എന്നീ കഥാപാത്രങ്ങള്‍ ചേര്‍ന്ന് ലേയിലെ ഒരു സ്‌കൂളില്‍ വെച്ച് ആമിറിന്റെ റാഞ്ചോ എന്ന കഥാപാത്രത്തെ കണ്ടെത്തുന്നിടത്താണ് ഒന്നാം ഭാഗം അവസാനിക്കുന്നത്. അവിടെ വെച്ച് കരീനയും ആമിറും ഒന്നിക്കുന്നതായിരുന്നു ക്ലൈമാക്‌സ്.
ത്രീ ഇഡിയറ്റ്‌സി ലെ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളായ ഓമി വൈദ്യ അവതരിപ്പിച്ച ചതുര്‍, ബോമന്‍ ഇറാനിയുടെ വീരു സഹസ്രബുദ്ധേ എന്ന വൈറസ്, മോന സിംഗ് അവതരിപ്പിച്ച മോന എന്നിവര്‍ രണ്ടാം ഭാഗത്തില്‍ അവരുടെ റോളുകള്‍ വീണ്ടും അവതരിപ്പിക്കുമോ എന്നത് വ്യക്തമല്ല. ആദ്യ ഭാഗത്തിന്റെ തിരക്കഥ രാജ്കുമാര്‍ ഹിരാനിയും അഭിജാത് ജോഷിയും ചേര്‍ന്നാണ് എഴുതിയത്. വിധു വിനോദ് ചോപ്രയുടെ, വിനോദ് ചോപ്ര ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചത്.
രണ്ടാം ഭാഗത്തിന്റെ തിരക്കഥ ആദ്യ ഭാഗം പോലെ തന്നെ 'രസകരവും, വൈകാരികവും, അര്‍ത്ഥവത്തും' ആണെന്ന് ആദ്യ ഭാഗത്തിന്റെ ടീം വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടിൽ പറയുന്നു. ത്രീ ഇഡിയറ്റ്‌സ് 2-വിനുള്ള ആശയം ഹിരാനിയുടെ മനസ്സില്‍ നേരത്തേയുണ്ടായിരുന്നു, എന്നാല്‍ 2004-ലെ ചേതന്‍ ഭഗത്തിന്റെ ബെസ്റ്റ് സെല്ലറായ 'ഫൈവ് പോയിന്റ് സസ്പെക്റ്റ്' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തിരക്കഥ ഒരുക്കാന്‍ അദ്ദേഹം ധാരാളം സമയമെടുത്തു.
കേന്ദ്ര കഥാപാത്രമായ ഗുണ്ടയായി സഞ്ജയ് ദത്തും, അര്‍ഷദ് വാര്‍സി വിശ്വസ്തനായ കൂട്ടാളി സര്‍ക്യൂട്ടായും അവതരിപ്പിച്ച ചിത്രം, 'മുന്നാ ഭായി' മൂന്നാം ഭാഗത്തിന്റെ തിരക്കഥ ഒരുക്കാനും രാജ്കുമാര്‍ ഹിരാനിയും അഭിജാത് ജോഷിയും വിധു വിനോദ് ചോപ്രയും ശ്രമിക്കുന്നുണ്ട്. “മുന്നാ ഭായി'യുടെ മൂന്നാം ഭാഗം ഒരിക്കലും സംഭവിക്കില്ല എന്ന അവസ്ഥയിലായിരുന്നു, പക്ഷേ ഇപ്പോള്‍ അത് സംഭവിക്കുമെന്ന് തോന്നുന്നു,'' എന്ന് അര്‍ഷദ് വാര്‍സി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Fans rejoice! Rumors swirl of a `3 Idiots` sequel as director Rajkumar Hirani and star Aamir Khan hint at a possible comeback. Get the latest updates!