ശ്വാസകോശരോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ മാത്രമല്ല, മരണം സംഭവിക്കുന്നവരുടെ എണ്ണവും ലോകമെങ്ങും കൂടുന്നു. വായുമലിനീകരണം കൊണ്ട് വര്‍ഷംതോറും 70 ലക്ഷം പേര്‍ മരിക്കുന്നു. പുകയില വര്‍ഷം തോറും 80 ലക്ഷം പേരുടെ  ജീവനെടുക്കുന്നുവെന്നും കണക്കുകള്‍. ശ്വാസകോശ രോഗങ്ങളെ നേരത്തെ തിരിച്ചറിഞ്ഞു ചികിത്സിക്കേണ്ടത് ഏറെ പ്രധാനമാണ്.

To advertise here,

ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി എല്ലാവര്‍ഷവും സെപ്തംബര്‍ 25 ലോക ശ്വാസകോശദിനമായി ആചരിച്ചുവരുന്നു. ശ്വാസകോശ രോഗങ്ങള്‍ ആയ ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്, ശ്വാസകോശാര്‍ബുദം, ക്ഷയം മുതലായവയെക്കുറിച്ചുള്ള പൊതുബോധം വര്‍ധിപ്പിക്കാനും ഈ ദിനാചരണം ഉതകുന്നു. ശ്വാസകോശാരോഗ്യത്തിന് അഞ്ച് ശീലങ്ങള്‍   

പുകവലി ഒഴിവാക്കുക
ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ശീലങ്ങളിലൊന്നാണ് പുകവലി. അമിതമായ പുകവലി എംഫയ്‌സിമ, ബ്രോങ്കൈറ്റിസ്, ശ്വാസകോശാര്‍ബുദം മുതലായ രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നു.   

വ്യായാമം
സ്ഥിരമായ വ്യായാമം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. നടത്തം, നീന്തല്‍, സൈക്ലിങ് തുടങ്ങിയവ ശ്വസന പേശികളെ ശക്തിപ്പെടുത്തുകയും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. 

ശുചിത്വം ശീലിക്കുക 
വ്യക്തിശുചിത്വം ശീലിക്കുന്നതും പതിവായി കൈകഴുകുക, ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയിലൂടെ രോഗസാധ്യത കുറയ്ക്കാനാവും.

നല്ല ഭക്ഷണം 
ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയെന്നതാണ് പ്രധാനം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃതാഹാരം ശീലിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവയും അനിവാര്യമാണ്.

മലിനീകരണ നിയന്ത്രണം
വായുമലിനീകരണം കുറയ്ക്കുന്നത്  ശ്വാസകോശ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ്.  ഉയര്‍ന്ന അളവിലുള്ള വായയുമലിനീകരണമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുകയും വീടിനുള്ളില്‍ എയര്‍പ്യൂരിഫയറുകള്‍  ഉപയോഗിക്കുകയും ചെയ്യുക. ഹാനികരമായ കണങ്ങളുമായോ രാസവസ്തുക്കളുമായോ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

(കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പള്‍മനോളജി വിഭാഗത്തില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍)