''എന്റെ മുറി വൃത്തിയായി സൂക്ഷിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, എനിക്ക് ഒരു ചെറിയ ഒസിഡി ഉണ്ട്'' നമ്മളെല്ലാവരും കേട്ടിട്ടുള്ളതോ പറഞ്ഞിട്ടുള്ളതോ ആയ ഒരു കാര്യമാണിത്. ഒസിഡി എന്ന അവസ്ഥയുടെ സങ്കീർണ്ണത മനസ്സിലാക്കാതെയാണ് പലപ്പോഴും നമ്മളിത് പറയുന്നത്. 'നേരിയ ഒസിഡി' എന്നൊന്നില്ല. ഗൗരവകരമായ ഒരു മെഡിക്കൽ അവസ്ഥയ്ക്ക് മുന്നിൽ 'നേരിയ' എന്ന് ചേർത്ത് അതിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

ഒബ്‌സസീവ്-കംപൾസീവ് ഡിസോർഡർ, അല്ലെങ്കിൽ സാധാരണയായി ഒസിഡി എന്നറിയപ്പെടുന്നത് ഒരു വ്യക്തിയിൽ അനാവശ്യമായ ചിന്തകളുടെയും ഭയങ്ങളുടെയും ഒരു പാറ്റേൺ ഉണ്ടാകാൻ തുടങ്ങുന്ന അവസ്ഥയാണ്. അല്ലാതെ ഇടയ്ക്കിടെ അമിതമായി ചിന്തിക്കുന്നതോ ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ കിടപ്പുമുറി വൃത്തിയാക്കുന്നതോ മാത്രമല്ല ഒസിഡി. ഇതിനെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന ചില മിഥ്യാധാരണകളും അവയുടെ വസ്തുതകളും നോക്കാം.

ഒസിഡിയെ പലപ്പോഴും വൃത്തിയിലും ചിട്ടയിലും അമിതമായി ശ്രദ്ധിക്കുന്ന ഒരു അവസ്ഥയായി മാത്രം തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ഇത് അതിനേക്കാൾ സങ്കീർണ്ണമാണ്. ഉദാഹരണത്തിന്, ഒസിഡി ഇല്ലാത്ത ഒരു വ്യക്തിക്ക് വൃത്തിയാക്കുന്നതും ചിട്ടപ്പെടുത്തുന്നതും ആസ്വദിക്കാൻ കഴിഞ്ഞേക്കും. എന്നാൽ ഒസിഡി ഉള്ള ഒരാൾക്ക് അണുക്കളെക്കുറിച്ച് അമിതമായ ഭയമുണ്ടാവുക. അവ പടരുമോ എന്ന ഭയം അവരെ അമിതമായി വൃത്തിയാക്കുന്നത്‌ പോലുള്ള നിർബന്ധിത പ്രവൃത്തികളിലേക്ക് നയിക്കുന്നു.

മറ്റൊരു ഉദാഹരണമാണ് എല്ലാ കാര്യങ്ങളും കുറ്റമറ്റതായിരിക്കണം എന്ന നിർബന്ധം, ഇതിനെ 'സിമട്രി ഒബ്‌സെഷൻസ്' എന്നും പറയുന്നു. ഇത് വസ്തുക്കൾ ആവർത്തിച്ച് ക്രമീകരിക്കുന്നതിനും, അടുക്കി വെക്കുന്നതിനും, അല്ലെങ്കിൽ നേരെയാക്കുന്നതിനും കാരണമാകുന്നു. ഇത് സമയം അപഹരിക്കുക മാത്രമല്ല, ഒരു വ്യക്തിയുടെ സാമൂഹികവും, പഠനപരവും, തൊഴിൽപരവുമായ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. വൃത്തിക്കുറവിനെക്കുറിച്ചുള്ള ചിന്തകൾ ഒസിഡിയിൽ സാധാരണമാണെങ്കിലും, ലൈംഗികത, മതം, ഉത്തരവാദിത്തം, വ്യക്തിത്വം, ബന്ധങ്ങൾ, കൂടാതെ മറ്റു പല കാര്യങ്ങളുമായി ബന്ധപ്പെട്ടും ഇത്തരം ചിന്തകൾ ഉണ്ടാകാം.

ഒസിഡി ഒരു സ്വഭാവവൈചിത്ര്യമോ മുൻഗണനയോ എന്നതിലുപരി, അത് ഒരു യഥാർത്ഥ മാനസികാരോഗ്യ അവസ്ഥയാണ്. ഒബ്‌സെഷനുകളിൽ (അനാവശ്യ ചിന്തകൾ) നിന്ന് രക്ഷപ്പെടാനും ഉത്കണ്ഠ കുറയ്ക്കാനും ഒസിഡി ഉള്ള ഒരു വ്യക്തി ഉപയോഗിക്കുന്ന ചിന്തകളെയോ പെരുമാറ്റങ്ങളെയോ ആണ് കംപൽഷനുകൾ (നിർബന്ധിത പ്രവൃത്തികൾ) എന്ന് പറയുന്നത്. അണുബാധയെ ഭയന്ന് അമിതമായി കൈ കഴുകുക, പല്ല് തേക്കുക, അല്ലെങ്കിൽ കുളിക്കുക എന്നിവ നിർബന്ധിത പ്രവൃത്തികൾക്ക് ഉദാഹരണങ്ങളാണ്.

ഈ അവസ്ഥയുമായി മല്ലിടുന്നവർക്ക്, ഈ ചിന്തകളും നിർബന്ധിത പ്രവൃത്തികളും അമിതമോ യുക്തിരഹിതമോ ആണെന്ന് തിരിച്ചറിഞ്ഞാലും അവയെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയില്ല. തലച്ചോറിലെ ആശയവിനിമയ പ്രശ്നങ്ങൾ കൂടാതെ, ആഘാതകരമായ ജീവിതാനുഭവങ്ങൾ, വിട്ടുമാറാത്ത സമ്മർദ്ദം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും ഒസിഡിയുടെ വളർച്ചയിൽ ഒരു പ്രധാനപങ്ക് വഹിക്കുന്നു. നിർബന്ധിത പ്രവൃത്തികൾ ചിന്തകളുമാകാം. ഉദാഹരണത്തിന് സംശയം ദൂരീകരിക്കുന്നതിനായി കഴിഞ്ഞ സംഭവങ്ങളോ സംഭാഷണങ്ങളോ ആവർത്തിച്ച് മനസ്സിൽ അവലോകനം ചെയ്യുന്നത് മറ്റൊരു ഉദാഹരണമാണ്. ശാരീരിക നിർബന്ധിത പ്രവൃത്തികളെ അപേക്ഷിച്ച്, മാനസികമായവ കണ്ടെത്താൻ പ്രയാസമാണ്. കാരണം അവ അനുഭവിക്കുന്ന വ്യക്തിക്ക് മാത്രമേ അതിനെക്കുറിച്ച് അറിയുകയുള്ളൂ.

ഒസിഡി അപൂർവമാണ്, അധികം ആളുകളെ ബാധിക്കുന്നില്ല എന്നത് തെറ്റായ ധാരണയാണ്. ഒസിഡി എല്ലാ പ്രായത്തിലും, പശ്ചാത്തലത്തിലുമുള്ള ആളുകളെ ബാധിക്കാം. ഈ അസുഖം പ്രീ-സ്‌കൂൾ പ്രായത്തിൽ തന്നെ ആരംഭിക്കാം. മിക്ക ആളുകളിലും, 8-നും 12-നും ഇടയിലുള്ള പ്രായത്തിലോ, അല്ലെങ്കിൽ കൗമാരത്തിന്റെ അവസാനത്തിലും യൗവനത്തിന്റെ തുടക്കത്തിലുമാണ് ലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒസിഡി ഒരു ഘട്ടം മാത്രമാണ്, അത് തനിയെ മാറിക്കൊള്ളും എന്നും ആളുകൾ പറഞ്ഞുനടക്കാറുണ്ട്.

എന്നാൽ ഒസിഡി ഒരു യഥാർത്ഥ മാനസികാരോഗ്യ വൈകല്യമാണ്. ഇതിന് ലൈസൻസുള്ള ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ മാർഗ്ഗനിർദ്ദേശത്തിൽ രോഗനിർണയവും ചികിത്സയും ആവശ്യമാണ്. ചികിത്സിച്ചില്ലെങ്കിൽ, കാലക്രമേണ ഈ അവസ്ഥ വഷളാകാം. ഒസിഡി ഉള്ള വ്യക്തികൾക്ക് അവരുടെ അവസ്ഥ നേരത്തെ കണ്ടെത്തുന്നതിലൂടെ പ്രയോജനം ലഭിക്കും. നേരത്തെയുള്ള ചികിത്സ അവരുടെ ജീവിതത്തിൽ ഈ അസുഖത്തിന്റെ ഫലങ്ങളും പ്രത്യാഘാങ്ങളും കുറയ്ക്കാൻ സഹായിക്കും. ഒസിഡി ഉണ്ടാകുന്നത് ദുർബലമായ സ്വഭാവം കൊണ്ടോ ഇച്ഛാശക്തിയുടെ അഭാവം കൊണ്ടോ അല്ല. ഈ അവസ്ഥയെ മറികടക്കാൻ ഇച്ഛാശക്തി മാത്രം മതിയാവില്ല.

ഒസിഡി ഉള്ളവർ 'വിചിത്ര സ്വഭാവികളോ', 'ന്യൂറോട്ടിക്കോ', അല്ലെങ്കിൽ 'ഭ്രാന്തന്മാരോ' ആണ്, അവർക്ക് സന്തോഷകരവും സാധാരണവുമായ ഒരു ജീവിതം നയിക്കാൻ ഒരു സാധ്യതയുമില്ല എന്നതും ഒസിഡി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്നതും മിഥ്യാധാരണയാണ്. ഒസിഡി ചികിത്സിക്കാൻ കഴിയും. ചികിത്സയുടെ ദൈർഘ്യം ഓരോ കേസിനെയും അത് വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. സാധാരണയായി, ചെറിയ കേസുകൾക്ക് ഹ്രസ്വകാല തെറാപ്പി ശുപാർശ ചെയ്യുന്നു. ഗുരുതരമായ കേസുകൾക്ക്, തെറാപ്പിയും മരുന്നും സംയോജിപ്പിച്ചുള്ള വിപുലമായ ചികിത്സ ആവശ്യമായി വന്നേക്കാം. ഒസിഡിക്കുള്ള ഒരു ഫലപ്രദമായ ചികിത്സയാണ് എക്‌സ്‌പോഷർ ആൻഡ് റെസ്‌പോൺസ് പ്രിവൻഷൻ, ഇത് കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പിയുടെ ഒരു തരമാണ്.

ഒസിഡി ഉള്ള ആളുകൾ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ട്രിഗറുകൾ ഒഴിവാക്കാൻ ശ്രമിച്ചേക്കാം. ഒബ്‌സെഷനുകൾക്ക് കാരണമാകുന്ന ചിന്തകൾ, ആളുകൾ, സ്ഥലങ്ങൾ, സാഹചര്യങ്ങൾ എന്നിവ ഒഴിവാക്കുന്നത് ഈ പ്രതിരോധതന്ത്രത്തിൽ ഉൾപ്പെടുന്നു. എന്നാൽ ഈ സമീപനം ഒസിഡി ലക്ഷണങ്ങളെ കൂടുതൽ വഷളാക്കും. ട്രിഗറുകൾ എത്രത്തോളം ഒഴിവാക്കുന്നുവോ, അത്രത്തോളം അത് ഭയത്തെ ശക്തമാക്കും. കൂടാതെ, ഇത് രോഗബാധിതനായ വ്യക്തിയെ ഒറ്റപ്പെടുത്താനും കാരണമാകും. ഒസിഡി എല്ലാവർക്കും ഒരുപോലെയല്ല. ഒസിഡിയെക്കുറിച്ച് മാത്രമല്ല, പൊതുവെ മറ്റ് മാനസികാരോഗ്യ അവസ്ഥകളെക്കുറിച്ചും മിക്കവർക്കും പൊതുവായ ധാരണക്കുറവുണ്ട്. മിഥ്യാധാരണകൾ തിരുത്തുന്നതിലൂടെ ഈ അസുഖത്തോടെ ജീവിക്കുന്നവർക്ക് കൂടുതൽ പിന്തുണ നൽകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴിയും.

(പൊതുവായ നിർദേശങ്ങൾ മാത്രമാണിവ)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi