മാനസികാരോഗ്യത്തെപ്പറ്റിയുള്ള ധാരണക്കുറവ് ഇന്നും സമൂഹത്തിൽ വലിയ പ്രതിസന്ധികള്‍ തീർക്കുന്നുണ്ട്. അംഗീകൃത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അഭാവമാണ് അതിൽ പ്രധാനം. ഉദാഹരണത്തിന്, ഒരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാകുമ്പോള്‍ എന്തുചെയ്യണമെന്ന് എത്രപേര്‍ക്കറിയാം?
കോവിഡിന് ശേഷം ഇന്ത്യയില്‍ 23.7 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉത്കണ്ഠ വളര്‍ന്നു എന്നാണ് സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ഒരു ആഗോള പ്രവണതയാണ്. ഉത്കണ്ഠയെയും പാനിക് അറ്റാക്കിനെയും വേര്‍തിരിച്ചറിയാനും ആവശ്യമായ സഹായങ്ങള്‍ കൃത്യമായി ചെയ്യാനും അധികമാർക്കും അറിയില്ലെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇവ വ്യത്യസ്തമായ അവസ്ഥകളാണ്. ആളുകള്‍ സാധാരണയായി 'ആങ്‌സൈറ്റി അറ്റാക്ക്' എന്ന പദം ഉപയോഗിക്കാറുണ്ടെങ്കിലും, ഡോക്ടര്‍മാര്‍ അത് ഉപയോഗിക്കുന്നില്ല. ഡയഗ്‌നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാനുവല്‍ ഓഫ് മെന്റല്‍ ഡിസോര്‍ഡേഴ്‌സ് അനുസരിച്ച്, 'ആങ്‌സൈറ്റി അറ്റാക്ക്' എന്നൊരു മെഡിക്കല്‍ പദമില്ല. പകരം ഉത്കണ്ഠ എന്നത് ഒരു വികാരമാണ്. ആശങ്കയുടെയോ അസ്വസ്ഥതയുടെയോ ഉയര്‍ന്ന അവസ്ഥയാണത്. അതേസമയം പാനിക് അറ്റാക്ക് എന്നത് പെട്ടെന്നുണ്ടാകുന്ന, തീവ്രമായ ഭയത്തിന്റെ ഒരു ഘട്ടവും.
നിങ്ങളെ ഭയപ്പെടുത്തുകയോ ആശങ്കപ്പെടുത്തുകയോ ചെയ്യുന്ന ഒന്നിനോടുള്ള സ്വാഭാവിക പ്രതികരണമാകാം ഉത്കണ്ഠ. ഇത് ആശങ്ക, അജ്ഞാതമായതിനെക്കുറിച്ചുള്ള ഭയം, വേണ്ടാത്ത നെഗറ്റീവ് ചിന്തകള്‍ എന്നിവയായി പ്രകടമാകാം. വെറുതെയിരിക്കാനാവാതെ എന്തെങ്കിലും ചെയ്യുകയോ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയോ ചെയ്യുക, ആള്‍ക്കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങുക, അസാധാരണമായി ദേഷ്യപ്പെടുക, നിശ്ശബ്ദനാകുക, അല്ലെങ്കില്‍ അമിതമായി സംസാരിക്കുക തുടങ്ങിയവയും പലപ്പോഴും ഉയര്‍ന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളാവാം. ഈ സ്വഭാവങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും, എല്ലായ്‌പ്പോഴും വ്യക്തമായി കാണണമെന്നുമില്ല.
മീമുകളിലൂടെയും മറ്റും പാനിക് അറ്റാക്കുകളെ സമൂഹ മാധ്യമങ്ങളില്‍ നിസ്സാരവല്‍ക്കരിക്കാറുണ്ട്. വാസ്തവത്തില്‍, അവ പ്രകടമായ അസ്വസ്ഥതകളോടുകൂടിയ ഭയാനകമായ അനുഭവങ്ങളാകാം. പെട്ടെന്നുണ്ടാകുകയും 10-15 മിനിറ്റിനുള്ളില്‍ ഏറ്റവും തീവ്രമായ അവസ്ഥയിലെത്തുകയും ചെയ്യുന്ന കടുത്ത ഉത്കണ്ഠയുടെയും ഭയത്തിന്റെയും അസ്വസ്ഥതയുടെയും അവസ്ഥയാണ് പാനിക് അറ്റാക്കുകള്‍. അവ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടുനില്‍ക്കാമെന്നാണ് നാഷണല്‍ മെഡിക്കല്‍ ജേണല്‍ ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്.
ശ്വാസംമുട്ടല്‍, വിയര്‍പ്പ്, വിറയല്‍, ഓക്കാനം, ഹൃദയമിടിപ്പ് കൂടുക അല്ലെങ്കില്‍ തലകറക്കം, നെഞ്ചിലെ അസ്വസ്ഥത തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഏറ്റവും തീവ്രമായ അവസ്ഥയില്‍, ഈ ലക്ഷണങ്ങള്‍ ഹൃദയാഘാതമോ ആസ്ത്മയെയോ പോലെ തോന്നിയേക്കാം. വ്യക്തിയുടെ അവസ്ഥ വഷളാകുന്നതായി തോന്നുന്നുവെങ്കില്‍, ഉടന്‍ തന്നെ വൈദ്യസഹായം തേടുന്നതാണ് ഏറ്റവും സുരക്ഷിതം. ഉത്കണ്ഠ സാവധാനം കത്തിപ്പടരുന്നതും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതുമാണ്. അതേസമയം പാനിക് അറ്റാക്കുകള്‍ കൂടുതല്‍ കഠിനവും പെട്ടെന്നുള്ളതും ഹ്രസ്വവുമാണ്.
ഒരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാകുമ്പോള്‍, അവര്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടതായും ആശയക്കുഴപ്പത്തിലായതായും തോന്നാം. അവര്‍ സുരക്ഷിതരാണെന്ന് ഉറപ്പുനല്‍കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ലെങ്കിലോ അവരോട് ദേഷ്യപ്പെടരുത്. ആ വ്യക്തിയെ ശാന്തമായ ഒരിടത്തേക്ക്, ആള്‍ക്കൂട്ടത്തില്‍ നിന്നോ അനാവശ്യ ശ്രദ്ധയില്‍ നിന്നോ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുക. അവര്‍ക്ക് സഹായം വേണോ എന്ന് ചോദിക്കുക. ചോദ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വന്നേക്കാം, പക്ഷേ എപ്പോഴും നിങ്ങളുടെ സ്വരം സൗമ്യമായിരിക്കണം. അവരുടെ ശ്വാസോച്ഛ്വാസം നിയന്ത്രിക്കാന്‍ സഹായിക്കുക. മൂക്കിലൂടെ ശ്വാസം ഉള്ളിലേക്കെടുത്ത്, രണ്ട് സെക്കന്‍ഡ് പിടിച്ചുവെച്ച ശേഷം വായിലൂടെ പതുക്കെ പുറത്തുവിടാന്‍ പറയുക.
വ്യക്തിയെ അവഗണിക്കുന്നതായോ അവസ്ഥയെ നിസാരവല്‍ക്കരിക്കുന്നതായോ തോന്നിക്കുന്ന സംസാരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അവരെ കുലുക്കുകയോ, ചുറ്റും കൂടുകയോ, അനാവശ്യമായി ശ്രദ്ധ ആകര്‍ഷിക്കുകയോ ചെയ്യരുത്, കാരണം ഇത് അവസ്ഥ കൂടുതല്‍ വഷളാക്കും. ഒരിക്കലും ആ വ്യക്തിയെ വീഡിയോ എടുക്കുകയും ഓണ്‍ലൈനില്‍ പങ്കുവെക്കുകയും ചെയ്യരുത്. അവരെ പിടിച്ചുവെക്കുകയോ, തടയുകയോ ചെയ്യുന്നതും അവരുടെ അനുവാദമില്ലാതെ അവരെ തൊടുന്നതും ഗുണം ചെയ്യില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: learn about the differences between anxiety and panic attacks, their symptoms, and how to help someone experiencing a panic attack.
Published: 29 Aug 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented