ബോളിവുഡ് നടൻ സൽമാൻ ഖാന് ഒരു അപൂർവരോഗം പിടിപെട്ടിരുന്നു. പിന്നീടത് ദൈനംദിനജീവിതത്തെ പോലും ബാധിച്ചുതുടങ്ങി. ഒടുവിലത് ശസ്ത്രക്രിയയിലൂടെ മാറ്റുകയായിരുന്നു. ട്രൈജമിനൽ ന്യൂറൾജിയ എന്ന രോഗമാണിത്. മുഖത്ത് പെട്ടെന്ന് വേദനയുണ്ടാവുന്നതാണ് ഇതിന്റെ ലക്ഷണം. സഹിക്കാൻ പറ്റാത്ത വേദനയാണുണ്ടാവുക. ആ അസുഖവുമായി വലഞ്ഞ കാലത്തെക്കുറിച്ച് തുറന്നുപറയുകയാണ് സൽമാനിപ്പോൾ.

To advertise here,

കജോളും ട്വിങ്കിൾ ഖന്നയും അവതാരകരായ 'ടൂ മച്ച്' എന്ന ടോക്ക്‌ഷോയിൽ അതിഥിയായെത്തിയതായിരുന്നു സൽമാൻ. ''ട്രൈജമിനൽ ന്യൂറൾജിയ ഉണ്ടായിരുന്ന സമയത്ത്, ശത്രുക്കൾക്കുപോലും ഇത്തരം വേദന കൊടുക്കരുതേയെന്ന് ചിന്തിച്ചുപോവും. എനിക്കത് ഏഴര വർഷത്തോളമാണ് നീണ്ടുനിന്നത്. ഓരോ അഞ്ചുമിനിറ്റ് കൂടുമ്പോഴും ഇതുണ്ടാവും. പെട്ടെന്നായിരിക്കും വേദനവരുന്നത്. ഭക്ഷണം കഴിക്കുമ്പോഴെല്ലാം കടുത്ത വേദനയായിരിക്കും.

ഓരോ തവണയും ഒന്നര മണിക്കൂറുകൊണ്ടാണ് ഭക്ഷണം കഴിച്ചുതീർത്തിരുന്നത്. ഒരു ഓംലെറ്റ് പോലും ചവയ്ക്കാൻ പറ്റില്ല. ചവയ്ക്കുമ്പോഴെല്ലാം ജീവൻ പോകുന്ന വേദനയായിരുന്നു. ഓരോ തവണയും ആ വേദന സഹിക്കേണ്ടിവന്നു. അതുകൊണ്ട് പലപ്പോഴും ഭക്ഷണം കഴിക്കുന്നതൊഴിവാക്കി'', അക്കാലത്ത് വേദനസംഹാരികൾ പോലും സഹായകമായിരുന്നില്ലെന്ന് അദ്ദേഹം ഓർക്കുന്നു.

ദൈനംദിനപ്രവർത്തനങ്ങളെ രോഗം സാരമായി ബാധിച്ചിരുന്നു. ചവയ്ക്കാനും സംസാരിക്കാനും ബുദ്ധിമുട്ട്, എന്തിന് മുഖത്ത് തൊടുമ്പോൾ പോലും കഠിനമായ വേദന. മിനിറ്റുകളോളം അത് നീണ്ടുനിൽക്കും.

ആദ്യമായി ഈ വേദനയുണ്ടായതെപ്പോഴെന്നും അദ്ദേഹം വെളിപ്പെടുത്തി. ''2007-ൽ പാർട്ണർ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ലാറ ദത്ത എന്റെ താടിയിൽനിന്ന് ഒരു രോമം വലിച്ചെടുത്തു. കടുത്തവേദനയായിരുന്നു അന്ന്. ഇലക്ട്രിക്ക് ഷോക്കിലൂടെ പോവുന്നതുപോലുള്ള തോന്നൽ. അങ്ങനെയാണ് തുടക്കം. പരിശോധനകൾ കഴിഞ്ഞപ്പോൾ പലരും പറഞ്ഞത്, പല്ലിനെന്തോ പ്രശ്‌നമുള്ളതുകൊണ്ടാണ് ഈ വേദനവരുന്നതെന്നാണ്''.

പുറകെ ഈ വേദന സൽമാന്റെ ജീവിതത്തെ തന്നെ ബാധിച്ചുതുടങ്ങി. എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഇത് മാറിയതെന്നും സൽമാൻ പറയുന്നു. ''സർജറി കഴിഞ്ഞപ്പോഴും ഡോക്ടർമാർ എന്നോട് പറഞ്ഞത്, വേദനയിൽ ഒരുപരിധിവരെ കുറവുണ്ടാകുമെന്നാണ്. പക്ഷേ എന്തോ ഭാഗ്യത്തിന് എന്റേത് പൂർണമായും മാറി''. ആത്മഹത്യാരോഗമെന്നാണ് സൽമാൻ ഇതിനെ വിശേഷിപ്പിക്കുന്നത്.

ട്രൈജമിനൽ ന്യൂറൾജിയയിൽ എപ്പോഴാണ് വേദനയുണ്ടാവുന്നതെന്ന് പറയാൻ പറ്റില്ല. പല്ലുതേയ്ക്കുക, ഷേവ് ചെയ്യുക, ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക, എന്തിനേറെ പറയുന്നു കാറ്റേൽക്കുമ്പോൾ പോലും ചിലപ്പോൾ വേദനയുണ്ടായേക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi