ആരോഗ്യകരമായ ഭക്ഷണം ചിലപ്പോള്‍ വിരസമായിരിക്കും. ചിലപ്പോള്‍ കഴിക്കാന്‍ തോന്നില്ല. എന്നാല്‍ പോഷകങ്ങള്‍ കൃത്യമായി ശരീരത്തിലേക്കെത്തേണ്ടത് ആത്യാവശ്യവുമാണ്. അവിടെ നിങ്ങള്‍ക്ക് പരീക്ഷിക്കാന്‍ സാധിക്കുന്ന ലളിതവും ശക്തവുമായ ഒരു ആശയമാണ് റെയിന്‍ബോ ഡയറ്റ്.

To advertise here,

ചുവന്ന തക്കാളി, ഓറഞ്ച് കാരറ്റ്, മഞ്ഞ കാപ്‌സിക്കം, ഇലക്കറികള്‍, ബ്ലൂബെറി, പര്‍പ്പിള്‍ വഴുതന തുടങ്ങിയ സ്വാഭാവികമായി നിറമുള്ള പലതരം ഭക്ഷണങ്ങള്‍ കഴിക്കാന്‍ റെയിന്‍ബോ ഡയറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ഓരോ നിറവും ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വ്യത്യസ്ത ഫൈറ്റോന്യൂട്രിയന്റുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. നമ്മുടെ പ്രതിരോധശേഷിയും മറ്റ് ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന മൈക്രോന്യൂട്രിയന്റുകളാണ് ഫൈറ്റോന്യൂട്രിയന്റുകള്‍.

ചുവപ്പ്/പര്‍പ്പിള്‍ ഭക്ഷണങ്ങളില്‍ ലൈക്കോപീനും ആന്തോസയാനിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉദാ: തക്കാളി, ചെറി, ബെറികള്‍ തുടങ്ങിയവ. ഇവ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു, ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നു, ആന്റി-ഇൻഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്.

പച്ച ഭക്ഷണങ്ങളില്‍ ക്ലോറോഫില്‍, വിറ്റാമിന്‍ കെ, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഉദാ: ചീര, പഠാണിക്കടല, വെള്ളരി തുടങ്ങിയവ. അവ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

മഞ്ഞ-ഓറഞ്ച് ഭക്ഷണങ്ങളില്‍ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയും നിറഞ്ഞിരിക്കുന്നു. ഉദാ: കാരറ്റ്, പപ്പായ, മത്തങ്ങ തുടങ്ങിയവ. അവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു, ചര്‍മ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, 

കോളിഫ്ളവര്‍, കൂണ്‍, വാഴപ്പഴം പോലുള്ള വെള്ളനിറത്തിനോടടുത്ത നിറമുള്ളവ എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, ദഹനത്തെ സഹായിക്കുന്നു, ശരീരത്തിന്റെ ഊര്‍ജ്ജ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് ആന്റിഓക്സിഡന്റുകളായും, ആന്റി-ഇൻഫ്‌ളമേറ്ററി ഏജന്റുകളായും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നവയായും പ്രവര്‍ത്തിക്കുന്നു.

എല്ലാ നിറങ്ങളിലുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ സമ്പൂര്‍ണ്ണമായ പോഷക ഘടന ഉറപ്പാക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ ആശയം ആകര്‍ഷകമായി തോന്നാമെങ്കിലും, ദിവസവും എത്രത്തോളം നിറങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പലരും ചിന്തിക്കാറുണ്ട്.

ദിവസവും കുറഞ്ഞത് മൂന്നോ അഞ്ചോ വ്യത്യസ്ത നിറങ്ങള്‍ നിങ്ങളുടെ പാത്രത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പോഷകാഹാര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇത് ഓരോ നേരത്തെ ഭക്ഷണത്തിലും വിഭജിച്ചു കഴിക്കുന്നത് ഉത്തമമാണ്. സാലഡോ സീസണല്‍ പഴങ്ങളോ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് പോലുള്ള ചെറിയ മാറ്റങ്ങള്‍ പോലും വലിയ വ്യത്യാസം ഉണ്ടാക്കും. പ്രായം, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി എന്നിവ അടിസ്ഥാനമാക്കി ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കണം.

പാത്രത്തില്‍ നിറങ്ങള്‍ ചേര്‍ക്കുക എന്നതിനര്‍ത്ഥം കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ മറ്റ് പ്രധാന ഭക്ഷണ ഗ്രൂപ്പുകളെ ഒഴിവാക്കുക എന്നല്ല. റെയിന്‍ബോ ഡയറ്റ് എന്നാല്‍ വിദേശത്തുനിന്നുള്ളതോ വിലകൂടിയതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുക എന്നുമല്ല. ഇന്ത്യയില്‍, വേനല്‍ക്കാലത്ത് മാമ്പഴവും, ശൈത്യകാലത്ത് കിഴങ്ങുവര്‍ഗ്ഗങ്ങളും, മണ്‍സൂണില്‍ ഇലക്കറികളും ഒക്കെ ഗുണകരമാണ്.

പ്രമേഹരോഗികള്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ തിരഞ്ഞെടുക്കണം. പ്രായമായവര്‍ക്ക് നാരുകള്‍ അടങ്ങിയ മൃദുവായ ഭക്ഷണങ്ങള്‍ ആവശ്യമായി വന്നേക്കാം. കുട്ടികള്‍ക്ക് വളര്‍ച്ചയ്ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ വേണം. പഴങ്ങള്‍ ജ്യൂസ് അടിക്കുമ്പോള്‍ നാരുകള്‍ നഷ്ടപ്പെടുകയും പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യുന്നു. മുഴുവന്‍ പഴങ്ങളും പച്ചക്കറികളും ചവച്ചരച്ച് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ക്ക് പകരമാവില്ല സ്മൂത്തികള്‍. ചവച്ചരച്ച് കഴിക്കുന്നത് സംതൃപ്തി നല്‍കുന്നതിനും ദഹനത്തിനും അത്യന്താപേക്ഷിതമാണ്.

കുട്ടിക്കാലത്തെ പോഷകാഹാരക്കുറവ്, അമിതവണ്ണം, ജീവിതശൈലിയുമായി ബന്ധപ്പെട്ട കുറവുകള്‍ എന്നിവ പരിഹരിക്കുന്നതിന് വിദഗ്ദ്ധര്‍ ഈ സമീപനം ശുപാര്‍ശ ചെയ്യുന്നു. സ്‌കൂളിലെ ഉച്ചഭക്ഷണപരിപാടികളിലും ആശുപത്രിയിലെ ഭക്ഷണത്തിലും റെയിന്‍ബോ ഡയറ്റ് ഉള്‍പ്പെടുത്താനും അവര്‍ നിര്‍ദ്ദേശിക്കുന്നു.

(പൊതുവായ വിവരങ്ങൾ മാത്രമാണിവ. ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ മാത്രം ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തുക)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi