നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും സുലഭമായി ലഭിക്കുന്ന നാടന്‍ പഴങ്ങളിലൊന്നാണ് പേരയ്ക്ക. പ്രകൃതിയുടെ ഗുണവും രുചിയുമുളള ഈ ഫലം ശരീരത്തിന് ഏറെ ഗുണകരവുമാണ്. പിങ്ക് നിറത്തിലും, വെളള നിറത്തിലും ധാരാളമായി ലഭിക്കുന്ന പേരയ്ക്ക, പ്രമേഹത്തിനും നല്ലതാണ്. ശരീരത്തിന് ആവശ്യമുള്ള ഫൈബര്‍, വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് പേരയ്ക്ക. എന്നാല്‍ പ്രമേഹരോഗികളെ സംബന്ധിച്ചെടുത്തോളം  പേരയ്ക്കകളിൽ പിങ്ക് നിറത്തിലുളളതാണോ വെളുത്ത നിറത്തിലുളളതാണോ കൂടുതല്‍ നല്ലതെന്ന ആശങ്കയുണ്ട്.

To advertise here,

പിങ്ക് നിറത്തിലും, വെളള നിറത്തിലുമുളള പേരയ്ക്കകൾക്ക് വ്യത്യസ്തമായ ഗുണങ്ങളുണ്ടെന്ന് ഡയറ്റീഷ്യന്‍സ് പറയുന്നു. പിങ്ക് പേരയ്ക്കയില്‍ ലൈകോപ്പീന്‍ എന്ന ആന്റിഓക്‌സിഡന്റ് കൂടുതലാണ്. അത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ യുടെ കലവറകൂടിയാണ് ഇവ. വെളുത്ത പേരയ്ക്കയില്‍ വിറ്റാമിന്‍ ഇ യും ഫൈബറും അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിന്റെ പ്രതിരോധശേഷിയും ദഹനവും മെച്ചപ്പെടുത്തുന്നു.

രണ്ടിനം പേരയ്ക്കകള്‍ക്കും ധാരാളം പോഷകഗുണങ്ങളുണ്ട്. പിങ്ക് പേരയ്ക്കയില്‍ കൂടുതലുള്ള ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. അതുവഴി രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളില്‍ ഏറെ ഗുണം ചെയ്യും.  പിങ്ക് പേരയ്ക്ക മധുരമുള്ളതാണെങ്കിലും അതിൽ കാണപ്പെടുന്ന ഫൈബര്‍, ആ മധുരത്തിന്റെ ഗ്ലൂക്കോസ് ഇഫക്റ്റ് ബാലന്‍സ് ചെയ്യുന്നു.

പേരയ്ക്ക തൊലിയോടു കൂടി കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതിലൂടെ ശരീരത്തിന് ആവശ്യമായ ഫൈബര്‍ ലഭിക്കുന്നു. അതുകൊണ്ട് ഇടയ്ക്കിടെ വിശപ്പ് അനുഭവപ്പെടില്ല. ഇതുവഴി ഭക്ഷണത്തിനുശേഷം അനാവശ്യമായി ലഘുഭക്ഷണങ്ങൾ കഴിക്കുന്ന ശീലം കുറയ്ക്കാന്‍ കഴിയും.  

പ്രമേഹത്തിന്
പ്രമേഹരോഗികള്‍ക്ക് പിങ്ക് പേരയ്ക്കയാണ് കൂടുതല്‍ നല്ലത്. അതില്‍ അടങ്ങിയിട്ടുളള ഫൈബറും ആന്റിഓക്‌സിഡന്റുകളും രക്തത്തിലെ പഞ്ചസാരയുടെ നില നിയന്ത്രിക്കാന്‍ സഹായിക്കുന്നു, വെളുത്ത പേരയ്ക്കയും നല്ലതാണ്, പക്ഷേ അതില്‍ ഫൈബറിന്റെ അളവ് താരതമ്യേന കുറവാണ്.

പ്രമേഹരോഗികള്‍ക്ക് ദിവസവും ഒന്നോ രണ്ടോ പേരയ്ക്ക കഴിക്കുന്നത് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. പേരയ്ക്ക വേവിക്കാതെ പഞ്ചസാര ചേര്‍ക്കാതെ തൊലിയോടുകൂടി കഴിക്കുന്നതാണ് ഉത്തമം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi