
മുട്ടുവേദന; പ്രതീകാത്മകചിത്രം (എഐ)
വാര്‍ധക്യത്തിലെ മുട്ടുവേദനകള്‍ കൂടുതലും എല്ലുതേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധി ആണ് കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും കൂടിച്ചേരുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ വകഭേദമുണ്ട്. അതുകൊണ്ടാണ് സാധാരണ എല്ലുകള്‍ തമ്മിലുരസുമ്പോള്‍ സന്ധിയില്‍ വേദന ഉണ്ടാകാത്തത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോള്‍ കാല്‍മുട്ടില്‍ വേദന അനുഭവപ്പെടും.
കാരണങ്ങള്‍
പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണമായ കാരണം. ഇതുകൂടാതെ രക്തസ്സംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിന് കാരണമാകാം.
രോഗലക്ഷണങ്ങളും ചികിത്സയും
കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരും ആണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വേദന മാത്രമല്ല, കാല് വളയുന്നതിനും ഇത് കാരണമാകുന്നു. ഏതെങ്കിലും ഒരു ഭാഗത്തുള്ള തരുണാസ്തി കൂടുതലായി തേയുന്നതാണ് വളവിന്റെ കാരണം.
പ്രാരംഭ ഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗ്ഗം. അമിത ശരീരഭാരം നിയന്ത്രിക്കുന്നത് തേയ്മാനം തടയുവാന്‍ സഹായകമാകും. രക്തസംബന്ധമായതും അണുബാധ മൂലവുമുള്ള ആര്‍ത്രൈറ്റിസുകള്‍ തുടക്കത്തിലേ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പു വരുത്തണം.

കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ
കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ എന്താണ് ശരിക്കും ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ ചോദിക്കാറുണ്ട്. വേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണ് കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചു മാറ്റുന്നു. പകരം ലോഹ നിര്‍മ്മിതമായ ഇംപ്ലാന്റുകള്‍ ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കുവാന്‍ മിനുസമേറിയതും എന്നാല്‍ കട്ടി കൂടിയതുമായ പോളി എത്തീലീന് പ്ലാസ്റ്റിക് ഘടിപ്പിക്കുന്നു. പേശികളുടെയും ലിഗമെന്റുകളുടെയും മുറുക്കം അയച്ചുവിടുവാന് ആവശ്യമായ കാര്യങ്ങളും അതോടൊപ്പം ചെയ്യുന്നു. വളവു നിവര്‍ത്തുവാന്‍ ആനുപാതികമായ അളവില്‍ ആയിരിക്കും ഇത് ചെയ്യുക.
മുട്ട് തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് സന്ധി മാറ്റിവയ്ക്കുന്നത്. ഇതിനായി അരയ്ക്കു കീഴ്പോട്ട് മരവിപ്പിക്കുന്ന സ്പൈനല്‍ അനസ്തേഷ്യ ആണ് പൊതുവെ നല്‍കാറുള്ളത്. സാധാരണ ഗതിയില്‍ അടുത്ത ദിവസം തന്നെ രോഗിക്ക് കാല് ഊന്നി നടക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് തുന്നലുകള്‍ എടുത്തതിനു ശേഷം മുറിവിന്റെ ഭാഗം നനയ്ക്കാം.
റോബോട്ടിക് ശസ്ത്രക്രിയ
കാല്‍മുട്ടിലെയും ഇടുപ്പിലെയും സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ റോബോട്ടുകളുടെ സഹായത്തോടുകൂടി ചെയ്യുന്നത് ഈ മേഖലയിലെ പുതിയ കാല്‍വയ്പ്പാണ്. റോബോട്ടുകള്‍ ഓപ്പറേഷനില്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലരുടെയും സംശയമാണ്. ഓപ്പറേഷന് തിയേറ്ററിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിക്കാവുന്ന റോബോട്ടിക് മെഷീന് സര്‍ജനോടൊപ്പം രോഗിയുടെ സമീപം നിലയുറപ്പിക്കുന്നു. രോഗിയുടെ കാല്‍മുട്ടിന്റെ പൊസിഷന്‍ മനസ്സിലാക്കുവാന്‍ വേണ്ടിയുള്ള ക്യാമറകള്‍, സര്‍ജനോ അല്ലെങ്കില്‍ സഹായിക്കോ കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ ആവശ്യമായ മോണിറ്റര്‍, എല്ലുകള്‍ ആവശ്യാനുസരണം മുറിക്കുവാനുള്ള ഉപകരണം (saw/burr) ഘടിപ്പിച്ച യന്ത്ര കൈ എന്നിവയാണ് റോബോട്ടിന്റെ പ്രധാനഭാഗങ്ങള്‍. എല്ലുകളുടെ അഗ്രഭാഗങ്ങള്‍ ഏത് അളവില്‍ കട്ട് ചെയ്യണം എന്നത് സര്‍ജന്റെ തീരുമാനമാണ്. റോബോട്ടിക് സംവിധാനത്തില്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ നാവിഗേഷന്‍ സോഫ്റ്റ് വെയര്‍ ഇതിന് സര്‍ജനെ സഹായിക്കുന്നു.
സര്‍ജറിയുടെ ആദ്യഘട്ടത്തില്‍ സര്‍ജനും സഹായികളും ചേര്‍ന്ന് മുട്ട് ശസ്ത്രക്രിയയിലൂടെ തുറന്ന് ഉള്‍ഭാഗം പരിശോധിച്ച് എല്ലുകളില്‍ സെന്‍സറുകള്‍ സ്ഥാപിക്കുകയും റോബോട്ടിന്റെ റഫറന്സിംഗിന് വേണ്ടി സെന്‍സര്‍ പെന്‍ ഉപയോഗിച്ച് മാര്‍ക്ക് ചെയ്യുകയും ചെയ്യും. തുടര്‍ന്ന് റോബോട്ടിന്റെ യന്ത്ര കൈ കാല്‍മുട്ടിലേക്ക് അടുപ്പിച്ച് കൊടുക്കുമ്പോള്‍, നേരത്തെ നിശ്ചയിച്ച അളവില്‍ എല്ലുകളുടെ അഗ്രഭാഗം റോബോട്ട് മുറിക്കുന്നു. ഈ പ്രക്രിയ സര്ജന് നിയന്ത്രിക്കാം. ഇംപ്ലാന്റുകള്‍ താല്‍ക്കാലികമായി വച്ചു നോക്കി ആവശ്യമെങ്കില്‍ എല്ലുകള്‍ മുറിച്ചതിന്റെ അളവ്, ആംഗിള്‍ എന്നിവ സൂക്ഷ്മമായ തോതില്‍ വീണ്ടും മാറ്റാവുന്നതാണ്. കാല്‍മുട്ട് ശസ്ത്രക്രിയ വിജയിക്കാന്‍ ഈ അളവുകളില്‍ കൃത്യത വളരെ സുപ്രധാനമാണ് എന്നതിനാല്‍ സര്‍ജന്റെ പരിചയസമ്പത്തും റോബോട്ടിന്റെ കൃത്യതയും സഹായകമാകുന്നു. റോബോട്ടിന്റെ ചലനങ്ങള്‍ കമ്പ്യൂട്ടര്‍ നിയന്ത്രിക്കുന്നതിനാലും അതോടൊപ്പം സര്‍ജന്റെ മേല്‍നോട്ടം ഉള്ളതിനാലും എല്ലുകള്‍ക്ക് ചുറ്റുമുള്ള ഞരമ്പുകള്‍, രക്തക്കുഴലുകള്‍, ലിഗമെന്റുകള്‍ മുതലായവയ്ക്ക് പരിക്ക് പറ്റുവാനുള്ള സാധ്യത കുറയുന്നു. മെഷീന് ലേണിംഗ് / ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ സാങ്കേതിക വിദ്യകള്‍ കൂടി ചേരുമ്പോള്‍ ഭാവിയില്‍ റോബോട്ടിക് സര്‍ജറിയുടെ സാധ്യത വിപുലമാകും.
(പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ലേഖകന്‍)
Published: 10 Jun 2025, 02:59 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented