ലോകാരോഗ്യ സംഘടനയുടെ സഹകരണ സംഘടനയായ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (GINA) 2025 മെയ് 6 ലോക ആസ്തമ ദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ പ്രമേയം 'എല്ലാവര്‍ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക' എന്നതാണ്. ആസ്തമ രോഗത്തെ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ 'ഇന്‍ഹേലര്‍' മരുന്നുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

To advertise here,

260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയേതര രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ അതുപോലെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണമോ ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത്  രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കും പ്രതിരോധിക്കാന്‍ കഴിയുന്ന രോഗത്തെ മരണത്തിലേക്കും നയിക്കുന്നു.

ആസ്തമ രോഗ പ്രതിരോധം 

വായുമലിനീകരണം, തണുത്ത വായു, പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തു പക്ഷികള്‍, പക്ഷികളുടെ വിസര്‍ജ്ജനം, ഫംഗസ് എന്നിവയെല്ലാം ആസ്ത്മരോഗത്തിന് പ്രേരകമാകുന്ന ഘടകങ്ങളാണ്. സുഗന്ധദ്രവ്യങ്ങള്‍, സിഗരറ്റ്, മെഴുകുതിരികള്‍, ധൂപവര്‍ഗ്ഗങ്ങള്‍,  പടക്കങ്ങള്‍ എന്നിവയും ആസ്മയിലേക്ക് നയിച്ചേക്കാം. ഇവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നതാണ് പ്രതിരോധത്തില്‍ പ്രധാനം. 

ചുറ്റുപാടും പൊടി രഹിതമായി സൂക്ഷിക്കുക, ന്യൂമോണിയ, ഫ്‌ലൂ തുടങ്ങിയവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുക. കൃത്യമായി ഇന്‍ഹേലര്‍ മരുന്നുകള്‍ എടുക്കുക എന്നീ നടപടികളും പിന്തുടരണം. 

ലക്ഷണങ്ങള്‍ 
* ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ / ശബ്ദത്തോടെയുള്ള ശ്വസനം (ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ചൂളമടിക്കുന്ന ശബ്ദം), 
* വരണ്ട ചുമ (രാത്രികാലങ്ങളിലോ, അതിരാവിലെയോ വഷളാകുന്ന സ്ഥിരമായ ചുമ)
*  നെഞ്ച് ഇറുകുന്ന അവസ്ഥ

രോഗനിര്‍ണ്ണയം 
ശാരീരിക പരിശോധനയോടൊപ്പം തന്നെ നെഞ്ചിന്റെ എക്‌സ്‌റെ, ശ്വാസകോശ പ്രവര്‍ത്തന പരിശോധനകളായ സ്‌പൈറോമെട്രി, അലര്‍ജി ടെസ്റ്റ്, കഫത്തിലും രക്തത്തിലും ഈസിനോഫീലിന്റെ അളവ് തുടങ്ങിയ പരിശോധനകള്‍ ചെയ്യേണ്ടതായി വരാം. ഇത് ആസ്തമയുടെ തീവ്രതയും നിയന്ത്രണവും വിലയിരുത്താന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു.

ചികിത്സ
ആസ്തമ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. എന്നാല്‍, നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ചികിത്സകള്‍ ലഭ്യമാണ്. ഇന്‍ഹേലര്‍ ഉപയോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലേക്ക് നേരിട്ട് മരുന്ന് എത്തുന്നു. ആസ്തമ രോഗികള്‍ക്ക് സാധാരണവും സജീവവുമായ ജീവിതം നയിക്കുന്നതിനായി ഇന്‍ഹേലറുകള്‍ വളരെയധികം സഹായിക്കും.

ഇന്‍ഹേലറുകള്‍ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്.

1. ബ്രോങ്കോ ഡയലേറ്റര്‍ (Salbutamol പോലെയുള്ളവ). വായു മാര്‍ഗ്ഗങ്ങള്‍ തുറക്കാനും രോഗലക്ഷണങ്ങള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
2. സ്റ്റിറോയ്ഡുകള്‍. വായു മാര്‍ഗ്ഗങ്ങളിലെ വീക്കം കുറച്ച് ആസ്തമ രോഗം തീവ്രതയില്‍ എത്തുന്നത് തടയുകയും മരണസാദ്ധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. ആസ്തമ രോഗികള്‍ ദിവസവും ഇന്‍ഹേലറുകള്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം. രോഗ ലക്ഷണങ്ങളുടെ ആവര്‍ത്തിയും ലഭ്യമായ ഇന്‍ഹേലറുകളുടെ തരവും ആശ്രയിച്ചായിരിക്കും  ചികിത്സ.

ആസ്തമയുടെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ 

നന്നായി നിയന്ത്രണവിധേയമാക്കുകയാണെങ്കില്‍ ആസ്തമ മൂലമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. എന്നിരുന്നാലും രോഗലക്ഷണങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇത് ആരോഗ്യത്തെയും ജീവിത നിലവാരത്തെയും പ്രതികൂലമായി ബാധിക്കാം. പ്രധാനമായും ശ്വാസനാളങ്ങളുടെ വീക്കം (Airway remodelling)  ദീര്‍ഘകാല അടിസ്ഥാനത്തില്‍ ശ്വസനം കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ആസ്തമ നിയന്ത്രണ വിധേയമല്ലാത്ത ആളുകളില്‍ ഇടയ്ക്കിടെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ ആശുപത്രി സന്ദര്‍ശനം വേണ്ടി വന്നേക്കാം. അതുപോലെതന്നെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയാനും സാധ്യത കൂടുതലാണ്.

ദീര്‍ഘകാല ആസ്തമ, ദൈനംദിന പ്രവര്‍ത്തനങ്ങളെയും ജോലി, ഉറക്കം, വ്യായാമം എന്നിവയെയും പ്രതികൂലമായി ബാധിച്ചേക്കാം. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ചികിത്സയോട് പ്രതികരിക്കാത്ത ആസ്തമ ആവര്‍ത്തിച്ചുള്ള അണുബാധകള്‍ അല്ലെങ്കില്‍ ശ്വസന പരാജയം തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം. ആസ്തമ പൂര്‍ണ്ണമായും ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയില്ല. പക്ഷേ, ശരിയായ ഇന്‍ഹേലറിന്റെ ഉപയോഗവും അതിനോടൊപ്പം തന്നെ ആസ്തമ രോഗത്തിന്റെ പ്രേരണഘടകങ്ങള്‍ മനസ്സിലാക്കി അവ ഒഴിവാക്കിക്കൊണ്ട് രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.