സൂപ്പര്‍താരങ്ങളായ മാതാപിതാക്കളുടെ മക്കളായതുകൊണ്ടുമാത്രം സിനിമയില്‍ പിടിച്ചുനില്‍ക്കുന്നവരാണ് പുതുമുഖതാരങ്ങളില്‍ ഏറെയുമെന്ന് പരക്കെ അഭിപ്രായമുണ്ട്. മുന്‍ഗാമികളുടെ പ്രകടനത്തിനൊപ്പം അവര്ക്കെത്താനാവുന്നില്ലെന്നും. സെയ്ഫ് അലി ഖാന്റെ മകന് ഇബ്രാഹിം അലി ഖാന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് അടുത്തിടെയാണ്. ആദ്യചിത്രമായ 'നദാനിയാനി'ല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു ഇബ്രാഹിമിന്. മുത്തശ്ശിയും സെയ്ഫ് അലിഖാന്റെ അമ്മയുമായ ശര്‍മിള ടാഗോര്‍ പോലും ഇബ്രാഹിമിന് നല്ലരീതിയില്‍ ചിത്രം ചെയ്യാനായില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇബ്രാഹിമിനുനേരെ സഹതാപം ചൊരിയുകയാണ് പ്രേക്ഷകര്‍.
ജനനസമയത്ത് തനിക്ക് മഞ്ഞപ്പിത്തമുണ്ടായിരുന്നെന്നും അത് തലച്ചോറിനെ ബാധിച്ചെന്നും ഇബ്രാഹിം വെളിപ്പെടുത്തിയപ്പോഴായിരുന്നു ഇത്. കേള്‍വിശക്തിയേയും സംസാരശേഷിയേയും അത് ബാധിച്ചു. സംസാരശേഷി മെച്ചപ്പെടുത്തിയെടുക്കാന്‍ കോച്ചുമാരുടെയും തെറാപ്പിസ്റ്റുകളുടെയും സഹായം നിരന്തരം തേടേണ്ടിവന്നു. കുഞ്ഞായിരിക്കുമ്പോള്‍ നല്ലരീതിയില്‍ സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു. ഇപ്പോഴും അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണെന്നും ജിക്യുവിന് നല്കിയ അഭിമുഖത്തില്‍ ഇബ്രാഹിം വെളിപ്പെടുത്തി.
സംസാരശേഷിക്ക് കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും അച്ഛനമ്മമാര്‍ ഇബ്രാഹിമിനെ ഇംഗ്ലണ്ടിലെ ബോര്‍ഡിങ് സ്കൂളിലയച്ചു. അവിടെവെച്ചാണ് ഒരു പരിവര്‍ത്തനത്തിനു വിധേയമായതെന്ന് ഇബ്രാഹിം പറയുന്നു. ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി എന്നനിലയില്‍ തുടക്കത്തില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നു. പിന്നീട് കായികമത്സരങ്ങളില്‍ പങ്കെടുത്തും കൂട്ടുകാരെ സമ്പാദിച്ചും സ്കൂള്‍ജീവിതം മികച്ചതാക്കാനായി. ഇത്രയും വലിയൊരു കുടുംബത്തില്‍ നിന്നുള്ള വ്യക്തിയായിട്ടും വെല്ലുവിളികള്‍ താന്‍ സ്വയം മറികടക്കേണ്ടിവന്നെന്നും ഇബ്രാഹിം പറയുന്നു.
'14 വയസ്സില്‍ സംസാര വൈകല്യങ്ങളുമായി മല്ലിടുന്നതിനിടയില്‍ വിദേശരാജ്യത്തെ ബോര്‍ഡിങ് സ്കൂളില്‍ പൊരുത്തപ്പെടാന്‍ അത്ര എളുപ്പമായിരുന്നില്ല. പിന്നീട് ജീവിതത്തോടുള്ള എന്റെ കാഴ്ചപ്പാടുമാറി, എന്റെ വ്യക്തിത്വം മെച്ചപ്പെട്ടു'-ഇബ്രാഹിം പറഞ്ഞു. സംസാരം മെച്ചപ്പെടുത്താന്‍ സാധിച്ചതിന് ബോര്‍ഡിങ് സ്കൂളിനോടാണ് അദ്ദേഹമെന്നും നന്ദി പറയുന്നത്.
സെയ്ഫ് അലി ഖാന്റെ മൂത്ത മകനാണ് ഇബ്രാഹിം. 'സര്‍സമീന്‍' ആണ് ഇബ്രാഹിമിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കാജോളും പൃഥ്വിരാജ് സുകുമാരനും ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു.
Content Highlights: ibrahim ali khan reveals jaundice affected his brainstem
Published: 14 May 2025, 12:07 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented