സന്തോഷം എങ്ങനെ കണ്ടെത്തും, എങ്ങനെ അനുഭവിക്കും...അത് ലഹരി പോലുള്ള കുറുക്കു വഴികളാണോ.. അതോ ആരോഗ്യകരമല്ലാത്ത ജീവിതരീതികളോ... ഇവയൊന്നും എക്കാലവും നമ്മളെ ആനന്ദിപ്പിക്കില്ലെന്നു അറിയാമെങ്കിലും ആളുകളേറെയും ഈ എളുപ്പവഴികള്‍ തേടുന്നവരാണ്. എന്നാല്‍ ചിലരെങ്കിലും മാറ്റത്തിന്റെ വഴിയേ നടക്കുന്നുണ്ട്. അത്  ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ചില തിരഞ്ഞെടുക്കലുകളുമാവാം. വിഷാദ ചിന്തകളെ ഒഴിവാക്കിയുള്ള ജീവിതമോ നല്ല സുഹൃത്തുക്കളെ കണ്ടത്തലോ നല്ല ഭക്ഷണമോ യാത്രകളോ വായനയോ എന്തുമാവാം.  അത്തരം ജീവിതശൈലികളിലേക്കുള്ള യാത്ര ഒട്ടും എളുപ്പമല്ല താനും.  ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്ന ഇത്തരം വ്യത്യസ്തമായ ജീവിതശൈലികള്‍ പരിശീലിക്കുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. മനോനിറവ്, ലളിത ജീവിതം... എന്നിങ്ങനെ സന്തോഷത്തിനുള്ള മാര്‍ഗങ്ങള്‍ ആധുനിക മനുഷ്യന്‍ കണ്ടെത്തുന്നുണ്ട്. 

സന്തോഷം നിറയ്ക്കും മനോനിറവ്

ഭാരതീയ പാരമ്പര്യത്തില്‍ വേരുകളുണ്ടെങ്കിലും സെന്‍ ബുദ്ധിസ്റ്റ് പാരമ്പര്യമാണ് മനോനിറവ് (Mindfullnsse) എന്ന ആശയത്തിന് പിന്നില്‍. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും സന്തോഷകരം അല്ലെങ്കില്‍ ദുഖകരം എന്നു വിവേചിക്കാതെ അതിനെ മൂല്യനിര്‍ണയം നടത്താതെ പരിപൂര്‍ണമായി ഓരോ നിമിഷവും ആസ്വദിക്കുക എന്നതാണ് ഈ ജീവിത രീതിക്കു പിന്നില്‍. ബുദ്ധ സന്യാസിമാര്‍ ജീവിതചര്യയാക്കിയ ഒന്നാണെങ്കിലും അമേരിക്കയിലെ മാസച്യുസെറ്റ് സര്‍വകലാശാലയിലെ ഡോ. ജോണ്‍ കബാര്‍ട്ട്‌സിന്‍ എന്ന് വൈദ്യശാസ്ത്ര വിദഗ്ധനാണ് ഇതിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തിയത്. ദീര്‍ഘകാലമായി പലതരം രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ഒരു സംഘം രോഗികളെ ഡോ. ജോണും സംഘവും എട്ടാഴ്ച നീണ്ട് നില്‍ക്കുന്ന mindfulness based stress reduction എന്ന് പരിശീലനത്തിന് വിധേയരാക്കി. ഇതില്‍ പലതരം ധ്യാനങ്ങളും വ്യായാമങ്ങളും ശ്വസനവ്യായാമങ്ങളുമൊക്കെയുണ്ടായി. എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനത്തിലൂടെ ആരുടെയും രോഗം കുറയുകയല്ല ചെയ്തത്, പകരം രോഗത്തിന്റെ വേദനയും അസ്വസ്ഥതകളും സഹിക്കാനുള്ള കഴിവ് അവര്‍ക്ക് ലഭിച്ചു. ഉറക്കം മെച്ചപ്പെട്ടു. ചുറ്റുമുള്ളവരോടുള്ള ആശയവിനിമയ രീതിയില്‍ വ്യത്യാസമുണ്ടായി. ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു. ഇന്ന് കോര്‍പ്പറേറ്റ് മേഖലകളിലും മറ്റും ഈ മൈന്‍ഡ്ഫുള്‍നസ്സ് ജീവിത രീതി വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട.  

ജീവിതത്തിലെ സന്തോഷം കെടുത്തിക്കളയുന്ന രണ്ട് കാര്യങ്ങള്‍ ഒന്ന് കഴിഞ്ഞുപോയ കാര്യങ്ങളെപ്പറ്റിയുള്ള നിരാശയും രണ്ട് വരാന്‍ പോകുന്ന കാലത്തെ പറ്റിയുള്ള ആകുലതയുമാണ്.  ഇവ രണ്ടില്‍ നിന്നും മനസ്സിനെ മോചിപ്പിച്ച് വര്‍ത്തമാനകാലത്തിലേക്ക് മനസ്സിനെ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നതാണ് മൈന്‍ഡ്ഫുള്‍നെസ്സ്. മനോനിറവിന് പല തലങ്ങളുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കുക, നമ്മുടെ പെരുമാറ്റരീതികള്‍ നല്ലതാക്കുക, വേദന കുറയ്ക്കുക, ഉത്തരവാദിത്തങ്ങള്‍, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ് എന്നിവയുടെ പൊളിച്ചെഴുത്ത് എന്നിവയാണ് മനോനിറവ് ജീവിതശൈലി സ്വീകരിക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍. 

മനോനിറവ് പരിശീലനം തുടങ്ങുന്നതിന് മുമ്പ്

  • എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും മനോനിറവ് വ്യായാമങ്ങള്‍ ചെയ്യാം. അതിനായി പ്രത്യേക ഇരിപ്പിടമോ മുറിയോ ഒന്നും ആവശ്യമില്ല. 
  • മനസ്സിനെ ശാന്തമാക്കുക എന്നതല്ല... അല്ലെങ്കില്‍ നിങ്ങളെ ഈ ലോകത്തുനിന്നും അകറ്റി നിര്‍ത്തുക എന്നതല്ല. പഴയകാലത്തെയും വരാനിരിക്കുന്നകാലത്തിനെയും പറ്റിയുള്ള ആകുലതകളില്ലാതെ ഇപ്പോഴുള്ള സമയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മനോനിറവ് പഠിപ്പിക്കുന്നത്
  • ഒറ്റചിന്തയിലേക്ക് തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസ്സ് പലകാര്യങ്ങളിലേക്കും വഴുതിപ്പോകുന്നത് സാധാരണമാണ്. എന്നാല്‍ ഓരോ തവണയും മനസ്സ് ചുറ്റിത്തിരിയുകയാണെന്നും തിരിച്ച് ചിന്തിക്കേണ്ട കാര്യത്തിലേക്ക് വരണമെന്ന ബോധ്യമുണ്ടാവുകയും ചെയ്താല്‍ മാത്രം മതി. പലതവണ മനസ്സിനെ ഇങ്ങനെ തിരിച്ചു കൊണ്ടുവരുമ്പോള്‍ പതിയെ മനസ്സ് കൈപ്പിടിയിലെത്തും. 
  • മുന്‍വിധികളില്ലാതിരിക്കുക എന്നതാണ് അടുത്തഘട്ടം. മനസ്സിനെ വര്‍ത്തമാനകാലത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴെല്ലാം മറ്റുള്ളവരെന്തു ചിന്തിക്കും എന്ന ചോദ്യം തലച്ചോറില്‍ ഉയര്‍ന്നു തുടങ്ങും. ഇതിനെ കീഴടക്കുകയാണ് മനോനിറവിലെ ഏറ്റവും വിഷമമേറിയ ഘട്ടമെന്ന പറയാം. 
  • ഒരോ തവണയും ചുറ്റിത്തിരിയുന്ന മനസ്സിനെ നമ്മള്‍ ഉദേശിക്കുന്നിടത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ് മനോനിറവ് ജീവിതശൈലിയുടെ വിജയം. അങ്ങനെ മനസ്സിന്റെ നിയന്ത്രണം നേടിയെടുക്കാനാവും. 

എങ്ങനെ പരിശീലിക്കാം

  1. സ്വസ്ഥമായി ഇരിക്കാനൊരു സ്ഥലം കണ്ടുപിടിക്കുക. 
  2. സമയം ക്രമീകരിക്കാം, അഞ്ച് മിനിറ്റ് മുതല്‍ 15 മിനിറ്റ് വരെയാവാം.
  3. ഇരിക്കുന്ന രീതിയില്‍ ശ്രദ്ധവേണം. എങ്ങനെയാണ് ഇരിക്കുന്നതെങ്കിലും ശരീരത്തിന് ആയാസമില്ലാതെ മടുപ്പു തോന്നാത്ത വിധത്തില്‍ ഇരിക്കാം.
  4. ശ്വാസോച്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം.
  5. മനസ് ചുറ്റിത്തിരിയാന്‍ തുടങ്ങുന്നത് എപ്പോഴൊക്കെയാണെന്ന് കണ്ടെത്തി തിരിച്ച് വരാന്‍ ശ്രമിക്കുക.
  6. മനസ്സിനെ കൈപ്പിടില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നതില്‍ കുറ്റബോധം വേണ്ട. ഒരോ തവണയും തിരിച്ചു വരാന്‍ കഴിയുന്നതു തന്നെ നിങ്ങളുടെ വിജയമാണ്. 

മനോനിറവിന്റെ പലതലങ്ങള്‍ 

മനോനിറവ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന പല മേഖലകളുണ്ട്.

മൈന്‍ഡ്ഫുള്‍ വെയ്ക്ക് അപ്പ്

നമ്മുടെ പല സ്വഭാവങ്ങളുടെയും രൂപികരണത്തിന് പിന്നില്‍ ഉപബോധമനസാണ് പ്രവര്‍ത്തിക്കുക. അത് പലതരം വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേഷ്യം, സങ്കടം, നിരാശ എന്നിങ്ങനെ. എന്നാല്‍ ഇവയെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ഓരോ ദിവസവും മനോഹരമാകും.

  • ഉണരുമ്പോള്‍ തന്നെ കുറച്ച് സമയം ശാന്തമായി കട്ടിലില്‍ തന്നെയിരിക്കുക
  • മൂന്ന് തവണ ദീര്‍ഘമായി നിശ്വസിക്കുക
  • ഇന്നത്തെ ദിവസത്തിന്റെ ഉദേശം എന്താണ് എന്ന് സ്വയം ചോദിക്കുക. നന്നായി ജോലി ചെയ്യണം, മനസ്സിനെ ശാന്തമാക്കി വയ്ക്കണം, സ്വയം ഒരു നല്ല വ്യക്തിയായിരിക്കണം, മറ്റുള്ളവരോട് സ്‌നേഹപൂര്‍വം ഇടപഴകണം.. എന്നിങ്ങനെ എന്തുമാവാം.
  • ആ ഉദേശം കണ്ടെത്തിയാല്‍ ഇന്നത്തെ ദിവസം അത് പ്രാവര്‍ത്തികമാക്കും എന്ന് മനസ്സില്‍ ഉറപ്പിക്കുക.
  • ദിവസം മുഴുവന്‍ ഏത് പ്രവര്‍ത്തി ചെയ്ുമ്പോഴും രാവിലെ നമ്മളെടുത്ത തീരുമാനം നടപ്പാകുന്നുണ്ടോ എന്ന് ആലോചിക്കുക. 

മൈന്‍ഡ്ഫുള്‍ ഈറ്റിങ്
                
തിരക്കില്‍ കൈയില്‍ കിട്ടുന്നതെന്തും വാരിവലിച്ചു തിന്നുന്നത് മനോനിറവ് ശീലങ്ങള്‍ക്കെതിരാണ്. ഭക്ഷണം ആരോഗ്യത്തോടെ ആസ്വദിച്ച് കഴിക്കണമെന്നാണ് നിയമം. വയറു നിറയുന്നതിനൊപ്പം മനസ്സും നിറയണം. 

  • ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ദീര്‍ഘമായി നിശ്വസിക്കുക. കണ്ണുകളടച്ച് എട്ടു മുതല്‍ പത്ത് തവണ സാവധാനത്തില്‍ ശ്വാസോച്വാസം ചെയ്യണം.
  • ഭക്ഷണം കഴിക്കാന്‍ സമയമായോ എന്ന് ശരീരത്തോട് തന്നെ ചോദിക്കാം. നിങ്ങള്‍ മുമ്പ് ഭക്ഷണം കഴിച്ച സമയമനുസരിച്ച് എത്ര ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാം.
  • വിശപ്പിന്റെ തീവ്രതയനുസരിച്ച് വേണം ഭക്ഷണം കഴിക്കാന്‍. ഒട്ടും ഭക്ഷണം വേണ്ട, അല്ലെങ്കില്‍ ഏറെ ഭക്ഷണം വേണം എന്നിങ്ങനെ വിശപ്പിന്റെ തോത് അറിയണം. ഇതനുസരിച്ച് ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം.
  • സാവധാനത്തില്‍ സമാധാനത്തില്‍ നന്നായി ചവച്ചരച്ച് വേണം ഭക്ഷണം കഴിക്കാന്‍
  • ഇഷ്ടമില്ലാത്ത ഭക്ഷണം ഒരിക്കലും നിര്‍ബന്ധപൂര്‍വം കഴിക്കേണ്ടതില്ല. ഭക്ഷണം ആസ്വദിച്ച് കഴിക്കണമെന്നാണ് മനോനിറവിലെ നിയമം.

മൈന്‍ഡ്ഫുള്‍ പോസ്

നമ്മുടെ ജീവിത്തിലെ 95 ശതമാനത്തോളം കാര്യങ്ങളും ശീലങ്ങളാണ്. മാറ്റമില്ലാതെ എന്നും ചെയ്യുന്നത്. ഇത് തലച്ചോറിനെ ബോറടിപ്പിക്കാറുണ്ട്. നമ്മളറിയാറില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം വേഗത്തില്‍ ചെയ്ത് തീര്‍ക്കാനാണ് തലച്ചോര്‍ ശ്രമിക്കുക. മനോനിറവില്‍ സ്ലോ ബ്രെയിന്‍ എന്ന രീതിയാണ് ആവശ്യം. ഏത് കാര്യങ്ങളും ആലോചിച്ച് , ആസ്വദിച്ച് ചെയ്യുക.  ഇതിനായി എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍ക്ക് പുതിയം മാനം നല്‍കണം.

  1. പുതുതായി ചെയ്യാന്‍ തീരുമാനിച്ച ഒരു കാര്യത്തെ പറ്റി സ്റ്റിക്കിനോട്ട്‌സ് വയ്ക്കുന്ന ശീലമുണ്ടോ. അത് വര്‍ക്ക് ഓൗട്ട് ആവാം, മോശം ഭക്ഷണ ശീലങ്ങള്‍ ഒഴിവാക്കുന്നത് ആവാം.. അങ്ങനെയെന്തും. എന്നാല്‍ എല്ലാ ആഴ്ചയും അത്തരം നോട്‌സുകള്‍ മാറ്റി ഒട്ടിക്കണം. എഴുത്തിലും നിറത്തിലുമെല്ലാം വ്യത്യാസം വരട്ടെ. കാരണം തലച്ചോര്‍ പതിയെ ഈ നോട്ടിനെ പറ്റി മറന്നു തുടങ്ങും. പിന്നെ ചെറിയ മടിതോന്നിയാല്‍ നമ്മള്‍ പഴയശീലങ്ങളിലേക്ക് വേഗം തിരിച്ചു പോകും.
  2. ഓരോ കാര്യങ്ങള്‍ ചെയതതിന് ശേഷം അടുത്തതിലേക്ക് പോകുന്നതിന് മുമ്പ് തലച്ചോറിന് ഒരു ഇടവേള നല്‍കാം. അതായത് ഓഫീസ് ഡോറിനടുത്ത് എത്തി അകത്തേക്ക് കയറുന്നതിന് മുമ്പ് ഒന്ന് ദീര്‍ഘമായി നിശ്വസിക്കാം. ഫോണ്‍ എടുക്കുന്നതിന് മുമ്പ്, അടുത്ത് വര്‍ക്കിന് മുമ്പ് എന്നിങ്ങനെ ഓരോ കാര്യങ്ങള്‍ക്കും ഇടയില്‍  ചെറിയൊരു ഇടവേളയിടാം. 

മൈന്‍ഡ്ഫുള്‍ വര്‍ക്ക് ഔട്ട്

സൈക്ലിങ്, ട്രെഡ്മില്‍ വര്‍ക്ക് ഔട്ട്, നടപ്പ്, ഓട്ടം, നീന്തല്‍, നൃത്തം... എല്ലാം വളരെ നല്ല വ്യായാമങ്ങളാണ്. എന്നാല്‍ ഇവ ആസ്വദിക്കുന്നില്ലെങ്കില്‍ അവ നിങ്ങളെ ബിസിയാക്കാനുള്ള മറ്റൊരു വഴി മാത്രമാവും. പതിയെ മടുപ്പിക്കും...

  1. എന്തിനാണ് നമ്മള്‍ ഈ വര്‍ക്ക് ഔട്ട് ചെയ്യുന്നത് എന്നതിനെ പറ്റി കൃത്യമായ ധാരണയുണ്ടാവണം. ഓരോ സ്‌റ്റെപ്പും വയ്ക്കുമ്പോള്‍ ആസ്വദിച്ച് മനസ്സിലേക്കെടുത്ത് വേണം ചെയ്യാന്‍. ഉദാഹരണത്തിന് നീന്തുമ്പോള്‍ കൈകളുടെയും കാലുകളുടെയും ചലനത്തില്‍ ശ്രദ്ധിക്കാം. ശരീരത്തില്‍ തട്ടുന്ന വെള്ളത്തിന്റെ ചലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. 
  2. ഏത് വ്യായാമത്തിന് മുമ്പും അഞ്ച് മിനിറ്റ് വാം അപ്പ് നിര്‍ബന്ധമാണ്. സ്‌ട്രെച്ചിങ്, ജംപിങ് ജാക്‌സ് എന്നിങ്ങനെ എന്ത് ചെയ്യുമ്പോഴും നിങ്ങളുടെ ശ്വാസോച്വാസത്തിനൊപ്പം വേണം ചെയ്യാന്‍
  3. വാം അപ്പ് ചെയ്യുന്നതിനൊപ്പം ശ്വാസോച്വാസത്തില്‍ ശ്രദ്ധവയ്ക്കണം. സ്‌ട്രെച്ചിങ്ങാണ് ചെയ്യുന്നതെങ്കില്‍ അതിനൊപ്പം തന്നെ ഇന്‍ഹേല്‍, എക്‌സ്‌ഹേല്‍ പ്രക്രിയ താളത്തില്‍ നടക്കണം. പത്തോ പതിനഞ്ചോ മിനിറ്റ് ഇത് തുടരാം. രണ്ടും ഒപ്പം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ ശ്വാസോച്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. 
  4. ശീലമായാല്‍ വാം അപ്പ് സ്പീഡില്‍ ചെയ്യാന്‍ ശ്രമിക്കുക. ശ്വാസോച്വാസവും ഒപ്പം തന്നെ കൊണ്ടുപോകുക. 
  5. ഇനി അഞ്ച് മിനിറ്റ് ശാന്തമായി നില്‍ക്കാം. ശരീരം തണുക്കുന്നതും ശ്വാസോച്വാസം സാധാരണനിലയിലാവുന്നതും ശ്രദ്ധിക്കാം. 
  6. വിശ്രമിക്കാം. നിങ്ങളുടെ മനസ്സും ശരീരവും എത്ര ശാന്തമാണെന്ന് ഇപ്പോള്‍ അറിയാം. 

മൈന്‍ഡ്ഫുള്‍ ഡ്രൈവിങ്   

റോഡുകള്‍ ഒരു മത്സരക്കളമോ, യുദ്ധമേഖലയോ മരണക്കളിയോ ഒക്കെയാവുന്നതുപോലെയാണ് നമ്മുടെ ഡ്രൈവിങ് സംസ്‌ക്കാരമിപ്പോള്‍.  ജീവിതത്തിലെ ദേഷ്യമോ നിരാശയോ തീര്‍ക്കാനുള്ള ഇടമാക്കി ഡ്രൈവിങ്ങിനെ മാറ്റുന്നവരുമുണ്ട്. എന്നാല്‍ മനോനിറവ് പരിശീലനം നേടിയ ഒരാള്‍ ഒരിക്കലും ഗതാഗതനിയമങ്ങള്‍ തെറ്റിക്കുകയോ മോശമായി വണ്ടിയോടിക്കുകയോ ചെയ്യില്ല.

  1. ഡ്രൈവിങ് തുടങ്ങുന്നതിന് മുമ്പ് ദീര്‍ഘമായി നിശ്വസിക്കുക. 
  2. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് സ്വയം ചോദിക്കുക. എവിടെ എപ്പോഴെത്തണം, എത്രസമയം കൊണ്ട് എന്നതൊക്കെ മനസ്സില്‍ ഉറപ്പിക്കുക.
  3. നിങ്ങള്‍ ദേഷ്യത്തിലോ ടെന്‍ഷനിലോ ആണെങ്കില്‍ മനസ്സ് ശാന്തമാകും വരെ കാത്തിരിക്കുക. ശേഷം വണ്ടിയെടുക്കുക. ഞാന്‍ എത്ര ശാന്തമാകുന്നോ അത്രയും സുരക്ഷിതമാകും എന്റെയും ചുറ്റുമുള്ളവരുടെയും യാത്ര. അത് എന്നെ സന്തോഷിപ്പിക്കും എന്ന് മനസ്സില്‍ പറഞ്ഞ് ഉറപ്പിക്കുക.
  4. വണ്ടിയൊടിക്കുന്ന മറ്റുള്ളവരെ ശ്രദ്ധിക്കുക. അവരും നിങ്ങളെപ്പോലെ തന്നെയാണെന്നും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തേണ്ടവരാണെന്നും ചിന്തിക്കുക.

ലളിതം സുന്ദരം

ലളിതജീവിതം (Simple Living) ഇന്ന് പഴയൊരു സങ്കല്‍പമല്ല. മഹാത്മാഗാന്ധിയും ബുദ്ധനുമെല്ലാം കാണിച്ചു തന്ന ലളിത ജീവിതം ഇന്നൊരു ഒരു പുതിയ ജീവിതശൈലി തന്നെയായിരിക്കുന്നു. പഴയ ലളിത ജീവിതം ദാരിദ്ര്യത്തെ മുറുകെപ്പിടിക്കുന്നതോ മതവിശ്വാസവുമായി ബന്ധപ്പെട്ടതോ ആയിരുന്നെങ്കില്‍ ഇന്ന് അത് ജീവിതത്തില്‍ അച്ചടക്കം കൊണ്ടുവരാനും സഹജീവികളെ സ്‌നേഹിക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമുള്ള വഴിയായി മാറിയിട്ടുണ്ട്. ദാരിദ്ര്യമല്ല ഈ ആധുനിക ലളിത ജീവിതത്തിന്റെ മുഖമുദ്ര. അനാവശ്യമായ ആഗ്രഹങ്ങളും ഉപഭോഗസംസ്‌ക്കാരത്തിന്റെ മറ്റ് ദുര്‍ശീലങ്ങളും കുറയ്ക്കുക എന്നതാണ്. 

എല്ലാവരും ഒരുപോലെ പിന്തുടരേണ്ട നിയമങ്ങളൊന്നും ഈ ജീവിതശൈലിയിലില്ല. ഓരോരുത്തര്‍ക്കും തങ്ങളുടെ യുക്തിക്കനുസരിച്ച് ജീവിതത്തെ ലളിതമാക്കാം. ഒരാള്‍ക്ക് അത് താന്‍ തനിയെ നനച്ചു വഴര്‍ത്തിയ പച്ചക്കറികള്‍ മാത്രം കഴിക്കുന്ന ശീലമാണെങ്കില്‍ ഒരാള്ക്ക് അത് ആധുനിക ജീവിതസൗകര്യങ്ങള്‍ കുറച്ച് പ്രകൃതിയോടിണങ്ങിയ ജീവിതമാവാം, കൊട്ടാരം പോലുള്ള വീടിന് പകരം ചെറുതും ഒതുങ്ങിയതുമായ വീടാവാം... അങ്ങനെ എന്തും. ജീവിതത്തിലെ സ്ഥാനമാനങ്ങളോ, പണമോ ഒന്നുമല്ല സന്തോഷത്തിന് അടിസ്ഥാനം എന്ന ലഘുതത്വമാണ് ലളിതജീവിത രീതിയിലും പിന്തുടരുന്നത്. 

ഗുണങ്ങള്‍

  1. സ്‌ട്രെസ്സ് കുറയുന്നു
  2. ലളിതമായ ഭക്ഷണരീതി ജീവിതശൈലീ രോഗങ്ങളെ കുറയ്ക്കുന്നു
  3. വര്‍ക്ക്‌ഹോളിക്ക് മനസ്ഥിതി കുറയുന്നതോടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയുന്നു. ബന്ധങ്ങള്‍ ദൃഡമാകുന്നു.
  4. പണച്ചെലവ് കുറയുന്നതോടെ ബാധ്യതകള്‍ കുറയുന്നു
  5. പരിസ്ഥിതി സൗഹൃദമായ ജീവിതത്തിന് വഴിയൊരുക്കുന്നു

എങ്ങനെ സ്വന്തമാക്കാം ലളിത ജീവിതം

1. ഫോണ്‍, ഐപാഡ്, ലാപ്‌ടോപ്പ് എന്നിങ്ങനെ ധാരാളം ഗാഡ്ജറ്റുകളുമായി ബന്ധപ്പെട്ടതാണ് നമ്മുടെ ജീവിതം. ഇവയില്‍ നിന്ന് തന്നെ വേണം ലളിതജീവിതത്തിന് തുടക്കമിടാന്‍

  • മെയിലിലും വാട്‌സാപ്പിലും അങ്ങനെയുള്ള മെസേജിങ് ആപ്പുകളിലെല്ലാം വരുന്ന ആവശ്യമില്ലാത്ത് ന്യൂസ് ലെറ്ററുകള്‍, ഗ്രൂപ്പുകള്‍, നോട്ടിഫിക്കേഷനുകള്‍ എല്ലാം അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാം
  • മെയിലുകള്‍ക്ക് മറുപടികൊടുക്കാന്‍ ദിവസത്തില്‍ ഒരു നിശ്ചിത സമയം നീ്ക്കി വയ്ക്കാം. സോഷ്യല്‍ മീഡിയ ഉപയോഗത്തിനും അങ്ങനെ സമയം ക്രമീകരിക്കണം
  • ഫോണില്‍ നിന്ന് സോഷ്യല്‍ മീഡിയ ആപ്പുകള്‍ നീക്കാം. പകരം അവ കംപ്യൂട്ടറിലോ ലാപ്‌ടോപ്പിലോ മാത്രം ചെക്ക് ചെയ്യുക. 
  • ഡിജിറ്റല്‍ ഡിടോക്‌സിനായി എന്നും സമയം മാറ്റി വയ്ക്കാം. കുറച്ചു സമയം ഫോണ്‍ മാറ്റിവച്ച് എന്തെങ്കിലും വായിക്കുകയോ വെറുതേയിരിക്കുകയോ ഒക്കെ ചെയ്യണം.
  • ഫോണ്‍ അരികില്‍ വച്ച് ഉറങ്ങുന്നത് ഒഴിവാക്കാം.
  •  ഉപയോഗിക്കാത്ത ആപ്പുകള്‍ റിമൂവ് ചെയ്യുക

2. ടെലിവിഷന്‍ കാണുന്ന സമയം കുറയ്ക്കണം. നമ്മളെ ഒരു സാങ്കല്‍പിക ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നതില്‍ ടിവി വലിയ പങ്കു വഹിക്കുന്നുണ്ട്. അതുപോലെ ആവര്‍ത്തിച്ച് കാണുന്ന പരസ്യങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള പ്രേരണയാണ് നല്‍കുന്നത്

  • കുറച്ച് സമയം എന്തെങ്കിലും വായിക്കാനായി മാറ്റി വയ്ക്കുക
  • ജോലിയും തിരക്കുകൊണ്ട് മടുത്ത മനസ്സിനെ കൂടുതല്‍ ശബ്ദവും വെളിച്ചവും നല്‍കുന്നതിലൂടെ വീണ്ടും ക്ഷീണിപ്പിക്കുകയാണ് ടിവി കാണുമ്പോള്‍ നമ്മള്‍ ചെയ്യുന്നത്. 
  • കുറച്ചു സമയം യോഗ, ധ്യാനം പോലുള്ളവയ്ക്കായി മാറ്റി വയ്ക്കാം.
  • ആവര്‍ത്തിച്ച് കാണുന്ന ക്രൈം ന്യൂസുകള്‍, അപകട വാര്‍ത്തകള്‍ എന്നിവ നമ്മള്‍ അറിയാതെ മനസ്സിനെ അസ്വസ്ഥമാക്കുന്നവയാണ്. ഇതും ഒഴിവാക്കാം

3. ആവശ്യങ്ങളറിഞ്ഞ് ചെലവ്കുറച്ചുള്ള ജീവിതം

  • അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടീതിരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാം.
  • ചെലവ് കുറക്കുക എന്നാല്‍ ദാരിദ്ര്യത്തില്‍ ജീവിക്കുക എന്നല്ല. അത്യാഗ്രഹവും അത്യാര്‍ത്തിയും ഇല്ലാതെ ജീവിക്കുക എന്നതാണ്.
  • നിങ്ങള്‍ എങ്ങനെയാണോ അതില്‍ സന്തുഷ്ടനാവുക.
  • യാത്രകള്‍ പോകുക, ആളുകളെ പരിചയപ്പെടുക, വായിക്കുക.. അനുഭവങ്ങള്‍ സമ്പാദിക്കുക
  • പരസ്യങ്ങളില്‍ ആകൃഷ്ടരായി പണം അമിതമായി ചെലവഴിക്കാതിരിക്കുക. ഡിസ്‌കൗണ്ട് സെയില്‍സ് പോലുള്ളവ ലളിതജീവിതത്തിന് എതിരാണ്. 

4. ലളിതജീവിതത്തിന്റെ ഭാഗമല്ല മള്‍ട്ടി ടാസ്‌ക്കിങ്

  • തൊഴിലിടങ്ങളില്‍ മള്‍ട്ടി ടാസ്‌കിങ് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ജോലിഭാരം കൂടും തോറും മാനസികോല്ലാസം കുറയുമെന്നതാണ് സത്യം
  • ഒരു സമയത്ത് ഒരു ജോലി മാത്രം. ചെയ്യുന്നത് വൃത്തിയായും ഭംഗിയായും സമാധാനത്തോടെ സമയബന്ധിതമായി ചെയ്യുക.
  • ഓഫീസ് വര്‍ക്കുകളെ വീട്ടിലേക്ക് കൊണ്ടുപോകേണ്ട. അത് ബന്ധങ്ങളെ ബാധിക്കും.  

കടപ്പാട്: ഡോ. അരുണ്‍ ബി.നായര്‍
പ്രൊഫസര്‍
മാനസികാരോഗ്യ വിഭാഗം, മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം