ലര്‍ജി പലര്‍ക്കും പലവിധത്തിലാണ്. ചിലര്‍ക്ക് സീസണലാകും. മറ്റുചിലര്‍ക്കോ പൂവിന്റെ മണം മുതല്‍ പൂച്ചയുടെ രോമംവരെ അലര്‍ജിയുണ്ടാക്കും. നമുക്ക് ചുറ്റുമുള്ള വസ്തുക്കളോടുള്ള ശരീരത്തിന്റെ അമിതമായ പ്രതിരോധ പ്രതികരണമാണ് അലര്‍ജി. ഓരോ വ്യക്തിയിലും ഓരോ വസ്തുക്കളാണ് അലര്‍ജി ഉണ്ടാക്കുന്നത്. മിക്കവാറും ഈ വസ്തുക്കളുമായി രണ്ടാം തവണ സമ്പര്‍ക്കം ഉണ്ടാവുമ്പോഴാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണുന്നത്.

To advertise here,

ആദ്യ സമ്പര്‍ക്കത്തില്‍ ശരീരം അലര്‍ജനെ തിരിച്ചറിയുകയും അതിനെതിരെയുള്ള പ്രതിവസ്തു നിര്‍മ്മിക്കുകയും ശ്വേതരക്താണുകളെ തയ്യാറാക്കി നിര്‍ത്തുകയും ചെയ്യുന്നു. ഐഇജി(IgE)എന്ന് അറിയപ്പെടുന്ന ആന്റിബോഡികളാണ് ശരീരത്തില്‍ ഉണ്ടാവുന്നത്. ഇവ 'മസ്റ്റ് സെല്‍സ്' എന്നറിയപ്പെടുന്ന രക്തത്തിലെ ബസോഫില്‍ കോശങ്ങളുമായി ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. രണ്ടാം തവണ അലര്‍ജനുമായി സമ്പര്‍ക്കത്തിലാകുമ്പോള്‍ ആന്റിബോഡികള്‍ അലര്‍ജനുമായി പ്രതിപ്രവര്‍ത്തിച്ച് ചില രാസപഥാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നു. തുമ്മല്‍, ശ്വാസതടസ്സം, ദേഹം മുഴുവന്‍ ചൊറിച്ചില്‍, നീര്, ചൊറിഞ്ഞു തിണര്‍ക്കല്‍ എന്നിവയുണ്ടാക്കുന്നു.

ചിലരില്‍ രാസപഥാര്‍ത്ഥത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഇവരില്‍ അനഫൈലറ്റിക് ഷോക്ക് എന്ന മാരക അവസ്ഥ ഉണ്ടാകുന്നു. രക്തസമര്‍ദ്ദം താഴ്ന്നു പോവുക, നാവും തൊണ്ടയും വീങ്ങുക, വയറുവേദന, അതിസാരം, ദേഹം മുഴുവന്‍ ചൊറിഞ്ഞു വീര്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടുക. ഇല്ലെങ്കില്‍ മരണംവരെ സംഭവിക്കാം.

രോഗകാരണങ്ങള്‍ ചിലരില്‍ പാരമ്പര്യമായും കാണാറുണ്ട്.
പൊതുവെ അലര്‍ജിയുണ്ടാക്കുന്ന ചില വസ്തുക്കളുണ്ട്. പ്രാണികള്‍, പൂമ്പൊടി, ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ (പാല്, പാലുത്പന്നങ്ങള്‍, വഴുതനങ്ങ) പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ (കോഴിമുട്ട, മാംസം), വിരുദ്ധ ആഹാരങ്ങള്‍, ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍, ചില ചെടികള്‍, ചില കോസ്മറ്റിക് സാധനങ്ങള്‍, വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നിവയൊക്കെ അലര്‍ജിയുണ്ടാക്കുന്നതാണ്. മുലപ്പാല്‍ കിട്ടാത്ത കുട്ടികളിലും അലര്‍ജി കൂടുതലായി കാണപ്പെടാറുണ്ട്. വ്യായാമം ചെയ്യാത്തവരില്‍ പ്രതിരോധശേഷി കുറവായിരിക്കും. അവരില്‍ പെട്ടെന്ന് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. മല ശോധന കുറവുള്ളവരിലും രക്തദുഷ്ടിയും അലര്‍ജിയും ഉണ്ടാകാറുണ്ട്.

ചൂട്, വിയര്‍പ്പ്, എസി, അമോണിയ, നൈട്രജന്‍, സള്‍ഫര്‍ തുടങ്ങിയ രാസവസ്തുക്കള്‍, കല്‍ക്കരിപ്പൊടികള്‍, ഇരുമ്പ് പൊടി, വൈക്കോല്‍, രസം എന്നിവ വിവിധതരം അലര്‍ജികള്‍ ഉണ്ടാക്കുന്നവയാണ്.
ചിലരില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ കാണപ്പെടാം(ഡസ്റ്റ് അലര്‍ജി), ഒരു മണിക്കൂര്‍ കൊണ്ടും (ഫുഡ് അലര്‍ജി), 5-7 മണിക്കൂര്‍ കഴിഞ്ഞും (ഫുഡ് പ്രിസര്‍വേറ്റീവ് അലര്‍ജി), ദീര്‍ഘ കാലം കൊണ്ട് ലക്ഷണം കാണിച്ച് നീണ്ടു നില്‍ക്കുന്നതുമായ (അലര്‍ജിക് എക്‌സിമ)അലര്‍ജികളുമുണ്ട്.
പൊതുവായ ലക്ഷണങ്ങള്‍
ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസതടസ്സം, സന്ധിവീക്കം, രക്തവാതം, വിളര്‍ച്ച, വയറുവേദന, ഛര്‍ദ്ദി, തലവേദന, വൃക്ക വീക്കം, തലചുറ്റല്‍, കണ്ണുകള്‍ക്ക് ചുവപ്പ് നിറം.
ചികിത്സ
തിക്ത പ്രധാന കഷായങ്ങള്‍, അവിപത്തി ചൂര്‍ണം, വ്യോഷാദി വടകം, ദ്രാക്ഷാരിഷ്ടം, ആയുര്‍വേദ പഞ്ചകര്‍മ്മ എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യാവുന്നതാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi